യൽമി C85 പ്രോ ഗീക്ബെഞ്ചിൽ കണ്ടെത്തി; ഫോണിൻ്റെ വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമി C85 പ്രോ ഗീക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടു; ലോഞ്ച് ഉടൻ നടക്കും
റിയൽമി C85 പ്രോ എന്ന പുതിയ സ്മാർട്ട്‌ഫോൺ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ റിയൽമി ആരംഭിച്ചു. ബ്രാൻഡ് ഇതിനകം തന്നെ പുറത്തുവിട്ട ഫോണിന്റെ ടീസറിൽ അതിന്റെ ഡിസൈനെ കുറിച്ചുള്ള സൂചനകളുണ്ട്. വലിയ ബാറ്ററിയുമായി ഫോൺ വരുമെന്നും എടുത്തു കാണിച്ചിട്ടുണ്ട്. നേരത്തെ, TDRA, EEC, TÜV SÜD പോലുള്ള നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഈ ഉപകരണം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത് ലോഞ്ച് അടുത്തു വരുന്നതിൻ്റെ സൂചന നൽകുന്നു. റിയൽമി C85 പ്രോ 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ, ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. റിയൽമി C85 പ്രോ ഒരു ജനപ്രിയ ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടതു കണ്ടെത്തിയതായി ഈ ലീക്കുകൾ അവകാശപ്പെടുന്നു. ഫോണിൻ്റെ പ്രോസസർ, റാം ശേഷി, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട്. ഈ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് റിയൽമി ഈ ഫോണിൻ്റെ ലോഞ്ചിങ്ങിനു മുന്നോടിയായുള്ള അവസാന ഘട്ട പ്രവർത്തനങ്ങളിലാണെന്നാണ്.
സാമൂഹ്യമാധ്യമമായ എക്സിൽ അൻവിൻ (@ZionsAnvin) പങ്കിട്ട പോസ്റ്റ് അനുസരിച്ച്, ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ റിയൽമി C85 പ്രോ (മോഡൽ നമ്പർ RMX5555) എന്ന പുതിയ റിയൽമി സ്മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഫോൺ വളരെ പെട്ടന്നു തന്നെ ലോഞ്ച് ചെയ്‌തേക്കാമെന്നാണ്. എന്നാൽ ഗീക്ക്ബെഞ്ച് സൈറ്റിൽ ഈ ഫോണിൻ്റെ സാന്നിധ്യം ഗാഡ്‌ജെറ്റ്‌സ് 360-ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലീക്കായ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് കാണിക്കുന്നത് 2023 മാർച്ചിൽ ആദ്യമായി അവതരിപ്പിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 685 പ്രോസസറാണ് റിയൽമി C85 പ്രോയ്ക്ക് കരുത്ത് പകരുക എന്നാണ്. 2.80GHz-ൽ പ്രവർത്തിക്കുന്ന നാല് ഹൈ പെർഫോമൻസ് കോറുകളും 1.9GHz-ൽ പ്രവർത്തിക്കുന്ന നാല് എഫിഷ്യൻസി കോറുകളും ഉൾപ്പെടുന്ന ഒക്ടാ-കോർ സിപിയുവാണ് ഈ ചിപ്‌സെറ്റിൽ വരുന്നത്. ഗ്രാഫിക്സും ഗെയിമിംഗും കൈകാര്യം ചെയ്യുന്നതിനായി ഒരു അഡ്രിനോ 610 ജിപിയുവും ഇതിൽ ഉൾപ്പെടും.
ഗീക്ക്ബെഞ്ച് പരിശോധനാ ഫലങ്ങളിൽ, റിയൽമി C85 പ്രോയ്ക്ക് സിംഗിൾ-കോർ സ്കോർ 466, മൾട്ടി-കോർ സ്കോർ 1,481 എന്നിങ്ങനെ ലഭിച്ചതായി റിപ്പോർട്ടുണ്ട്, ഇത് ഫോണിന്റെ പെർഫോമൻസിനെ കുറിച്ച് ഒരു ധാരണ നൽകുന്നു.
ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട്‌ഫോൺ 8 ജിബി റാമുമായി വരുമെന്നും ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുമെന്നുമാണ്. അതായത് ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്ത റിയൽമി ഇന്റർഫേസും പ്രതീക്ഷിക്കാം.
ടെക് ഔട്ട്‌ലുക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, റിയൽമി തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ റിയൽമി C85 പ്രോയുടെ ടീസർ വിയറ്റ്നാമിലാണു പുറത്തിറക്കിയത്. ഇതു ഫോണിൻ്റെ ഡിസൈൻ, ഫീച്ചർ എന്നിവ സംബന്ധിച്ചു സൂചന നൽകുന്നു. 7,000mAh ബാറ്ററിയാണ് ഫോണിൽ വരുന്നതെന്നു സ്ഥിരീകരിച്ച കമ്പനി ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഇത് നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP69 റേറ്റിംഗ് ഇതിന് ഉണ്ടായിരിക്കും. Al അടിസ്ഥാനമാക്കിയുള്ള നിരവധി പുതിയ സവിശേഷതകളും ഫോണിൽ ഉൾപ്പെടുത്തും.
വൃത്താകൃതിയിലുള്ള കോണുകളും ബ്ലാക്ക്, ഗ്രീൻ, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളുമുള്ള ഒരു ബോക്സി ഡിസൈനാണു ടീസറുകൾ കാണിക്കുന്നത്. റിയൽമി C85 പ്രോയുടെ പിന്നിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറ, എൽഇഡി റിംഗ് ലൈറ്റ്, ഫ്ലാഷ് എന്നിവയുള്ള സ്ക്വയർ ഷേപ്പിലുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന സാധാരണ റിയൽമി C85 4G, 5G മോഡലുകളെ പോലെത്തന്നെ, പ്രോ മോഡലും 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് TDRA, EEC, TÜV SÜD എന്നിവയിൽ നിന്നുള്ള മുൻ സർട്ടിഫിക്കേഷനുകൾ സ്ഥിരീകരിക്കുന്നു.
പരസ്യം
പരസ്യം