Photo Credit: Samsung
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ വിശ്വസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്ങ്. മികച്ച പ്രീമിയം ഫോണുകളും അതുപോലെത്തന്നെ ബഡ്ജറ്റ് ഫോണുകളും അവർ പുറത്തിറക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ വളരെ സ്വീകാര്യതയുള്ള സാംസങ് രണ്ട് പുതിയ ഫോണുകൾ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി A16 5G, ഗാലക്‌സി A16 4G എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. സാംസങ്ങ് ഗാലക്സി A15 5G, ഗാലക്സി A15 4G മോഡലുകളുടെ പിൻഗാമിയായാണ് പുതിയ മോഡലുകൾ എത്തുന്നത്. അടുത്തിടെ, ഈ ഫോണുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പുറത്തു വന്നിരുന്നു. മുമ്പത്തെ റിപ്പോർട്ടുകൾ ഈ മോഡലുകളുടെ ചിത്രങ്ങൾ, ഇവ പുറത്തു വരാൻ സാധ്യതയുള്ള തീയ്യതി, വില എന്നിവ സംബന്ധിച്ച വിവരങ്ങളാണു പുറത്തു വിട്ടത്. ഇപ്പോൾ, ഗാലക്‌സി A16 5G, ഗാലക്സി A16 4G മോഡലുകളുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒരു പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
സാംസങ്ങ് ഗാലക്സി A16 4G, സാംസങ്ങ് ഗാലക്സി A16 5G എന്നിവയിൽ 90Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ HD+ (2340 x 1080 pixels) സൂപ്പർ AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സമിൻസൈഡറിൻ്റെ റിപ്പോർട്ട് പറയുന്നു. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള നിലവിലെ ഗാലക്‌സി A15 മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡലുകളിൽ വലിയ സ്‌ക്രീൻ ആയിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
സാംസങ് ഗാലക്‌സി A16 സ്മാർട്ട്ഫോൺ 4G, 5G മോഡലുകളിലാണു വരികയെന്ന കാര്യം വ്യക്തമായതാണ്. 4G വേരിയൻ്റിൽ പഴയ മോഡലിനെ പോലെ തന്നെ മീഡിയാടെക് ഹീലിയോ G99 ചിപ്പ് ഉപയോഗിക്കും. അതേസമയം 5G വേരിയൻ്റിൽ എക്സിനോസ് 1330 ചിപ്പ്സെറ്റാണ് ഉണ്ടായിരിക്കുക. 5G മോഡൽ മൈക്രോ SD കാർഡ് ഉപയോഗിച്ച് 1.5TB വരെ അധിക സ്റ്റോറേജ് കൂട്ടിച്ചേർക്കാൻ കഴിയും, എന്നാൽ 4G വേരിയൻ്റിന് 1TB വരെ മാത്രമേ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയൂ.
ചിപ്പുകളും സ്റ്റോറേജും ഒഴിച്ചു നിർത്തിയാൽ, രണ്ട് ഫോണുകളും ഏറെക്കുറെ സമാനമായിരിക്കും. രണ്ടും 4GB RAM + 128GB ബിൽറ്റ്-ഇൻ സ്റ്റോറേജുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ രണ്ടും സാംസങ്ങിൻ്റെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കും.
ക്യാമറകളുടെ കാര്യത്തിൽ, രണ്ട് മോഡലുകൾക്കും പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഉണ്ടായിരിക്കുക. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ റിയർ ക്യാമറ യൂണിറ്റിലുണ്ടാകും. ഫ്രണ്ട് ക്യാമറ 13 മെഗാപിക്സൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങ് ഗാലക്സി A16 ഫോണുകളിൽ ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉണ്ടായിരിക്കുക. 5G മോഡലിന് ഒരുപക്ഷേ NFC ഉണ്ടായിരിക്കും. കൂടാതെ പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണ് ഇവയിലുണ്ടാവുക. സുരക്ഷയ്ക്കായി വശത്ത് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.