Photo Credit: Huawei
ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെ ശ്രദ്ധയാകർഷിച്ച സ്മാർട്ട്ഫോണാണ്. ലോകത്തിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ട്രിപ്പിൾ ഫോൾഡബിൾ സ്മാർട്ട്‌ഫോണായാണ്
ഹുവായ് സെപ്റ്റംബറിൽ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ പുറത്തിറക്കിയത്. നിലവിൽ ചൈനയിൽ മാത്രമേ ഈ ഫോൺ ലഭ്യമാവുകയുള്ളൂ. മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ അതിൻ്റെ Z-ആകൃതിയിലുള്ള ഫോൾഡിംഗ് മെക്കാനിസം കൂടി കാരണമാണ്. മൂന്നു ഭാഗമായി മടക്കാൻ കഴിയുന്ന സ്ക്രീനുമായാണ് ഈ ഫോൺ എത്തിയത്. അടുത്തിടെ, അറിയപ്പെടുന്ന ഒരു യൂട്യൂബർ മേറ്റ് XT അൾട്ടിമേറ്റിൽ ഒരു ഡ്യൂറബിലിറ്റി ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ നിന്നും സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണുകളേക്കാളും സാധാരണ മടക്കാവുന്ന മോഡലുകളേക്കാളും വളരെ എളുപ്പത്തിൽ ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിൻ്റെ സ്ക്രീനിൽ സ്‌ക്രാച്ച് വീഴുന്നുണ്ടെന്നാണു മനസിലാക്കാൻ കഴിഞ്ഞത്. ഫോണിൻ്റെ രൂപകൽപ്പന മികച്ചതാണെങ്കിലും, സ്‌ക്രീനുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കൂടുതൽ പരിചരണം ആവശ്യമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
JerryRigEverything എന്ന പേരിൽ അറിയപ്പെട്ടുന്ന യൂട്യൂബർ സാക്ക് നെൽസനാണ് അടുത്തിടെ ഹുവാവേയുടെ പുതിയ ട്രിപ്പിൾ-ഫോൾഡിംഗ് സ്മാർട്ട്‌ഫോണായ ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ അൺബോക്‌സ് ചെയ്‌തത്. CNY 19,999 (2,36,700 ഇന്ത്യൻ രൂപയോളം) മുതൽ വില ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ഒരു കാർബൺ ഫൈബർ കേസ്, 66W പവർ അഡാപ്റ്റർ, രണ്ട് USB ടൈപ്പ്-സി കേബിളുകൾ, ഒരു 88W കാർ ചാർജർ, ഒരു ജോടി ഹുവാവേ ഫ്രീബഡ്സ് 5 എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികളുമായാണ് ഈ ഫോൺ വരുന്നത്.
ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ, ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിൻ്റെ സ്‌ക്രീൻ, Mohs ഹാർഡ്നസ് സ്കെയിലിലെ ലെവൽ രണ്ടിൽ തന്നെ സ്ക്രാച്ചുകൾ വരുത്തുന്നുവെന്നു കണ്ടെത്തി. റേസർ ബ്ലേഡ് ഉപയോഗിച്ച് പരീക്ഷിക്കുന്ന ലെവൽ മൂന്നിൽ ആഴത്തിലുള്ള സ്ക്രാച്ചുകളും പ്രത്യക്ഷപ്പെടുന്നു. മൃദുവായ, ലാമിനേറ്റഡ് പ്ലാസ്റ്റിക് സ്ക്രീനുകൾ ഉള്ളതിനാൽ മടക്കാവുന്ന ഉപകരണങ്ങളിൽ ഇത് സാധാരണമാണ്. സ്‌ക്രീനിൽ നഖങ്ങൾ കൊണ്ട് എളുപ്പത്തിൽ സ്‌ക്രാച്ച് വീഴാനുള്ള സാധ്യതയുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു, സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ ഈ പോറലുകൾ പ്രത്യേകിച്ചും ദൃശ്യമാകും.
റേസർ ബ്ലേഡ് വഴി നടത്തിയ ടെസ്റ്റിൽ വന്ന സ്ക്രാച്ച് മാർക്കുകൾ സാംസങ് ഗാലക്‌സി Z ഫോൾഡ് 6 പോലെയുള്ള മറ്റ് ഫോൾഡബിൾ ഫോണുകളിൽ കാണുന്നതിന് സമാനമാണ്, എന്നിരുന്നാലും, മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ഡിസൈനിനെ വിരലിലെ നഖങ്ങൾ കൊണ്ടുള്ള പോറലുകൾ കൂടുതൽ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണിൻ്റെ ഡിസ്പ്ലേ ലൈറ്റ് ഇല്ലാത്തപ്പോൾ കറുത്ത സ്‌ക്രീനിൽ ഇതു കൂടുതൽ ശ്രദ്ധേയമാകും.
ഒരു ട്രിപ്പിൾ-ഫോൾഡ് സ്മാർട്ട്‌ഫോൺ എന്ന നിലയിൽ, മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിൻ്റെ ഹിഞ്ച് മെക്കാനിസം മറ്റൊരു ആശങ്കയാണ്. സ്‌ക്രീനുകൾ തെറ്റായി മടക്കുമ്പോൾ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും നെൽസണിന് വലിയ ബുദ്ധിമുട്ടില്ലാതെ ഉപകരണം വളയ്ക്കാൻ കഴിഞ്ഞു. ഇതിൽ നിന്നും ഇത്തരമൊരു അത്യാധുനിക സ്മാർട്ട്‌ഫോണിന് കേടുപാടുകൾ പറ്റുന്നതു തടയാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് മനസിലാക്കാം. കൂടാതെ, സ്‌ക്രീനിൻ്റെ മടക്കിയ അരികുകളിലൊന്ന് തുറന്നു വെച്ച പോലെ നിൽക്കുന്നത് കൂടുതൽ കേടുപാടുകളുണ്ടാകാൻ കാരണമാകും.
പരസ്യം
പരസ്യം