Photo Credit: Samsung
സാംസങ്ങിൻ്റെ പുതിയ മോഡൽ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുമ്പോൾ ഏവരും ഒന്നു ശ്രദ്ധിക്കും. പ്രീമിയം ഫോണുകളും ബഡ്ജറ്റ് ഫോണുകളും അടക്കം എല്ലാ റേഞ്ചിലുള്ള സ്മാർട്ട്ഫോണുകളും പുറത്തിറക്കുന്ന സാംസങ്ങ് മികച്ച ഫീച്ചറുകൾ നൽകാൻ ശ്രമിക്കുമെന്ന വിശ്വാസം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ മറ്റൊരു ഹാൻഡ്സെറ്റ് കൂടി സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്ങ് ഗാലക്സി M15 പ്രൈം എഡിഷനാണ് ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഏപ്രിലിൽ പുറത്തിറങ്ങിയ ഗാലക്‌സി M15 5G ഫോണിനു സമാനമായ സവിശേഷതകളുമായാണ് ഇതും വിപണിയിൽ വരുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB വരെയുള്ള RAM, 6,000mAh ബാറ്ററി എന്നിവ ഇതിൽ നൽകിയിരിക്കുന്നു. 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന ഈ ഹാൻഡ്സെറ്റിൽ 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഫോണിന് ഭാവിയിൽ നാല് OS അപ്‌ഡേറ്റുകൾ ലഭിക്കും.
സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷൻ്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 10999 രൂപ മുതലാണ്. 4GB RAM + 128GB സ്റ്റോറേജ് മോഡലിനാണ് ഈ വില. 6GB RAM + 128GB സ്റ്റോറേജ് എഡിഷന് 11999 രൂപയും 8GB RAM + 128GB സ്റ്റോറേജ് വേരിയൻ്റിന് 13499 രൂപയുമാണ് വില. ആമസോണിൽ നിന്നും സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഫോൺ വാങ്ങാം. ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.
സാംസങ്ങ് ഗാലക്സി M15 5G പ്രൈം എഡിഷന് 90Hz റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ HD (1,080 x 2,340 pixels) സൂപ്പർ AMOLED ഡിസ്‌പ്ലേയാണുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ 8GB വരെ RAM + 128GB സ്റ്റോറേജുമായാണ് വരുന്നത്. ഇത് ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിൻ്റെ വൺ Ul 6.0 ൽ പ്രവർത്തിക്കുന്നു. നാല് പ്രധാന അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിനു ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറക്കു പുറമെ 5 മെഗാപിക്സലും 2 മെഗാപിക്സലുമുള്ള രണ്ടു ക്യാമറകൾ റിയർ ക്യാമറ യൂണിറ്റിലുണ്ട്. സെൽഫികൾക്കായുള്ള ഫ്രണ്ട് ക്യാമറ 13 മെഗാപിക്സലാണ്.
6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. സുരക്ഷയ്ക്കായി വശത്ത് ഫിംഗർപ്രിൻ്റ് സെൻസറുണ്ട്. സാംസങ്ങിൻ്റെ നോക്‌സ് സെക്യൂരിറ്റി, എളുപ്പത്തിലുള്ള ഫയൽ കൈമാറ്റങ്ങൾക്കുള്ള ക്വിക്ക് ഷെയർ, കോൾ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വോയ്‌സ് ഫോക്കസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 5G, 4G നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്ന ഈ ഫോണിൽ GPS, ബ്ലൂടൂത്ത് 5.3, ഒരു USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമുണ്ട്. ഫോണിൻ്റെ വലുപ്പം 160.1 x 76.8 x 9.3 മില്ലിമീറ്ററും ഭാരം 217 ഗ്രാമും ആണ്.
പരസ്യം
പരസ്യം