Photo Credit: Vivo
വിവോ Y28e 5G മോഡലിനൊപ്പം ഈ വർഷം ജൂലൈയിലാണ് വിവോ Y28s 5G എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം, വിവോ Y28s 5G ഹാൻഡ്സെറ്റിൻ്റെ വില 500 രൂപ കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത RAM + സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തു നൽകുന്ന ഈ ഫോൺ 8GB വരെ LPDDR4X RAM മുമായി വരുന്നു. ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ അനുയോജ്യമായ 50 മെഗാപിക്സൽ ഡുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. 6.56 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള വിവോ Y28s സ്മാർട്ട്ഫോണിന് IP64 റേറ്റിംഗ് ഉണ്ട്. പൊടി, വെള്ളത്തുള്ളി എന്നിവയിൽ നിന്നുള്ള മികച്ച പരിരക്ഷ ഇതിലൂടെ ഉറപ്പു വരുത്തുന്നു.
വിവോ Y28s 5G ഫോണിന് ഇന്ത്യയിൽ ഇപ്പോൾ വില ആരംഭിക്കുന്നത് 4GB മോഡലിന് 13499 രൂപ, 6GB വേരിയൻ്റിന്. 14999 രൂപ, 8GB വേരിയൻ്റിന് 16499 രൂപ എന്നിങ്ങനെയാണ്. എല്ലാ വേരിയൻ്റുകളും 128GB ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്. വിൻ്റേജ് റെഡ്, ട്വിങ്കിംഗ് പർപ്പിൾ എന്നീ രണ്ടു നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിങ്ങൾക്ക് ഇത് ഫ്ലിപ്പ്കാർട്ടിലൂടെയും വിവോ ഇന്ത്യ വെബ്‌സൈറ്റിലൂടെയും വാങ്ങാം.
ഫോൺ ലോഞ്ച് ചെയ്ത സമയത്ത് 4GB മോഡലിന് 13999, 6 ജിബി മോഡലിന് 15499 രൂപ, 8GB മോഡലിന് 16999 രൂപ എന്നിങ്ങനെയായിരുന്നു വില ഉണ്ടായിരുന്നത്.
90Hz റീഫ്രഷ് റേറ്റ്, 840 നിറ്റ്സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 720 x 1,612 പിക്സലിൻ്റെ HD+ റെസല്യൂഷനുള്ള 6.56 ഇഞ്ച് LCD സ്‌ക്രീനാണ് വിവോ Y28s 5G ഫീച്ചർ ചെയ്യുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, ഇത് സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. 8GB വരെയുള്ള LPDDR4X റാം, മൾട്ടിടാസ്‌കിംഗ് അനുവദിക്കുന്ന 128GB eMMC 5.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ വിവോയുടെ വൺടച്ച് OS 14 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, വിവോ Y28s 5G ഫോണിൻ്റെ പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. മെയിൻ ക്യാമറയിൽ മികച്ച ഫോട്ടോകൾ എടുക്കുന്നതിനു സഹായിക്കുന്ന 50മെഗാപിക്സൽ സെൻസർ ഉണ്ടെങ്കിലും രണ്ടാമത്തെ ക്യാമറയിൽ 0.08 മെഗാപിക്സൽ സെൻസർ മാത്രമേയുള്ളൂ. ഡെപ്ത് അല്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് ബ്ലർ ഇഫക്റ്റുകൾ വർദ്ധിപ്പിക്കുന്നതിനാവാം ഇത് ഉപയോഗിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
5000mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 15W വയേർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. 5G, ബ്ലൂടൂത്ത് 5.4, GPS, Wi-Fi എന്നീ കണക്റ്റിവിറ്റികളെ വിവോ Y28s പിന്തുണയ്ക്കുന്നു.
സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സ്കാനർ അൺലോക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗാണ് ഈ ഫോണിനുള്ളത്.