Photo Credit: Poco
ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾക്ക് എക്കാലവും ആവശ്യക്കാർ നിരവധിയുണ്ട്. അതുകൊണ്ടു തന്നെ അത്തരം നിരവധി സ്മാർട്ട്ഫോണുകൾ ഓരോ ദിവസം വിപണിയിലേക്ക് എത്തുകയും ചെയ്യുന്നു. അക്കൂട്ടത്തിലേക്ക് പുതിയ സ്മാർട്ട്‌ഫോണായി പോക്കോ C75 എത്തുകയാണ്. ഈ ഫോൺ അടുത്ത ആഴ്ച ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്ന് പോക്കോ അറിയിച്ചു. എക്‌സിലെ (പഴയ ട്വിറ്റർ) ഒരു പോസ്റ്റിലൂടെയാണ് പോക്കോ ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയത്. ഇതിനൊപ്പം, ഫോണിൻ്റെ ഡിസൈനും നിരവധി സവിശേഷതകളും വെളിപ്പെടുത്തുന്ന ഒരു പോസ്റ്ററും പോക്കോ പങ്കിട്ടു. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെറ്റപ്പും 5160mAh ബാറ്ററിയുമായാണ് പോക്കോ C75 എത്തുന്നത്, ഇത് ദീർഘകാല ബാറ്ററി ലൈഫ് ഉറപ്പു നൽകുന്നു. റെഡ്മി 14C യുടെ റീബ്രാൻഡഡ് പതിപ്പാകുമെന്നു പ്രതീക്ഷിക്കുന്ന ഫോൺ റാം, സ്റ്റോറേജ് എന്നിവയിൽ രണ്ട് വ്യത്യസ്ത ഓപ്ഷനുകളിൽ ലഭ്യമാകും. ഈ ഫോൺ ആദ്യം വിൽപ്പനക്ക് എത്തുമ്പോൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാനും കഴിയും.
പോക്കോ C75 ഒക്‌ടോബർ 25 നാണ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന അറിയിപ്പ് അനുസരിച്ച്, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 109 ഡോളറും (ഏകദേശം 9,100 രൂപ) 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 129 ഡോളറും (ഏകദേശം 10000 രൂപ) വില വരും. ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. റെഡ്മി 14C യുടെ ഡിസൈനിനു സമാനമായി വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂൾ ആയിരിക്കും ഇതിനുണ്ടാവുക.
ആഗസ്റ്റിൽ ലോഞ്ച് ചെയ്ത റെഡ്മി 14C ഫോണിൻ്റെ അതേ ഹാർഡ്‌വെയർ തന്നെയാകും പോക്കോ C75 ലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്. റെഡ്മി 14C യുടെ 4GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CZK 2,999 (ഏകദേശം 11,100 രൂപ), 8GB RAM + 256GB സ്റ്റോറേജ് പതിപ്പിന് CZK 3,699 (ഏകദേശം 13,700 രൂപ) എന്നിങ്ങനെയാണ് വില വന്നിരുന്നത്.
പോക്കോ C75 ഹാൻഡ്സെറ്റിന് 6.88 ഇഞ്ച് ഡിസ്‌പ്ലേയും 5,160mAh ബാറ്ററിയും ആണ് ഉണ്ടാവുകയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോൺ വരുന്നത്. പ്രധാന ക്യാമറയ്ക്ക് 50 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കും.
റെഡ്മി 14C-ക്കു സമാനമായി, പോക്കോ C75-ലും മീഡിയാടെക് ഹീലിയോ G85 പ്രൊസസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 13 മെഗാപിക്സലിൻ്റെ മുൻ ക്യാമറ ഉണ്ടാകാൻ സാധ്യതയുണ്ട്. 18W ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ അൺലോക്ക് ചെയ്യുന്നതിന് സൈഡിൽ ഫിംഗർപ്രിൻ്റ് സെൻസറുമായി വരുമെന്നും പ്രതീക്ഷിക്കുന്നു. ആൻഡ്രോയ്ഡ് 14-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.
പരസ്യം
പരസ്യം