വൺപ്ലസ് ഏയ്സ് 6 ടർബോ പുറത്തു വരാനൊരുങ്ങുന്നു; ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
വൺപ്ലസ് ഉടൻ തന്നെ ചൈനയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ് ഘടിപ്പിച്ച വൺപ്ലസ് ഏസ് 6T പുറത്തിറക്കാൻ പോകുന്നു.
പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറുമായി വരുന്ന വൺപ്ലസ് ഏയ്സ് 6T ചൈനയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബ്രാൻഡായ വൺപ്ലസ്. എന്നാൽ പുറത്തു വരുന്ന പുതിയ ലീക്കുകൾ പ്രകാരം, സ്നാപ്ഡ്രാഗൺ 8 സീരീസ് ചിപ്പ് കരുത്തു നൽകുന്ന മറ്റൊരു T സീരീസ് ഫോൺ കൂടി പുറത്തിറക്കാൻ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഈ ഫോണിൻ്റെ കൃത്യമായ പേര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചൈനയിൽ വൺപ്ലസ് ഏയ്സ് 6 ടർബോ എന്ന പേരിൽ ഇത് ലോഞ്ച് ചെയ്യുമെന്നാണ്. സാധാരണ ഏയ്സ് 6 സീരീസിനെ അപേക്ഷിച്ച് പുതിയ ഫോൺ കൂടുതൽ മികച്ച പെർഫോമൻസ്, മെച്ചപ്പെട്ട കൂളിംഗ്, മികച്ച ബാറ്ററി എന്നിവ വാഗ്ദാനം ചെയ്തേക്കാം. സമീപ മാസങ്ങളിൽ, വ്യത്യസ്തമായ വില ശ്രേണികളിലായി നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി വൺപ്ലസ് വിപണിയിൽ നിറഞ്ഞു നിൽക്കുകയാണ്. വരാനിരിക്കുന്ന ഈ ടർബോ മോഡലിലൂടെ, ബ്രാൻഡ് തങ്ങളുടെ ലൈനപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നു വേണം കരുതാൻ.
പ്രശസ്ത ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ നിന്നുള്ള ഒരു ലീക്ക് പ്രകാരം, വൺപ്ലസ് ഒരു പുതിയ ഫോൺ തയ്യാറാക്കുകയാണ്. ഈ ഫോൺ, ഒരുപക്ഷേ എയ്‌സ് സീരീസിന്റെ ഭാഗമായിരിക്കും, ഫോണിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറും ആയിരിക്കും. ചൈനയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന് മുമ്പ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, ഡൈമെൻസിറ്റി 8500 ചിപ്പ് ഉപയോഗിക്കുന്ന മറ്റ് ബ്രാൻഡുകളുടെ ഫോണുകളോടു മത്സരിക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ മോഡൽ വൺപ്ലസ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നു ടിപ്‌സ്റ്റർ പറയുന്നു.
ഈ വൺപ്ലസ് ഫോണിന്റെ പ്രധാന എതിരാളികളായി കരുതുന്നത് റെഡ്മി ടർബോ 5, റിയൽമി നിയോ 8 SE എന്നിവ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രണ്ടു ഫോണുകളും ഡൈമെൻസിറ്റി 8500 ചിപ്പ് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. മത്സരാധിഷ്ഠിത വിലയിൽ ഉയർന്ന പ്രകടനവും മികച്ച ബാറ്ററി ലൈഫും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ ഫോണുകൾ ലക്ഷ്യമിടുന്നതെന്ന് പ്രതീക്ഷിക്കുന്നു.
ലോഞ്ചിനെ കുറിച്ചുള്ള സൂചനകൾ പ്രകാരം ഈ ഫോണുകൾ ജനുവരിയിലോ ഫെബ്രുവരി ആദ്യ പകുതിയിലോ സ്പ്രിംഗ് ഫെസ്റ്റിവലിന് തൊട്ടുമുമ്പ് ഔദ്യോഗികമായി പുറത്തിറങ്ങിയേക്കാം. പുതിയ വൺപ്ലസ് ഏയ്സ് ഫോൺ വേഗതയേറിയ ഡിസ്‌പ്ലേ, വലിയ ബാറ്ററി, അഡ്വാൻസ്ഡ് കൂളിംഗ് സിസ്റ്റം തുടങ്ങി മികച്ച സവിശേഷതകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് സവിശേഷതകൾ എടുത്തു നോക്കിയാൽ, വരാനിരിക്കുന്ന ഈ വൺപ്ലസ് ഫോണിൽ 1.5K റെസല്യൂഷനോടു കൂടിയ 6.78 ഇഞ്ച് OLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു, ഇത് വ്യക്തമായ ദൃശ്യങ്ങൾ നൽകും. ഡിസ്പ്ലേ ഉയർന്ന റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കും. ഇത് 144Hz അല്ലെങ്കിൽ 165Hz ആയിരിക്കും. ബാറ്ററി കപ്പാസിറ്റി ഏകദേശം 9,000mAh ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. വൺപ്ലസ് ഏയ്സ് 6T-യുടെ ബാറ്ററിയെ അപേക്ഷിച്ച് ഇതൊരു അപ്ഗ്രേഡാണ്.
കൂടാതെ, ഈ ഫോണിൽ ഫാസ്റ്റ് ചാർജിംഗ് പിന്തുണയും കനത്ത ഉപയോഗ സമയത്ത് അമിതമായി ചൂടാകുന്നത് തടയാൻ വിപുലമായ തെർമൽ മാനേജ്മെൻ്റ് സംവിധാനവും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ നൽകുന്ന വൺപ്ലസ് 15R ഡിസംബർ 17-ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് അടുത്തിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ വൺപ്ലസ് ഫോണിന്റെ ലീക്കായ സ്പെസിഫിക്കേഷനുകൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്ന വൺപ്ലസ് നോർഡ് 6-ൻ്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്നു. അതിനാൽ ഫോൺ ഗ്ലോബൽ മാർക്കറ്റിൽ റീബ്രാൻഡ് ചെയ്തു വരാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം