മോട്ടോ G67 പവർ ഇന്ത്യൻ വിപണിയിലേക്ക്; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: Flipkart
ഹാൻഡ്‌സെറ്റ് MIL-810H, IP64 സംരക്ഷണം നൽകും.
മോട്ടോ G86 പവർ എന്ന മോഡലിനു പിന്നാലെ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ മോട്ടറോള ഒരുങ്ങുന്നു. മോട്ടോ G67 പവർ 5G എന്ന തങ്ങളുടെ പുതിയ മോഡൽ നവംബർ ആദ്യവാരം തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് മോട്ടോറോള ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ലോഞ്ചിങ്ങിനു മുന്നോടിയായി, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. മോട്ടോ G67 പവർ 5G-യിൽ 120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. സോണി സെൻസർ ഉപയോഗിക്കുന്ന 50 മെഗാപിക്സൽ മെയിൽ ക്യാമറ ഉൾപ്പെടെ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇതിനുണ്ടാകും. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയോടെയാണ് ഈ ഫോൺ വരുന്നതെന്നും മോട്ടോറോള സ്ഥിരീകരിച്ചു. പരുക്കൻ ഉപയോഗം, വീഴ്ചകൾ എന്നിവയെ കൂടുതൽ പ്രതിരോധിക്കാൻ ഇതിലൂടെ കഴിയും. ശക്തമായ 7,000mAh ബാറ്ററിയാണ് ഫോണിൻ്റെ മറ്റൊരു ഹൈലൈറ്റ്. ഇന്ത്യയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്താൻ പോകുന്ന ഫോണിനായി സ്മാർട്ട്ഫോൺ പ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുകയാണ്.
മോട്ടോ G67 പവർ 5G നവംബർ 5-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കമ്പനി ഇതുവരെ ഫോണിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഫോണിനായുള്ള ഒരു മൈക്രോസൈറ്റ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലൈവായിട്ടുണ്ട്. ലോഞ്ചിങ്ങിനു ശേഷം ഫ്ലിപ്കാർട്ട് വഴി ഫോൺ ലഭ്യമാകുമെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു.
പാന്റോണുമായി സഹകരിച്ച് ഡിസൈൻ ചെയ്ത മൂന്ന് നിറങ്ങളിൽ മോട്ടോ G67 പവർ 5G വരുമെന്ന് മോട്ടറോള വെളിപ്പെടുത്തിയിട്ടുണ്ട്. ബ്ലൂ, ഗ്രീൻ, പർപ്പിൾ നിറങ്ങളിലുള്ള ഷേഡുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ നിറങ്ങളുടെ കൃത്യമായ പേരുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കമ്പനി പറയുന്നതനുസരിച്ച്, മോട്ടോ G67 പവർ 5G-യിൽ 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുള്ള 6.7 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഫോണിന് MIL-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കാൻ IP64-റേറ്റഡ് ബിൽഡും ഉണ്ടായിരിക്കും. വീഗൻ ലെതർ ഫിനിഷുമായാണ് ഈ ഫോൺ എത്തുന്നത്.
സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ കരുത്തു നൽകുന്ന മോട്ടോ G67 പവർ 5G-യിൽ 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമാണ് ഉണ്ടാവുക. ഉപയോക്താക്കൾക്ക് റാം 24GB വരെ വെർച്വലായി വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UX-ൽ പ്രവർത്തിക്കുന്ന ഫോണിന് ആൻഡ്രോയിഡ് 16-ലേക്ക് അപ്‌ഗ്രേഡ് ലഭിക്കും. സൗണ്ട് ക്വാളിറ്റിക്കായി ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
ഫോട്ടോഗ്രാഫിക്ക്, ഫോണിൽ 50MP സോണി LYT-600 മെയിൻ സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. എല്ലാ ക്യാമറകളും 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും, കൂടാതെ മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റിക്കായി സിസ്റ്റം ഒരു AI ഫോട്ടോ എൻഹാൻസ്‌മെന്റ് എഞ്ചിനും ഉപയോഗിക്കും.
ത്രീ ഫിംഗർ സ്‌ക്രീൻഷോട്ട്, ഫാമിലി സ്‌പേസ് 3.0, വിവിധ ജെസ്റ്റർ ഷോർട്ട്‌കട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിലുണ്ട്. മോട്ടറോളയുടെ സ്മാർട്ട് കണക്ട് സ്യൂട്ട് വഴി ക്രോസ്-ഡിവൈസ് കണക്റ്റിവിറ്റിയും ഇത് പിന്തുണയ്ക്കും. മോട്ടോ G67 പവർ 5G-യിൽ 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇത് ഒറ്റ ചാർജിൽ 58 മണിക്കൂർ വരെ നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പരസ്യം
പരസ്യം