Photo Credit: Itel
ബജറ്റ് ഫോണുകൾ പുറത്തിറക്കുന്ന പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ ഐടെല്ലിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐടെൽ S25 അൾട്രാ 4G ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൻ്റെ ഡിസൈൻ, സവിശേഷതകൾ, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലീക്കായി പുറത്തു വന്നിരുന്നു. ഈ റിപ്പോർട്ടുകൾ പ്രകാരം, ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ഐടെൽ S25 അൾട്രാ 4G-യിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റായിരിക്കും ഉണ്ടാവുക. മുൻവശത്തെ ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ടായിരിക്കും. യൂണിസോക് T620 പ്രോസസർ ആയിരിക്കും ഐടെൽ S25 അൾട്രാക്ക് കരുത്തു നൽകുകയെന്നാണ് അഭ്യൂഹങ്ങൾ. 8GB വരെ RAM ഉള്ള മോഡലുകളായിരിക്കും ഇതിൽ ഉണ്ടാവുക. ബാറ്ററി ലൈഫ് മറ്റൊരു ഹൈലൈറ്റാണ്, 5000mAh ബാറ്ററിയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. ഇതു 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
@passionategeekz എന്ന എക്സ് ഹാൻഡിലിൽ അറിയപ്പെടുന്ന ടെക് ടിപ്സ്റ്ററായ പരാസ് ഗുഗ്ലാനിയാണ് ഐടെൽ S25 അൾട്രായുടെ ചില പ്രൊമോഷണൽ മെറ്റീരിയലുകളും ചിത്രങ്ങളും പങ്കിട്ടത്. ഈ മെറ്റീരിയലുകൾ അതിൻ്റെ ഡിസൈനിനെയും സവിശേഷതകളെയും കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. 4G സ്മാർട്ട്‌ഫോണിന് ഇന്ത്യയിൽ 15000 രൂപയിൽ താഴെയാകും വില. മറ്റു സ്ഥലങ്ങളിൽ ഏതാണ്ട് 160 ഡോളറോളം (ഏകദേശം 13500 രൂപ) വില വരുമെന്നും പ്രതീക്ഷിക്കുന്നു.
കറുപ്പ്, നീല, ടൈറ്റാനിയം എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐടെൽ S25 അൾട്രാ ലഭ്യമാവുകയെന്നാണു കരുതുന്നത്. മുൻവശത്ത് ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് ഫോണിൻ്റെ സവിശേഷത. പിന്നിൽ, സാംസങ് ഗാലക്‌സി എസ് 24 അൾട്രായിലെ ക്യാമറ ലേഔട്ടിന് സമാനമായി മുകളിൽ ഇടത് കോണിലായി ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നു.
ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഐടെൽ S25 അൾട്രാക്ക് 120Hz റീഫ്രഷ് റേറ്റും 1400 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 6.78 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുമാകും ഉണ്ടാവുക. 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണിന് യുണിസോക്ക് ടി 620 ചിപ്‌സെറ്റ് കരുത്തു നൽകുമെന്നാണ് അഭ്യൂഹമുള്ളത്. ഉപയോഗിക്കാത്ത സ്‌റ്റോറേജ് സ്‌പേസ് ഉപയോഗിച്ച് RAM 16 ജിബി വരെ വികസിപ്പിക്കാനും കഴിയും.
ഫോണിൻ്റെ പിൻഭാഗത്ത് 50 മെഗാപിക്സൽ പ്രധാന ക്യാമറയാകും ഉണ്ടാവുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിന് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകും.
ഐടെൽ S25 അൾട്രാ 18W ഫാസ്റ്റ് ചാർജിംഗിനു പിന്തുണ നൽകുന്ന 5,000mAh ബാറ്ററിയുമായി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് 6.9 മില്ലിമീറ്റർ കനവും 163 ഗ്രാം ഭാരവും മാത്രമേ ഉണ്ടാവുകയുള്ളൂ.
ഐടെൽ S25 അൾട്രായുടെ ലീക്കായ മാർക്കറ്റിംഗ് ഇമേജുകൾ സൂചിപ്പിക്കുന്നത് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP64 റേറ്റിംഗ് ഉണ്ടായിരിക്കുമെന്നാണ്. ഫോൺ 60 മാസത്തെ ഫ്ലുവൻസി സർട്ടിഫിക്കറ്റോടു കൂടിയാകും വരുന്നത്.
പരസ്യം
പരസ്യം