Photo Credit: Tecno
ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾക്ക് എന്നും ഇന്ത്യൻ വിപണിയിൽ വളരെ സ്വീകാര്യതയുണ്ട്. മികച്ച ഫീച്ചറുകൾ നൽകുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ ആണെങ്കിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും. ഇന്ത്യയിലെ ഈയൊരു വിപണി ലക്ഷ്യമിട്ടാണ് ഇൻഫിനിക്സ്, ടെക്നോ തുടങ്ങിയ ബ്രാൻഡുകൾ മികച്ച ഫീച്ചറുകളുള്ള ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. അക്കൂട്ടത്തിലേക്കു വന്ന പുതിയ അവതാരമാണ് ടെക്നോ പോപ്പ് 9 5G. ചൊവ്വാഴ്ചയാണ് ടെക്‌നോ പോപ്പ് 9 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ട്രാൻഷൻ കമ്പനിയിൽ നിന്നുള്ള ഈ പുതിയ ബജറ്റ് ഫോണിന് 48 മെഗാപിക്‌സലിൻ്റെ റിയർ ക്യാമറയും NFC സപ്പോർട്ടും ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്ന ഈ സ്മാർട്ട്ഫോൺ ഒക്ടോബർ ആദ്യം മുതൽ ലഭ്യമായി തുടങ്ങും. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ടെക്നോ പോപ് 8 സ്മാർട്ട്ഫോണിൻ്റെ പിൻഗാമിയാണ് ടെക്നോ പോപ്പ് 9 5G.
ടെക്നോ പോപ്പ് 9 5G സ്മാർട്ട്ഫോണിൻ്റെ 4GB RAM + 64GB ഓൺബോർഡ് സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 9499 രൂപയാണു വില വരുന്നത്. അതേസമയം 4GB + 128GB വേരിയൻ്റിന് 9999 രൂപയാകും. നിങ്ങൾക്ക് ഇപ്പോൾ ആമസോണിൽ ഫോൺ മുൻകൂറായി ബുക്ക് ചെയ്യാം, ഒക്ടോബർ 7 മുതൽ ഇതു ലഭ്യമായി തുടങ്ങും.
ഇതു പ്രീ ബുക്ക് ചെയ്യാൻ 499 രൂപ നിങ്ങൾ മുൻകൂറായി നൽകണം. ഫോൺ വാങ്ങുന്ന പ്രക്രിയ പൂർത്തിയാക്കുമ്പോൾ ആമസോൺ പേ ബാലൻസായി ഈ തുക റീഫണ്ട് ചെയ്യുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.
അറോറ ക്ലൗഡ്, അസൂർ സ്കൈ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. രണ്ടു കോംപ്ലിമെൻ്ററി ഫോൺ സ്കിന്നുകൾ ഈ ഹാൻഡ്സെറ്റിനൊപ്പം ലഭിക്കും.
സ്‌ക്രീനിൻ്റെ കൃത്യമായ വലിപ്പം സൂചിപ്പിച്ചിട്ടില്ലെങ്കിലും, 120Hz റീഫ്രഷ് റേറ്റുള്ള LCD സ്‌ക്രീനാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഡ്യുവൽ സിം (രണ്ട് നാനോ സിം കാർഡുകൾ) ഫീച്ചറിനെ പിന്തുണക്കുന്ന ഫോണാണ് ടെക്നോ പോപ്പ് 9 5G. മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രൊസസർ ഇതിനു കരുത്തു നൽകുന്നു. 4GB RAM, കൂടാതെ 128GB വരെ ഇൻ്റേണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഈ ഫോണിൽ 48 മെഗാപിക്സൽ സോണി IMX582 സെൻസറുള്ള പ്രൈമറി റിയർ ക്യാമറയും പിന്നിൽ എൽഇഡി ഫ്ലാഷും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് ശബ്ദത്തോടുകൂടിയ ഡ്യുവൽ സ്പീക്കറും ഈ ഫോണിലുണ്ട്.
18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിനു കരുത്ത് പകരുന്നത്. ഒരു ഇൻഫ്രാറെഡ് (IR) ട്രാൻസ്മിറ്ററുമായി വരുന്ന ഈ ഹാൻഡ്സെറ്റിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗും ഉണ്ട്. NFC യെ പിന്തുണയ്ക്കുന്ന സെഗ്മൻ്റിലെ ആദ്യത്തെ 5G ഫോൺ എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. 165 x 77 x 8mm വലിപ്പമുള്ള ഈ ഫോണിൻ്റെ ഭാരം 189 ഗ്രാമാണ്.
പരസ്യം
പരസ്യം