വൺപ്ലസ് നോർദ് 4 ഫോണുകളിൽ ഓക്സിജൻഒഎസ് 16 അപ്ഡേറ്റ് ആരംഭിച്ചു; വിശദമായി അറിയാം
നോർഡ് 4 ന് നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് വൺപ്ലസ് പറയുന്നു.
ചൊവ്വാഴ്ച വൺപ്ലസിൻ്റെ കമ്മ്യൂണിറ്റി ഫോറത്തിൽ പങ്കിട്ടതു പ്രകാരം, ഇന്ത്യയിലെ വൺപ്ലസ് നോർദ് 4 ഉപയോക്താക്കൾക്കു വേണ്ടി സ്റ്റേബിൾ ഓക്സിജൻഒഎസ് 16 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കാൻ തുടങ്ങി. ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ അപ്‌ഡേറ്റ്. കൂടാതെ നിരവധി പുതിയ സവിശേഷതകളും ഇതു കൊണ്ടുവരുന്നു. ഈ അപ്‌ഡേറ്റിലൂടെ അവതരിപ്പിക്കുന്ന പുതിയ ഫ്ലക്സ് തീമുകൾ ഫോണിന് കൂടുതൽ മികവുറ്റ രൂപം നൽകുന്നു. ഇതു പാരലൽ പ്രോസസ്സിംഗും ട്രിനിറ്റി എഞ്ചിനും അപ്‌ഗ്രേഡ് ചെയ്‌തത് മൊത്തത്തിലുള്ള പെർഫോമൻസും കാര്യക്ഷമതയും മെച്ചപ്പെടുത്തും. സുഗമമായ ദൃശ്യങ്ങളും ആനിമേഷനുകളും വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഗ്ലാസ്-ഇൻസ്പയേർഡ് ഡിസൈനാണ് ഇതിൻ്റെ യൂസർ ഇന്റർഫേസിൽ ഇപ്പോഴുള്ളത്. കൂടാതെ, ദിവസേനെയുള്ള ജോലികൾ എളുപ്പമാക്കുന്നതിന് ഓക്സിജൻഒഎസ് 16-ൽ നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സവിശേഷതകളും ഉൾപ്പെടുന്നു. ഹോം സ്‌ക്രീൻ, ലോക്ക് സ്‌ക്രീൻ, നോട്ടിഫിക്കേഷൻ പാനൽ, ക്വിക്ക് സെറ്റിംഗ്‌സ് മെനു എന്നിവയുൾപ്പെടെ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള കൂടുതൽ ഓപ്ഷനുകളും ഇതു നൽകും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 അപ്‌ഡേറ്റിനൊപ്പം വരുന്ന പുതിയ സവിശേഷതകളുടെ പട്ടിക വൺപ്ലസ് ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ പങ്കിട്ടു. ആദ്യം ഇന്ത്യയിലെ വൺപ്ലസ് നോർദ് 4 ഉപയോക്താക്കൾക്കായി ബാച്ചുകളായി അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. വരുന്ന കുറച്ച് ആഴ്ചകളിൽ മറ്റ് പ്രദേശങ്ങളിൽ ഇത് ലഭിക്കും. CPH2661_16.0.1.301(EX01) എന്ന ബിൽഡ് നമ്പറിലാണ് അപ്‌ഡേറ്റ് എത്തുന്നത്.
ചേഞ്ച്‌ലോഗ് അനുസരിച്ച്, പുതിയ ഡിസൈൻ ലാംഗ്വേജ് ഗൗസിയൻ ബ്ലർ ഇഫക്റ്റുകൾ, സ്മൂത്തായ റൗണ്ടഡ് കോർണറുകൾ, അർദ്ധസുതാര്യമായ ഘടകങ്ങൾ എന്നിവ ചേർക്കുന്നു. ഈ വിഷ്വൽ മാറ്റങ്ങൾ ക്വിക്ക് സെറ്റിംഗ്‌സിലും ഹോം സ്‌ക്രീനിലും ആപ്പ് ഡ്രോയറിലും ദൃശ്യമാകും. ഡാർക്ക് മോഡിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പുതിയ ഹോം സ്‌ക്രീൻ ഐക്കണുകളും അപ്‌ഡേറ്റ് കൊണ്ടുവരുന്നു. വൺപ്ലസ് ഐക്കണുകൾക്ക് കീഴിലുള്ള ടെക്സ്റ്റ് ലേബലുകൾ നീക്കം ചെയ്യുകയും ഐക്കണുകൾ, ഫോൾഡറുകൾ, വിജറ്റുകൾ എന്നിവയ്‌ക്കുള്ള ഗ്രിഡ് ലേഔട്ട് മെച്ചപ്പെടുത്തുകയും ചെയ്‌തു, ഇത് ഇന്റർഫേസിന് കൂടുതൽ വൃത്തിയുള്ള രൂപം നൽകുന്നു.
