ഇന്ത്യയിൽ ഓപ്പോ റെനോ 15 സീരീസ് ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള ടൈംലൈൻ പുറത്ത്
Photo Credit: Oppo
Oppo Reno 15 സീരീസ് ഇന്ത്യയിൽ ഡിസംബർ അവസാനം ലോഞ്ചാകും
സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഓപ്പോ തങ്ങളുടെ പുതിയ റെനോ 15 സീരീസ് വരുന്ന ആഴ്ചകളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോണിൻ്റെ സവിശേഷതകൾ, വില എന്നിവയെക്കുറിച്ച് കമ്പനി ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്കുകളും മുൻപു പുറത്തുവന്ന റിപ്പോർട്ടുകളും ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ പങ്കുവച്ചിട്ടുണ്ട്. റെനോ 15 സീരീസിൽ ഒന്നിലധികം മോഡലുകൾ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. റെനോ 15, റെനോ 15 പ്രോ, റെനോ 15 മിനി എന്നിവയായിരിക്കാം ഈ മോഡലുകൾ. മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറാണ് ഈ ഫോണുകൾക്കു കരുത്തു നൽകുന്നത്. സീരീസിലെ എല്ലാ ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുമെന്നും പ്രതീക്ഷിക്കുന്നു. 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയുമായി എത്തുന്ന, റെനോ 14 പ്രോയുടെ പിൻഗാമിയായ റെനോ 15 പ്രോ ഈ സീരീസിലെ ഏറ്റവും പ്രീമിയം മോഡലായിരിക്കാൻ സാധ്യതയുണ്ട്. ഇവയുടെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓപ്പോ റെനോ 15 സീരീസിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിനായി 91 മൊബൈൽസും പ്രശസ്ത ടിപ്സ്റ്റർ സുധാൻഷു അംബോറും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഡിസംബറിൽ ഓപ്പോ റെനോ 15 ലൈനപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റെനോ 15, റെനോ 15 പ്രോ, റെനോ 15 മിനി എന്നീ മൂന്ന് മോഡലുകൾ ഈ പരമ്പരയിൽ ഉൾപ്പെട്ടേക്കും. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മാക്സ് എന്നീ പേരുകളിൽ ഓപ്പോ പുതിയ ലൈനപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായി നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. റെനോ 15 ഈ സീരീസിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ഒതുക്കമുള്ള മോഡലായിരിക്കുമെന്നും ഈ റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
അടുത്തിടെ ലീക്കായ വിവരങ്ങൾ പ്രകാരം, ഓപ്പോ റെനോ 15 സീരീസിന് മികച്ച ഡിസ്‌പ്ലേയും സവിശേഷതകളും ഉണ്ടായിരിക്കും. ഓപ്പോ റെനോ 15 പ്രോയ്ക്ക് 6.78 ഇഞ്ച് വലിപ്പമുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയും, റെനോ 15 മിനിക്ക് 1.5K റെസല്യൂഷനുള്ള ചെറിയ 6.32 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് റെനോ 15-ന് 6.59 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയും ഉണ്ടായിരിക്കാം. മൂന്ന് ഫോണുകൾക്കും പ്രീമിയം ബിൽഡ് ക്വാളിറ്റി നൽകുന്ന മെറ്റൽ ഫ്രെയിം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിംഗുകളാണ് ഈ സീരീസ് ഫോണുകൾക്കുണ്ടാവുക.
ഓപ്പോ റെനോ 15 സീരീസിന് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെനോ 15 പ്രോ മാക്‌സ് എന്ന പേരിൽ പുറത്തിറക്കുമെന്ന് കരുതിയിരുന്ന റെനോ 15 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറും 6,500mAh ബാറ്ററിയും ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഈ മോഡൽ 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.
ക്യാമറകളുടെ കാര്യത്തിൽ, റെനോ 15 പ്രോയിലും റെനോ 15 മിനിയിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം. ഇതിൽ 200 മെഗാപിക്സൽ സാംസങ് ഐസോസെൽ HP5 മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 50 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവ ഉൾപ്പെടാം. രണ്ട് സ്മാർട്ട്‌ഫോണുകളുടെയും മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം