നത്തിങ്ങ് ഫോൺ 3a ലൈറ്റ് ആഗോള വിപണികളിൽ എത്തി; വിവരങ്ങൾ അറിയാം
നത്തിംഗ് ഫോൺ 3a ലൈറ്റിൽ 50-മെഗാപിക്സൽ പ്രൈമറി പിൻ ക്യാമറയുണ്ട്.
ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് തങ്ങളുടെ സ്മാർട്ട്‌ഫോൺ ലൈനപ്പ് വിപുലീകരിച്ച് ബുധനാഴ്ച ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3a ലൈറ്റ് പുറത്തിറക്കി. കാൾ പെയുടെ നേതൃത്വത്തിലുള്ള കമ്പനി, ഏറ്റവും പുതിയ റിലീസിലൂടെ മിഡ്‌റേഞ്ച് വിപണിയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരുന്നു. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രോസസറാണ് ഈ ഫോണിനു കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇതിലുണ്ടാകും. 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 33W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ ഈ ഫോൺ പിന്തുണയ്ക്കും. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ലഭ്യമാകുന്ന നത്തിങ്ങ് ഫോൺ 3a ലൈറ്റ് നത്തിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണു വാങ്ങാനാവുക. രണ്ട് കളർ വേരിയന്റുകളിൽ ഈ ഫോൺ എത്തും. ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങിനെ കുറിച്ച് കമ്പനി ഒന്നും പരാമർശിച്ചിട്ടില്ല.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നത്തിങ്ങ് ഫോൺ 3a ലൈറ്റിന്റെ അടിസ്ഥാന മോഡലിനു വില EUR 249 (ഏകദേശം 25,600 രൂപ) ആണ്. യുകെയിൽ, ഇതേ പതിപ്പിന് GBP 249 (ഏകദേശം 29,000 രൂപ) വില വരുന്നു. 256 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് യൂറോപ്പിൽ EUR 279 (ഏകദേശം 28,700 രൂപ), UK-യിൽ GBP 279 (ഏകദേശം 32,500 രൂപ) എന്നിങ്ങനെയാണ് വില.
തിരഞ്ഞെടുത്ത വിപണികളിൽ ഇന്ന് മുതൽ വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. 128 ജിബി മോഡൽ നത്തിങ്ങിന്റെ ഓൺലൈൻ സ്റ്റോറിലൂടെയും മറ്റ് റീട്ടെയിൽ പങ്കാളികളിലൂടെയും വാങ്ങാം. അതേസമയം 256 ജിബി പതിപ്പ് നത്തിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ ലഭ്യമാകൂ.
ഡ്യുവൽ സിം 5G സ്മാർട്ട്‌ഫോണായ നത്തിംഗ് ഫോൺ 3a ലൈറ്റ് ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ നത്തിംഗ്ഒഎസ് 3.5-ൽ പ്രവർത്തിക്കുന്നു. ഇതിനു മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 120Hz വരെ റീഫ്രഷ് റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്‌നസ്, 1,000Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്ന 6.77 ഇഞ്ച് ഫുൾ HD+ ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
8GB റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമുള്ള 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാൻ കഴിയും. മറ്റ് നത്തിംഗ് ഫോണുകളെപ്പോലെ, പിന്നിൽ ഗ്ലിഫ് ലൈറ്റ് നോട്ടിഫിക്കേഷൻ ഡിസൈൻ ഇതിലുമുണ്ട്.
50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, മറ്റൊരു സെക്കൻഡറി സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. 30fps-ൽ 4K, 60fps-ൽ 1080p, 120fps-ൽ സ്ലോ-മോഷൻ എന്നിങ്ങനെ വീഡിയോ റെക്കോർഡിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. നൈറ്റ് മോഡ്, പോർട്രെയിറ്റ് ഒപ്റ്റിമൈസർ, മോഷൻ ക്യാപ്ചർ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, തുടങ്ങിയവ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, നിരവധി സെൻസറുകൾ എന്നിവയും ഫോണിലുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP54 സർട്ടിഫിക്കേഷനുള്ള ഈ ഫോണിൻ്റെ മുൻപിലും പിന്നിലും പാണ്ട ഗ്ലാസ് സംരക്ഷണവുമുണ്ട്. 33W ഫാസ്റ്റ് ചാർജിംഗും 5W റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുമായെത്തുന്ന ഈ ഫോണിന് ഏകദേശം 199 ഗ്രാം ഭാരവും 164×78×8.3mm വലിപ്പവുമുണ്ട്.
പരസ്യം
പരസ്യം