കസ്റ്റമൈസേഷൻ ഓപ്ഷനുകളിൽ, ഉപയോക്താക്കൾക്ക് AI- പവർഡ് ഫ്ലക്സ് തീമുകളും ഡൈനാമിക് ആനിമേഷനുകൾ കാണിക്കുന്ന പുതിയ മോഷൻ വാൾപേപ്പറുകളും ലഭിക്കുന്നു. AI ഡെപ്ത് ഇഫക്‌റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ മോഷൻ ഫോട്ടോകളോ വീഡിയോകളോ നിങ്ങളുടെ വാൾപേപ്പറായി സജ്ജമാക്കാൻ കഴിയും. വിഡ്ജറ്റിൻ്റെ പേരുകളും ഇഷ്ടാനുസൃതമാക്കാൻ കഴിയും, കൂടുതൽ പേഴ്സണൽ എക്സ്പ്രഷൻ നൽകാൻ ലോക്ക് സ്ക്രീനിൽ നിങ്ങളുടേതായ ഇഷ്ടാനുസൃത വാചകം ചേർക്കാനും ഓപ്ഷൻ ഉണ്ട്.
വൺപ്ലസ് പറയുന്നതു പ്രകാരം, ഓക്സിജൻഒഎസ് 16-ലെ AI സ്യൂട്ടിൽ AI-പവേർഡ് ഫോട്ടോസ് ഉൾപ്പെടുന്നു. അതിൽ സ്പ്ലിറ്റിങ്ങ് ക്ലിപ്പ്സ്, വീഡിയോസ് മെർജ് ചെയ്യൽ, പ്ലേബാക്ക് സ്പീഡ് മാറ്റൽ തുടങ്ങിയ പുതിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും ഉണ്ട്. AI പോർട്രെയിറ്റ് ഗ്ലോ ഫീച്ചറിന് ബുദ്ധിമുട്ടുള്ള ലൈറ്റിംഗ് കണ്ടെത്താനും കൂടുതൽ മികച്ച ഫോട്ടോയ്‌ക്കായി ബ്രൈറ്റ്നസ് പരിഹരിക്കാൻ അൽഗോരിതങ്ങൾ ഉപയോഗിക്കാനും കഴിയും. കൂടുതൽ എളുപ്പത്തിൽ കണ്ടൻ്റുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് വൺപ്ലസ് 4-ൽ AI അടിസ്ഥാനമാക്കിയ റൈറ്റിങ്ങ് ടൂളുകളും ലഭിക്കുന്നു. AI നോട്ട്സ്, AI റെക്കോർഡർ ആപ്പ് തുടങ്ങിയവയും മെച്ചപ്പെടുത്തി.
മൈൻഡ് സ്‌പേസ് വിഭാഗത്തിനുള്ളിൽ പ്ലസ് മൈൻഡ് എന്ന പുതിയ സവിശേഷതയും ഈ അപ്‌ഡേറ്റ് കൂട്ടിച്ചേർക്കുന്നു. സ്‌ക്രീനിൽ ദൃശ്യമാകുന്നത് തിരിച്ചറിയാനും അത് ഓട്ടോമാറ്റിക്കായി പകർത്താനും ഇതിന് കഴിയും.
ഓക്സിജൻഒഎസ് 16 സ്മൂത്തായ ഡിസ്‌പ്ലേ ആനിമേഷനുകൾ, വിഡ്ജറ്റുകൾ, ഫോൾഡറുകൾ, ഐക്കണുകൾ എന്നിവയ്‌ക്കായി മികച്ച ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് മൂവ്മെൻ്റ്സ്, ലുമിനസ് റെൻഡറിംഗ് എഞ്ചിൻ നൽകുന്ന പുതിയ ലൈറ്റ്-ഫീൽഡ് മോഷൻ ഇഫക്റ്റുകൾ എന്നിവ കൊണ്ടുവരുന്നു. വേഗതയേറിയ ആപ്പ് ലോഞ്ചുകൾ, വീഡിയോ പ്ലേബാക്കിലും ഗെയിമിംഗിലും മികച്ച പെർഫോമൻസ്, ദൈർഘ്യമേറിയ ക്യാമറ ഉപയോഗം, കാഷെ ചെയ്‌ത വീഡിയോകൾക്കായി വേഗത്തിലുള്ള പ്രിവ്യൂകൾ, ബാറ്ററി സേവിങ്ങ് മോഡ് ഓണായിരിക്കുമ്പോൾ മികച്ച പവർ മാനേജ്‌മെന്റ് എന്നിവയും കമ്പനി അവകാശപ്പെടുന്നു.
വേഗത്തിലുള്ള ഫയൽ ട്രാൻസ്ഫറുകൾക്കായി ടച്ച് ടു ഷെയർ, വൺപ്ലസ് കണക്റ്റ്, മെച്ചപ്പെട്ട ഇൻ-കാർ ബ്ലൂടൂത്ത് പെയറിംഗ്, AI ലിങ്ക്ബൂസ്റ്റ് നെറ്റ്‌വർക്ക് എഞ്ചിനായി റീഡിസൈൻ ചെയ്ത ഇന്റർഫേസ്, എല്ലാ AI സെറ്റിങ്ങ്സിനുമായി ഒരു പുതിയ ഡെഡിക്കേറ്റഡ് പേജ് എന്നിവയാണ് മറ്റ് കൂട്ടിച്ചേർക്കലുകൾ.
അതേസമയം, വൺപ്ലസ് നോർഡ് 5, വൺപ്ലസ് നോർഡ് 4 CE എന്നിവയ്ക്കായി ഓക്സിജൻഒഎസ് 16 പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് അവകാശപ്പെടുന്നു, എന്നാൽ കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പരസ്യം
പരസ്യം