Photo Credit: Vivo
തങ്ങളുടെ വരാനിരിക്കുന്ന X200 സീരീസ് സ്മാർട്ട്‌ഫോണുകൾ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറോട് കൂടി ചൈനയിൽ അവതരിപ്പിക്കുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മീഡിയടെക്ക് പുതിയ ചിപ്പ്സെറ്റ് പുറത്തിറക്കിയതിനു പിന്നാലെയാണ് ഈ വാർത്ത വന്നിരിക്കുന്നത്. ഏറ്റവും നൂതനമായ 3nm സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡൈമെൻസിറ്റി 9400 നിർമ്മിച്ചിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 40% കൂടുതൽ ഊർജ്ജക്ഷമത ഇതിനുണ്ടാകും. മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന, 3.62GHz വേഗതയിൽ പ്രവർത്തിക്കുന്ന ശക്തമായ ആം കോർടെക്‌സ്-X925 കോർ ഇതിൻ്റെ സവിശേഷതയാണ്. വിവോയ്ക്ക് പുറമേ, ഓപ്പോയും അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണിൽ ഇതേ ചിപ്പ്സെറ്റ് ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക പ്രകടനവും മെച്ചപ്പെട്ട ബാറ്ററി ലൈഫും നൽകാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളും മീഡിയടെക്കും തമ്മിലുള്ള ഈ സഹകരണം പ്രീമിയം സ്‌മാർട്ട്‌ഫോൺ വിപണിയിലെ വർദ്ധിച്ചുവരുന്ന മത്സരത്തെയും എടുത്തു കാണിക്കുന്നതാണ്.
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ അവരുടെ ഔദ്യോഗിക വെയ്‌ബോ അക്കൗണ്ടിലൂടെയാണ് പുറത്തു വരാനിരിക്കുന്ന വിവോ X200 സീരീസിൽ മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചത്. വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ സ്മാർട്ട്ഫോൺ സീരീസ് ചൈനയിൽ ഒക്ടോബർ 14 ന് വൈകുന്നേരം 7:00 മണിക്ക് (ഇന്ത്യൻ സമയം വെകുന്നേരം 4:30) ലോഞ്ച് ചെയ്യും.
വിവോ X200, വിവോ X200 പ്രോ എന്നിവ നാല് നിറങ്ങളിലാണു പുറത്തു വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, സഫയർ ബ്ലൂ, ടൈറ്റാനിയം എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. അതേസമയം, ഔദ്യോഗിക റെൻഡറുകളിൽ വിവോ X200 പോ മിനി മോഡൽ ബ്ലാക്ക്, പിങ്ക്, ഗ്രീൻ, വൈറ്റ് എന്നീ നിറങ്ങളിലാണു കാണിച്ചിരിക്കുന്നത്, എന്നിരുന്നാലും ഈ നിറങ്ങളുടെ കൃത്യമായ പേരുകൾ എന്തൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളായിരിക്കും Vivo X200 സീരീസ്. TSMC യുടെ 3nm പ്രോസസ്സ് ഉപയോഗിച്ചാണ് ഈ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ബിൽറ്റ്-ഇൻ AI ഫീച്ചറുകൾ, പുതിയ ഇമേജ് സിഗ്നൽ പ്രോസസർ (ISP), ഒരു ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ് (NPU) എന്നിവയുമുണ്ട്. 3.63 GHz വേഗതയിൽ പ്രവർത്തിക്കുന്ന ശക്തമായ Cortex-X925 കോർ ഇതിലുൾപ്പെടുന്നു, ഒപ്പം 3.3 GHz വരെ എത്താൻ കഴിയുന്ന മൂന്ന് എക്സ്ട്രാ Cortex-X4 കോറുകളുമുണ്ട്. ഇതിനു പുറമെ 2.4 GHz-ൽ പ്രവർത്തിക്കുന്ന കാര്യക്ഷമതക്കു വേണ്ടി രൂപകൽപ്പന ചെയ്ത നാല് Cortex-A720 കോറുകളും ഇതിലുണ്ട്.
മീഡിയടെക് അവകാശപ്പെടുന്നത് ഡൈമൻസിറ്റി 9400 അതിൻ്റെ മുൻ മോഡലായ ഡൈമൻസിറ്റി 9300 നെ അപേക്ഷിച്ച് സിംഗിൾ-കോർ ടാസ്‌ക്കുകൾക്ക് 35 ശതമാനം വേഗതയേറിയ പ്രകടനവും മൾട്ടി-കോർ ടാസ്‌ക്കുകൾക്ക് 28 ശതമാനം വേഗത്തിലുള്ള പ്രകടനവും നൽകുമെന്ന് നൽകുമെന്നാണ്. ചിപ്പ് പഴയ പതിപ്പുകളേക്കാൾ 40 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതാകുമെന്ന് പറയപ്പെടുന്നു. കൂടാതെ ഇത് വലിയ ലാങ്വേജ് മോഡൽ പ്രോംപ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നതിൻ്റെ വേഗത 80 ശതമാനം വർദ്ധിപ്പിക്കുന്നു.
വിവോ X200 സീരീസിന് പുറമെ, ഓപ്പോ ഫൈൻഡ് X8 സീരീസിലും അവരുടെ തന്നെ മറ്റ് മുൻനിര ബ്രാൻഡുകളുടെ ഫോണുകളിലും ഈ ചിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ X200 സ്മാർട്ട്ഫോണിൻ്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള പതിപ്പിൻ്റെ വില CNY 3999 (ഏകദേശം 48000 രൂപ) മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ X200 പ്രോ മിനിയുടെ 12GB + 256GB മോഡലിന് CNY 4599, വിവോ X200 പ്രോ 16GB + 256GB പതിപ്പിന് CNY 5199 എന്നിങ്ങനെയാണു വില പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം