Photo Credit: Xiaomi
തങ്ങളുടെ പുതിയ മോഡൽ ഫോണുകളായ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ഈ മാസം അവസാനം അവതരിപ്പിക്കുമെന്ന് പ്രമുഖ ബ്രാൻഡായ ഷവോമി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏറെ പ്രതീക്ഷകളുള്ള ഷവോമി 15 അൾട്രായുടെ റിലീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഷവോമി 13 അൾട്രാ, ഷവോമി 14 അൾട്രാ എന്നിവ പുറത്തിറങ്ങിയതിനു സമാനമായ രീതിയിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ഷവോമി 15 അൾട്രാ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ലായിരിക്കും ഫോണിൻ്റെ ലോഞ്ചിംഗ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടി ഏവരും കാത്തിരിക്കുമ്പോൾ, കഴിഞ്ഞ ദിവസം ലീക്കായ ചിത്രങ്ങൾ ഷവോമി 15 അൾട്രായുടെ ഡിസൈൻ എങ്ങിനെയാകുമെന്ന സൂചനകൾ നൽകുന്നതാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും, ക്യാമറ സെറ്റപ്പ് അടക്കമുള്ള കാര്യങ്ങളിൽ പുതിയ ഡിസൈനിലാകും ഫോൺ അവതരിപ്പിക്കപ്പെടുകയെന്നും ലീക്കായി പുറത്തു വന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.
സ്മാർട്ട്‌പ്രിക്സും ടിപ്‌സ്റ്റർ യോഗേഷ് ബ്രാറുമാണ് ഷവോമി 15 അൾട്രായുടെ ചിത്രങ്ങൾ പുറത്തു വിട്ടത്. ബ്ലാക്ക്, സിൽവർ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണുള്ളത്. നാല് ലെൻസുകൾ അടങ്ങുന്ന വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഡിസൈൻ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും ക്യാമറകളുടെ ലേഔട്ട് വളരെ വ്യത്യസ്തമാണ്.
ക്യാമറ മൊഡ്യൂളിൻ്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ലെയ്ക ബ്രാൻഡിംഗിന് അടുത്തായാണ് ഒരു ക്യാമറ സെൻസർ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് മൂന്ന് ക്യാമറ സെൻസറുകളും അതിനു താഴെയായി നിരത്തി വെച്ചിരിക്കുന്നു. രണ്ട് ഫ്ലാഷ് എൽഇഡികൾ ഏറ്റവും മുകളിലും ക്രമീകരിച്ചിട്ടുണ്ട്. ഷവോമി ലോഗോ ഫോണിൻ്റെ താഴെ ഇടത് മൂലയിലാണ്.
റിപ്പോർട്ടുകൾ അനുസരിച്ച്, മുകളിൽ ലെയ്ക ബ്രാൻഡിങ്ങിൻ്റെ അടുത്തുള്ള ക്യാമറ 3x ഒപ്റ്റിക്കൽ സൂമും f/2.6 അപ്പർച്ചറുമുള്ള 200-മെഗാപിക്സൽ സാംസങ്ങ് ISOCELL HP9 1/1.4 പെരിസ്കോപ്പ് സൂം ലെൻസാണ്. ഷവോമി 14 അൾട്രായിലെ 50 മെഗാപിക്സൽ ക്യാമറയെ താരതമ്യം ചെയ്യുമ്പോൾ ഇതൊരു മികച്ച അപ്ഗ്രേഡാണ്.
ഷവോമി 15 അൾട്രായിലെ പ്രധാന ക്യാമറയായി 50 മെഗാപിക്സൽ സോണി സെൻസർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 50 മെഗാപിക്സൽ 2x ടെലിഫോട്ടോ ലെൻസുമാകും നൽകുന്നുണ്ടാവുക. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത.
നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, ഷവോമി 15 അൾട്രായിൽ 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 2K LTPO മൈക്രോ ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാകും ഉണ്ടാവുക. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഈ ഫോണിനു കരുത്തു നൽകുമെന്നും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2.0-ൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫോണിൽ 6,000mAh ബാറ്ററിയാണുണ്ടാവുക. ഇത് 80W വയർലെസ് ചാർജിംഗിനും 90W വയർഡ് ചാർജിംഗിനും പിന്തുണ നൽകുന്നതായിരിക്കും.
പരസ്യം
പരസ്യം