എക്സിനോസ് കണക്റ്റിവിറ്റി ചിപ്പുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; വിവരങ്ങൾ അറിയാം
Photo Credit: Samsung
Galaxy S26 സീരീസ്: Exynos ചിപ്പ്, ലോഞ്ച് അടുത്ത വർഷം.
തങ്ങളുടെ ഫോണുകൾ അപ്‌ഗ്രേഡ് ചെയ്യാൻ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസ് അടുത്ത വർഷം നിരവധി മെച്ചപ്പെടുത്തലുകളുമായി എത്തിയേക്കാം. ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നിവ ഉൾപ്പെടുന്ന പുതിയ ഗാലക്സി ലൈനപ്പ് മുമ്പത്തേക്കാൾ മികച്ച പെർഫോമൻസും കണക്റ്റിവിറ്റിയും നൽകിയേക്കാം. മിക്ക പ്രദേശങ്ങളിലും സാംസങ്ങിന്റെ എക്‌സിനോസ് 2600 ചിപ്പാണ് ഈ സീരീസ് ഫോണുകളിൽ ഉണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം ചില വിപണികളിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായി ഇവ എത്തിയേക്കാം. ഈ ലോഞ്ചിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണം സാംസങ്ങ് പുതിയ എക്‌സിനോസ് കണക്റ്റിവിറ്റി ചിപ്പ് വികസിപ്പിക്കുന്നുണ്ടെന്ന സൂചന നൽകുന്ന സമീപകാല ബ്ലൂടൂത്ത് എസ്‌ഐജി ലിസ്റ്റിംഗാണ്. ഇതിനർത്ഥം ഉപയോക്താക്കൾക്ക് കരുത്തു'റ്റ വയർലെസ് കണക്ഷനുകൾ, മികച്ച ഡാറ്റ വേഗത, സുഗമമായ നെറ്റ്‌വർക്ക് പ്രകടനം എന്നിവ ആസ്വദിക്കാൻ കഴിയുമെന്നാണ്. ഈ ഫോണിൻ്റെ ലോഞ്ചിങ്ങ് തീയ്യതി സംബന്ധിച്ച് സാംസങ്ങ് ഇതുവരെ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.
എക്സിനോസ് S6568 എന്ന പുതിയ സാംസങ്ങ് ചിപ്പ് ബ്ലൂടൂത്ത് SIG വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത ഈ ചിപ്പ് ബ്ലൂടൂത്ത് 6.1, Wi-Fi കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന എക്സിനോസ് 2600 ചിപ്പുമായി ചേർന്ന് എന്ന സൂചന നൽകി, "അനുയോജ്യമായ എക്സിനോസ് ആപ്ലിക്കേഷൻ പ്രോസസറുമായി" പ്രവർത്തിക്കാൻ ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നു.
സാംസങ്ങിന്റെ പതിവ് റിലീസ് ടൈംലൈനിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ, ഗാലക്‌സി S26 സീരീസ് അവസാന ഘട്ട പ്രവർത്തനങ്ങളിൽ ആണെന്ന് തോന്നുന്നു. വയർലെസ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സാംസങ്ങ് ഗാലക്‌സി S26 സീരീസിൽ എക്‌സിനോസ് 2600-നൊപ്പം ഈ പുതിയ എക്സിനോസ് S6568 ചിപ്പ് ഉപയോഗിച്ചേക്കാമെന്ന് അതിന്റെ സർട്ടിഫിക്കേഷൻ സൂചിപ്പിക്കുന്നു. മെയ് മാസത്തിൽ പ്രഖ്യാപിച്ച ബ്ലൂടൂത്ത് 6.1 സ്റ്റാൻഡേർഡ് വേഗത, വിശ്വാസ്യത, സ്വകാര്യത എന്നിവയിൽ അപ്‌ഗ്രേഡുകൾ കൊണ്ടുവരും.
ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിലെ പതിവ് ഷെഡ്യൂളിൽ നിന്നും വൈകി, അടുത്ത വർഷം മാർച്ചിൽ ഗാലക്‌സി S26 സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ ഫോണുകളിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ആയിരിക്കാൻ സാധ്യതയുണ്ട്, അതേസമയം ദക്ഷിണ കൊറിയ, യൂറോപ്പ് എന്നിവിടങ്ങളിൽ സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 2600 ചിപ്പ് ഉള്ള മോഡലുകൾ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻഗാമിയായ ഗാലക്സി S25 സീരീസ് എല്ലാ വിപണികളിലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായാണ് എത്തിയത്.
പ്രതീക്ഷകൾ പോലെത്തന്നെ, ഗാലക്‌സി S26 അൾട്ര ഈ പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലായിരിക്കും. 6.9 ഇഞ്ച് വലിയ M14 QHD+ CoE ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ ഇതിലുണ്ടാകാൻ സാധ്യതയുണ്ട്. പിന്നിൽ, 200 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ക്വാഡ്-ക്യാമറ സെറ്റപ്പ് ഇതിൽ ഉൾപ്പെട്ടേക്കാം. 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 7.9mm മാത്രം കനമുള്ള സ്ലിം ഡിസൈനിലായിരിക്കാം ഈ ഫോൺ എത്തുക.
സാധാരണ ഗാലക്‌സി S26-ന് 6.27 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഗാലക്‌സി S26+ ഫോണിന് 6.7 ഇഞ്ച് സ്‌ക്രീനാകും ഉണ്ടാവുക. ഗാലക്‌സി S26, S26+, S26 അൾട്ര എന്നീ മൂന്ന് മോഡലുകൾ എല്ലാ വിപണികളിലും 16 ജിബി റാമുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം