വൺപ്ലസ് 15 ചൈനയിൽ അവതരിപ്പിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: OnePlus
വൺപ്ലസ് 15 ന് 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്
ഐഫോൺ 17 സീരീസിനും മറ്റു കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പ്രീമിയം ഫോണായ വൺപ്ലസ് 15 കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് 13-ന്റെ പിൻഗാമിയായായി വരുന്ന ഈ ഫോൺ മുൻ മോഡലിനേക്കാൾ നിരവധി മെച്ചപ്പെടുത്തലുകളുമായാണ് എത്തുന്നത്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. വയർഡ് ഫാസ്റ്റ് ചാർജിംഗിനായി 120W സൂപ്പർ ഫ്ലാഷ് ചാർജും വയർലെസ് ഫാസ്റ്റ് ചാർജിംഗിനായി 50W വയർലെസ് ഫ്ലാഷ് ചാർജും പിന്തുണയ്ക്കുന്ന 7,300mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ചൈനയിൽ വൺപ്ലസ് 15 വാങ്ങാൻ കഴിയും. മൂന്നു നിറങ്ങളിൽ പുറത്തിറങ്ങുന്ന ഫോണിനു പിന്നിൽ, ചതുരാകൃതിയിലുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 50 മെഗാപിക്സൽ മെയിൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
12GB റാമും 256GB സ്റ്റോറേജുമുള്ള വൺപ്ലസ് 15 അടിസ്ഥാന മോഡലിന് ചൈനയിൽ CNY 3,999 (ഏകദേശം 50,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 16GB റാം + 256GB സ്റ്റോറേജിന് CNY 4,299 (ഏകദേശം 53,000 രൂപ), 12GB റാം + 512GB സ്റ്റോറേജിന് CNY 4,599 (ഏകദേശം 57,000 രൂപ), 16GB റാം + 512GB സ്റ്റോറേജിന് CNY 4,899 (ഏകദേശം 61,000 രൂപ) എന്നിങ്ങനെയും വില വരുന്നു. 16GB റാമും 1TB സ്റ്റോറേജുമുള്ള വൺപ്ലസ് 15-ന്റെ ഏറ്റവും ഉയർന്ന മോഡലിന്റെ വില CNY 5,399 (ഏകദേശം 67,000 രൂപ) ആണ്.
അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ, സാൻഡ് ഡ്യൂൺ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ഒക്ടോബർ 28 മുതൽ ചൈനയിൽ വൺപ്ലസ് 15 ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും, കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി ഇത് വാങ്ങാം.
ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 15 ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ലാണ് പ്രവർത്തിക്കുന്നത്. 165Hz റിഫ്രഷ് റേറ്റ്, 1.5K റെസല്യൂഷൻ (1,272x2,772 പിക്സലുകൾ), 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയെ പിന്തുണക്കുന്ന 6.78 ഇഞ്ച് തേർഡ് ജനറേഷൻ BOE ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. സ്ക്രീൻ 330Hz ടച്ച് സാമ്പിൾ റേറ്റ്, 450ppi പിക്സൽ ഡെൻസിറ്റി, 100% DCI-P3 കളർ ഗാമട്ട്, 1.07 ബില്യൺ നിറങ്ങൾ എന്നിവയെയും പിന്തുണയ്ക്കുന്നു.
3nm പ്രോസസിൽ നിർമിച്ച ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, അഡ്രിനോ 840 GPU സഹിതം ഈ ഫോണിന് കരുത്ത് പകരുന്നു. ഈ ചിപ്‌സെറ്റിന് 2 ഹൈ പെർഫോമൻസ് കോറുകളും 6 എഫിഷ്യൻസി കോറുകളും ഉണ്ട്. വേഗത്തിലുള്ള പെർഫോമൻസിനായി 16GB വരെ LPDDR5X റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഈ ഫോണിൽ ലഭ്യമാണ്.
ട്രിപ്പിൾ റിയർ ക്യാമറകളാണ് വൺപ്ലസ് 15-ൽ ഉള്ളത്. ഇതിൽ 50MP മെയിൻ ലെൻസ്, 50MP അൾട്രാ-വൈഡ് ലെൻസ്, 50MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഇത് 30fps-ൽ 8K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നതാണ്. മുൻവശത്ത്, 32MP സെൽഫി ക്യാമറയുമുണ്ട്.
പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ, ലേസർ ഫോക്കസ് സെൻസർ, സ്പെക്ട്രം സെൻസർ, ഒരു ഐആർ ബ്ലാസ്റ്റർ തുടങ്ങി നിരവധി സെൻസറുകൾ ഫോണിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്.
കണക്ടിവിറ്റിയുടെ കാര്യത്തിൽ, വൺപ്ലസ് 15 5G, വൈ-ഫൈ 7, NFC, ബീഡോ, GPS, ഗ്ലോനാസ്, ഗലീലിയോ, QZSS എന്നിവയെ പിന്തുണയ്ക്കുന്നു. 120W സൂപ്പർ ഫ്ലാഷ് ചാർജ് (വയർഡ്), 50W വയർലെസ് ഫ്ലാഷ് ചാർജ് എന്നിവ പിന്തുണയ്ക്കുന്ന 7,300mAh ബാറ്ററിയാണ് ഇതിനുള്ളത്. ഫോണിന്റെ വലിപ്പം 161.42 x 76.67 x 8.10 മില്ലിമീറ്ററും ഭാരം ഏകദേശം 211 ഗ്രാമും ആണ്.
പരസ്യം
പരസ്യം