Photo Credit: Vivo
വിവോ എസ് 30 സീരീസ് സ്മാർട്ട്‌ഫോണുകൾ ഓരോന്നിനും 6,500 എംഎഎച്ച് ബാറ്ററികൾ ലഭിക്കും
ഈ മാസം അവസാനം തങ്ങളുടെ S30 സീരീസ് സ്മാർട്ട്‌ഫോണുകൾ ചൈനയിൽ പുറത്തിറക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ഒരുങ്ങുകയാണ്. കമ്പനി ഇപ്പോൾ ഈ ഫോണുകളുടെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഫോണുകളുടെ ചില പ്രധാന സവിശേഷതകളും ഇതിനൊപ്പം അവർ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ S30 സീരീസിൽ രണ്ട് മോഡലുകൾ ഉൾപ്പെടും. സാധാരണ വിവോ S30, വിവോ S30 പ്രോ മിനി എന്ന പേരിലുള്ള ചെറിയ പതിപ്പ് എന്നിവയാണത്. ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ചിങ്ങിനൊപ്പം വിവോ മറ്റ് ചില ഉൽപ്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. വിവോ പാഡ് 5 ടാബ്‌ലെറ്റ്, വിവോ TWS എയർ 3 വയർലെസ് ഇയർഫോണുകൾ, ബിൽറ്റ്-ഇൻ കേബിളുള്ള ഒരു പുതിയ പവർ ബാങ്ക് എന്നിവ ലോഞ്ചിങ്ങിനു തയ്യാറെടുക്കുന്ന പ്രൊഡക്റ്റുകളിൽ ഉൾപ്പെടുന്നു. ഇതിൽ നിന്നും മെയ് 29-ന് വിവോയുടെ വലിയൊരു ലോഞ്ച് ഇവൻ്റ് തന്നെ നടക്കുമെന്ന് ഉറപ്പിക്കാം.
വിവോ S30, വിവോ S30 പ്രോ മിനി എന്നീ ഫോണുകൾ ഉൾപ്പെടുന്ന വിവോ S30 സീരീസ് മെയ് 29-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (4:30 IST) ചൈനയിൽ ലോഞ്ച് ചെയ്യും. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് വിവോ S30 സീരിസ് ഫോണുകളുടെ ലോഞ്ച് സ്ഥിരീകരിച്ചത്.
ഔദ്യോഗിക വിവോ വെബ്‌സൈറ്റിലൂടെയും മറ്റ് നിരവധി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ചൈനയിൽ രണ്ട് സ്മാർട്ട്‌ഫോണുകളും ഇപ്പോൾ പ്രീ റിസർവേഷൻ ചെയ്യാൻ കഴിയും.
ഔദ്യോഗിക ലാൻഡിംഗ് പേജ് അനുസരിച്ച്, വിവോ S30 നാല് കളർ ഓപ്ഷനുകളിൽ വരും. കൊക്കോ ബ്ലാക്ക്, ലെമൺ യെല്ലോ, മിന്റ് ഗ്രീൻ, പീച്ച് പൗഡർ എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. ഈ ഫോണിൽ 50 മെഗാപിക്സൽ സോണി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആണ് ഇതിനു കരുത്തു നൽകുക.
മറുവശത്ത്, വിവോ S30 പ്രോ മിനി സ്റ്റാൻഡേർഡ് S30 മോഡൽ പോലെ കൊക്കോ ബ്ലാക്ക്, ലെമൺ യെല്ലോ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും. അതിനു പുറമെ, ഒരു പുതിയ കൂൾബെറി പൗഡർ കളർ ഓപ്ഷനിലും ഈ ഫോൺ ലഭ്യമാകും. ഈ വേരിയന്റിന് 6.31 ഇഞ്ച് ഫ്ലാറ്റ് ആൻഡ് കോംപാക്റ്റ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക. ചെറിയ ഫോണുകൾ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ഇത് ആകർഷിച്ചേക്കാം.
നേരത്തെ, വിവോ S30-ക്ക് 6.67 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് വിവോയിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ, S30 സീരീസിലെ രണ്ട് മോഡലുകളും 6,500mAh ബാറ്ററികളുമായി വരുമെന്നും മിഡിൽ സെക്ഷനായി ഏവിയേഷൻ-ഗ്രേഡ് അലുമിനിയം അലോയ് ഫ്രെയിമുകൾ ഉപയോഗിക്കുമെന്നും കമ്പനി വെളിപ്പെടുത്തി.
അറിയപ്പെടുന്ന ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്), വിവോ S30 പ്രോ മിനി മീഡിയടെക് ഡൈമെൻസിറ്റി 9300+ അല്ലെങ്കിൽ വരാനിരിക്കുന്ന ഡൈമെൻസിറ്റി https://www.gadgets360.com/tags/mobiles9400e പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് വെയ്‌ബോയിൽ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെയുള്ള ലീക്കുകൾ ഈ ഫോൺ വയർലെസ് ചാർജിംഗിനെയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്‌ക്കുമെന്ന് അവകാശപ്പെട്ടു.
സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, വിവോ പാഡ് 5 ടാബ്‌ലെറ്റും വിവോ പുറത്തിറക്കും. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഈ ടാബ്‌ലെറ്റിലുണ്ടാവുക.
ഫോണുകൾക്കും ടാബ്‌ലെറ്റിനും ഒപ്പം, പുതിയ വിവോ TWS എയർ 3 ഇയർഫോണും കമ്പനി അവതരിപ്പിക്കുന്നു. ചാർജിംഗ് കേസ് ഉൾപ്പെടെ 45 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് ഈ വയർലെസ് ഇയർബഡുകൾ. ഓരോ ഇയർബഡും 3.6 ഗ്രാം മാത്രം ഭാരമുള്ളതായിരിക്കും.
ഇതിനു പുറമെ, യാത്രയിലായിരിക്കുമ്പോൾ ഉപയോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ ബിൽറ്റ്-ഇൻ ചാർജിംഗ് കേബിളുള്ള ഒരു 33W പവർ ബാങ്കും വിവോ പുറത്തിറക്കും.
പരസ്യം
പരസ്യം