Photo Credit: Vi
പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ ദിവസം മുഴുവൻ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്ന വി.ഐ.
വിഐ എന്നും അറിയപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയ കൊൽക്കത്തയിലെയും ഇന്ത്യയിലെ മറ്റ് ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 'നോൺസ്റ്റോപ്പ് ഹീറോ' എന്നാണ് പുതിയ പ്ലാനിന്റെ പേര്. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ്. ഉപയോക്താക്കൾക്ക് ഡാറ്റ തീർന്നു പോകുമോയെന്ന് ആശങ്കപ്പെടാതെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും വീഡിയോകൾ സ്ട്രീം ചെയ്യാനും ആപ്പുകൾ ഉപയോഗിക്കാനും ഇതു സഹായിക്കുന്നു. ഇതോടൊപ്പം, ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും വൊഡാഫോൺ ഐഡിയയുടെ ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കും. നോൺസ്റ്റോപ്പ് ഹീറോ പ്ലാനിന്റെ നിരവധി പതിപ്പുകൾ വിഐ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ പതിപ്പും വ്യത്യസ്ത ആനുകൂല്യങ്ങളും വാലിഡിറ്റി കാലയളവുകളും വാഗ്ദാനം ചെയ്യുന്നു. ഒരു പ്ലാൻ 28 ദിവസത്തേക്ക് സാധുതയുള്ളതാണ്.
ഇതിനു പുറമെ 56 ദിവസം, 84 ദിവസം എന്നിങ്ങനെ സാധുതയുള്ള പ്ലാനുകളും വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിട്ടുണ്ട്.
നോൺസ്റ്റോപ്പ് ഹീറോ പായ്ക്ക് എന്ന പേരിൽ ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ വിഐ (വോഡഫോൺ ഐഡിയ) കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഈ പ്ലാനിന്റെ അടിസ്ഥാന വില 398 രൂപയാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ഉപയോഗം, പ്രതിദിനം 100 എസ്എംഎസ് എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. പ്ലാനിന്റെ 398 രൂപയുടെ പതിപ്പ് 28 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്, ഇതു കുറച്ചു കാലത്തേക്ക് വേണ്ടി മാത്രം അൺലിമിറ്റഡ് സേവനങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്ലാനാണ്.
കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്ക്, കൂടുതൽ ദിവസത്തേക്കുള്ള നോൺസ്റ്റോപ്പ് ഹീറോ പ്ലാനും വിഐ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ 56 ദിവസത്തെ പതിപ്പിന് 698 രൂപയും 84 ദിവസത്തെ മറ്റൊരു പതിപ്പിന് 1,048 രൂപയുമാണ് വില. കൂടുതൽ വിലയുള്ള ഈ പ്ലാനുകൾ 398 രൂപയുടെ പ്ലാനിന്റെ അതേ സവിശേഷതകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് ആൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിംഗ്, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ആക്‌സസ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. നിങ്ങൾക്ക് എത്ര ദിവസത്തെ വാലിഡിറ്റി വേണം എന്നതിനെ ആശ്രയിച്ച് വേണ്ട പ്ലാൻ തിരഞ്ഞെടുക്കാം.
ഈ നോൺസ്റ്റോപ്പ് ഹീറോ പ്രീപെയ്ഡ് പ്ലാനുകൾ ഇന്ത്യയിലെ നിരവധി ടെലികോം സർക്കിളുകളിൽ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ഇവ ലഭ്യമാണ്. ഇവയ്ക്ക് പുറമേ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, അസം & വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒറീസ എന്നിവിടങ്ങളിലും വൊഡാഫോൺ ഐഡിയയുടെ പ്ലാനുകൾ ലഭിക്കും.
തുടർച്ചയായ, ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി വിഐയുടെ നോൺസ്റ്റോപ്പ് ഹീറോ പ്ലാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനമുള്ള 100 എസ്എംഎസ് എന്നിവയെല്ലാം നൽകുന്നതിനാൽ ഫോൺ പതിവായി ഉപയോഗിക്കുന്നവർക്ക് ഇത് ഒരു സൗകര്യപ്രദമായ ഓപ്ഷനാണ്. വ്യത്യസ്ത വാലിഡിറ്റി ഓപ്ഷനുകൾ ലഭ്യമായതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഒരു പ്ലാൻ തിരഞ്ഞെടുക്കാൻ കഴിയും.
സെന്റർ ഫോർ ഡിജിറ്റൽ ഇക്കണോമി & പോളിസി റിസർച്ചിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 288 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2023-ൽ 88.1 കോടിയിൽ നിന്ന് 2024 മാർച്ചോടെ 95.4 കോടിയായി ഉയർന്നിരിക്കുന്നു. ശരാശരി, ഓരോ ഉപയോക്താവും ഇപ്പോൾ പ്രതിമാസം ഏകദേശം 20.27 GB ഡാറ്റ ഉപയോഗിക്കുന്നു.
അതിവേഗം വളരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനും ഡാറ്റ തീർന്നുപോകുന്നത് ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുമാണ് വൊഡാഫോൺ ഐഡിയ പുതിയ നോൺസ്റ്റോപ്പ് ഹീറോ പായ്ക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പായ്ക്കുകൾ പരിധിയില്ലാത്ത ഡാറ്റ, വോയ്‌സ് കോളുകൾ, SMS ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ പ്രീപെയ്ഡ് റീചാർജിന്റെ വാലിഡിറ്റി തീരുന്നതു വരെ ആശങ്കയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ ഇതിലൂടെ കഴിയും.
പരസ്യം
പരസ്യം