സാംസങ്ങ് ഗാലക്സി A57 ഉടനെ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകി മോഡൽ നമ്പർ സാംസങ്ങ് സെർവറിൽ
Photo Credit: Samsung
സാംസങ്ങ് ഗാലക്സി A57 ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്
ഇക്കഴിഞ്ഞ മാർച്ചിൽ ലോഞ്ച് ചെയ്ത ഗാലക്സി A56-ൻ്റെ പിൻഗാമിയായി ഗാലക്സി A57 പുറത്തിറക്കാൻ സാംസങ്ങ് ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. കമ്പനി ഇതുവരെ ഈ ഫോൺ വിപണിയിൽ എത്തിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫോണുമായി ബന്ധപ്പെട്ട ഒരു മോഡൽ നമ്പർ സാംസങ്ങ് സെർവറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു ഫോണിൻ്റെ ലോഞ്ച് ഉടൻ നടക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു. വരാനിരിക്കുന്ന ഗാലക്സി A57 സാംസങ്ങിന്റെ പുതിയ എക്സിനോസ് 1680 ചിപ്സെറ്റ് ഉപയോഗിച്ചേക്കാമെന്നും ഇത് മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫോണിൻ്റെ സവിശേഷതകളെ കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷേ ഗാലക്സി A57 ഗാലക്സി A56-നെ അപേക്ഷിച്ച് നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്സി A56 ഫോൺ 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എക്സിനോസ് 1580 പ്രോസസർ, 50 മെഗാപിക്സൽ പ്രധാന ക്യാമറ എന്നിവയുമായാണ് വന്നത്.
സാംസങ്ങിന്റെ ടെസ്റ്റ് സെർവറിൽ A576B എന്ന മോഡൽ നമ്പറിലുള്ള ഫോൺ കണ്ടെത്തിയതായും അത് സാംസങ്ങ് ഗാലക്സി A57 ആയിരിക്കുമെന്നും എക്സിലൂടെ (മുമ്പ് ട്വിറ്റർ) അഖിലേഷ് കുമാർ (@Koram_Akhilesh) എന്ന യൂസർ അവകാശപ്പെട്ടു. 'A' എന്ന അക്ഷരം ഈ ഫോൺ ഗാലക്സി A സീരീസിൽ പെട്ടതാണെന്ന് സ്ഥിരീകരിക്കുന്നു, അതേസമയം അവസാനമുള്ള 'B' ഇത് ഒരു ഗ്ലോബൽ വേരിയൻ്റ് ആകാമെന്ന സൂചനയും നൽകുന്നു.
പോസ്റ്റ് അനുസരിച്ച്, A576BXXU0AYJ7, A576BXXM0AYJ7, A576BXXU0AYJ7 എന്നീ ഇന്റേണൽ ഫേംവെയർ വേർഷനുകളുള്ള ഗാലക്സി A57 നിലവിൽ പരീക്ഷിച്ചു വരികയാണ്. ഫോണിന്റെ ലോഞ്ച് ഉടൻ നടന്നേക്കാമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. നേരത്തെ, ഇതേ ഡിവൈസ് IMEI ഡാറ്റാബേസിൽ SM-A576B/DS എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പേരിലുള്ള 'DS' എന്നത് ഫോൺ ഡ്യുവൽ സിം കാർഡുകളെ പിന്തുണയ്ക്കും എന്നർത്ഥമാക്കുന്നു.
മുൻപു ലീക്കായി പുറത്തു വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഗാലക്സി A57 സാംസങ്ങിന്റെ എക്സിനോസ് 1680 ചിപ്സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കും എന്നാണ്. 2026 മാർച്ചിൽ സ്മാർട്ട്ഫോൺ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
മാർച്ചിൽ ലോഞ്ച് ചെയ്ത ഗാലക്സി A56-ന് ശേഷം ഈ ലൈനപ്പിലെ അടുത്ത മോഡലായി സാംസങ്ങ് ഗാലക്സി A57 എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഗാലക്സി A56 ഫോണിന് 41,999 രൂപയായിരുന്നു ലോഞ്ച് സമയത്തെ വില. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ സാംസങ്ങിന്റെ വൺ യുഐ 7 സോഫ്റ്റ്വെയറിൽ ഇത് പ്രവർത്തിക്കുന്നു. ഈ ഫോണിന് ആറ് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റവും സെക്യൂരിറ്റി അപ്ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മികച്ച കാഴ്ചയ്ക്കും സ്ക്രോളിംഗിനുമായി 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് സ്ക്രീൻ ഗാലക്സി A56-ൽ ഉണ്ട്. സാംസങ്ങിന്റെ എക്സിനോസ് 1580 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. പിന്നിൽ, 50 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ വരുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP67 റേറ്റിങ്ങും സാംസങ്ങ് ഗാലക്സി A56 ഫോണിനുണ്ട്
പരസ്യം
പരസ്യം