വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു
Photo Credit: OnePlus
വൺപ്ലസ് 15R, പാഡ് ഗോ 2 ഇന്ത്യയിൽ ഉടൻ ലോഞ്ച്, സവിശേഷതകൾ വെളിപ്പെട്ടു.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ, ഗാഡ്ജറ്റ്സ് ആരാധകർക്ക് ആവേശമുണ്ടാക്കുന്ന പ്രഖ്യാപനവുമായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്. കമ്പനിയുടെ രണ്ടു പ്രൊഡക്റ്റുകളുടെ ലോഞ്ചിങ്ങ് ഇന്ത്യയിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നീ ഡിവൈസുകളാണ് ഇന്ത്യൻ വിപണിയിലേക്ക് ഒരുമിച്ച് എത്തുന്നത്. വൺപ്ലസ് ഏയ്സ് 6T-യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 15R, ഇന്ത്യയിലെ വൺപ്ലസ് 15 സീരീസിലേക്കുള്ള പുതിയ എൻട്രിയാകും. ആമസോണിലൂടെയും ഒഫീഷ്യൽ വൺപ്ലസ് ഓൺലൈൻ സ്റ്റോറിലൂടെയുമാണ് ഇത് വിൽക്കുക. ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റുമായി ഈ ഫോൺ വരുമെന്നും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്. ഈ സ്മാർട്ട്‌ഫോണിനൊപ്പം, വൺപ്ലസ് പാഡ് ഗോ 2-വും കമ്പനി അവതരിപ്പിക്കുന്നുണ്ട്. 2023-ൽ ലോഞ്ച് ചെയ്ത വൺപ്ലസ് പാഡ് ഗോയുടെ പിൻഗാമിയായ ഈ പുതിയ ടാബ്‌ലെറ്റ്, സിംഗിൾ റിയർ ക്യാമറയുമായി വരും. ഇന്ത്യയിലെ വൺപ്ലസ് ആരാധകർ വലിയ ആവേശത്തോടെയാണ് ഈ ലോഞ്ചിനു വേണ്ടി കാത്തിരിക്കുന്നത്.
വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നിവ ഡിസംബർ 17-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൺപ്ലസ് 15R ചാർക്കോൾ ബ്ലാക്ക്, മിണ്ടി ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. അതേസമയം, വൺപ്ലസ് പാഡ് ഗോ 2 ലഭ്യമാവുക ഷാഡോ ബ്ലാക്ക്, ലാവെൻഡർ ഡ്രിഫ്റ്റ് എന്നീ നിറങ്ങളിലാണ്. ഈ മാസം ആദ്യം ഇന്ത്യയിലെത്തിയ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 15 സീരീസിലെ പുതിയ എൻട്രിയാണ് വൺപ്ലസ് 15R.
വൺപ്ലസ് 15R ശക്തമായ പ്രൊട്ടക്ഷൻ റേറ്റിംഗുകളോടെയാണ് എത്തുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP66, IP68, IP69, IP69K റേറ്റിങ്ങുകൾ ഈ ഫോണിനുണ്ട്. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഈ ഫോണിൽ ഉണ്ടായിരിക്കും. വലതുവശത്ത് ഒരു പവർ ബട്ടണും വോളിയം കീകളും ഇതിൽ ഉൾപ്പെടും, അതേസമയം ഇടതുവശത്ത് എന്താണെന്നു കൃത്യമായി വ്യക്തമാക്കാത്ത ഒരു അഡീഷണൽ ബട്ടണും സ്ഥാപിക്കും. ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ഓക്സിജൻ ഒഎസിലാണു പ്രവർത്തിക്കുക.
അതേസമയം, വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോ എന്ന സ്റ്റൈലസിനെ പിന്തുണയ്ക്കുന്നതാണ് വൺപ്ലസ് പാഡ് ഗോ 2. ഈ ടാബ്‌ലെറ്റിൽ ഒരൊറ്റ റിയർ ക്യാമറയും 5G കണക്റ്റിവിറ്റിയും ഉണ്ടായിരിക്കും. 2023 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് പാഡ് ഗോയുടെ പിൻഗാമിയായാണ് ഈ പുതിയ ടാബ്‌ലെറ്റ് പുറത്തിറങ്ങുന്നത്. ഈ രണ്ട് പുതിയ ഉൽപ്പന്നങ്ങളിലൂടെ, മികച്ച സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും തിരയുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകളും അപ്‌ഗ്രേഡുകളും കൊണ്ടുവരാനാണ് വൺപ്ലസ് ലക്ഷ്യമിടുന്നത്.
വൺപ്ലസ് 15R, ചൈനയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ ആഗോള പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബർ 26-ന് ലോഞ്ച് ചെയ്യാൻ പോകുന്ന പുതിയ ചിപ്‌സെറ്റായ ക്യാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറും ഈ ഫോണിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ക്യാമറകളുടെ കാര്യത്തിൽ, വൺപ്ലസ് 15R-ൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ട്. 16GB വരെ LPDDR5x അൾട്രാ റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്തേക്കാം.
പരസ്യം
പരസ്യം