Photo Credit: HMD
ഒരുകാലത്ത് മൊബൈൽ ഫോൺ എന്നാൽ നോക്കിയ ആയിരുന്നെങ്കിലും ആൻഡ്രോയ്ഡിൻ്റെ വരവോടെ അതിൽ മാറ്റമുണ്ടായി. പിന്നീട് നോക്കിയ ബ്രാൻഡിനെ എച്ച്എംഡി ഏറ്റെടുത്തെങ്കിലും പഴയ ആധിപത്യം വീണ്ടെടുക്കാൻ അവർക്കു കഴിഞ്ഞില്ല. ഇപ്പോൾ വിപണിയിൽ മുൻനിരയിൽ എത്തുന്നതിനു പുതിയൊരു നീക്കം നടത്തുകയാണ് എച്ച്എംഡി. കുട്ടികൾക്കായി സ്മാർട്ട് വാച്ചുകൾ നിർമ്മിക്കുന്ന നോർവേയിൽ നിന്നുള്ള എക്സ്പ്ലോറ എന്ന കമ്പനിയുമായി എച്ച്എംഡി കൈകോർക്കുകയാണ്. കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേകം ഫോൺ രൂപകൽപ്പന ചെയ്യുന്നതിനാണ് അവർ ഒരുമിച്ച് പ്രവർത്തിക്കുന്നത്. സാധാരണ സ്മാർട്ട്‌ഫോണിന് പകരം കുറച്ചുകൂടി സുരക്ഷിതവും ആരോഗ്യകരവുമായ ബദലാണ് ഈ ഫോൺ. ഈ വർഷമാദ്യം നടത്തിയ ആഗോള സർവേയിൽ നിന്നാണ് ഈ പദ്ധതിക്കുള്ള ആശയം ഉണ്ടായത്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉൽപ്പാദനക്ഷമതയെ സഹായിക്കുന്ന ഒരു ഉപകരണം നിർമിക്കാൻ സർവേയിൽ ആവശ്യപ്പെട്ടിരുന്നു. ഫോണിൻ്റെ പേരോ, റിലീസ് തീയതിയോ, അതിനെ കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങളോ എച്ച്എംഡി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരു പുതിയ ഫോൺ രൂപകൽപ്പന ചെയ്തു പുറത്തിറക്കുന്നതിനു വേണ്ടി എക്‌സ്‌പ്ലോറയുമായി സഹകരിക്കുന്നതായി ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഒക്ടോബർ 29-ന് ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. യുവ ഉപയോക്താക്കൾക്കായി "ഉത്തരവാദിത്തവും ശ്രദ്ധയും ഉള്ള ഉപകരണങ്ങൾ" ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ഈ വർഷം ആദ്യം, എച്ച്എംഡി ദി ബെറ്റർ ഫോൺ പ്രോജക്റ്റ് എന്ന പേരിൽ ഒരു സർവേ അവതരിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ആഗോള തലത്തിൽ 10,000 രക്ഷിതാക്കളിൽ അവർ സർവേ നടത്തി. ഈ മാതാപിതാക്കളിൽ പകുതിയിലധികം പേരും തങ്ങളുടെ കുട്ടികൾക്ക് വളരെ നേരത്തെ സ്മാർട്ട്‌ഫോൺ നൽകിയതിൽ ഖേദിക്കുന്നവരാണ്. ഇത് കുടുംബത്തിനുള്ള സമയം, ഉറക്ക ഷെഡ്യൂൾ, വ്യായാമ ശീലങ്ങൾ, കുട്ടികൾക്കുള്ള അവസരങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ കരുതുന്നു.
സ്മാർട്ട്ഫോണുകൾക്ക് നല്ല ബദലായി മാറാൻ കഴിയുന്ന പുതിയ ഉപകരണങ്ങളുടെ ഒരു സീരീസ് സൃഷ്‌ടിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബൽ പറയുന്നു. കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സ്മാർട്ട്ഫോൺ ഓപ്ഷൻ ഇതിൽ ഉൾപ്പെടുന്നു. എച്ച്എംഡി അവരുടെ എച്ച്എംഡി സ്കൈലൈൻ, എച്ച്എംഡി ഫ്യൂഷൻ ഫോണുകളിൽ ഒരു "ഡിറ്റോക്സ് മോഡ്" ഫീച്ചർ അവതരിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സ്‌ക്രീൻ സമയം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിച്ചിരുന്നു.
എക്‌സ്‌പ്ലോറയുമായി സഹകരിച്ച് എച്ച്എംഡി വികസിപ്പിച്ചെടുക്കുന്ന ഫോണിൻ്റെ പേരും ഫീച്ചറുകളും ലോഞ്ച് വിശദാംശങ്ങളും ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന 2025 മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇവരുടെ സഹകരണത്തിൽ നിന്നുള്ള ആദ്യ ഫോൺ അനാച്ഛാദനം ചെയ്യുമെന്ന് ചില കിംവദന്തികൾ സൂചിപ്പിക്കുന്നു.
അതിനിടയിൽ, HMD സേജ് എന്ന പേരിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി ലീക്കുകൾ സൂചന നൽകുന്നു. ഈ ഫോൺ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. HMD സ്കൈലൈൻ അല്ലെങ്കിൽ HMD ക്രെസ്റ്റ് മോഡലുകൾക്ക് സമാനമായ ഒരു ഡിസൈനിലാണ് ഇതുമുള്ളത്. ഇതിൽ Unisoc T760 5G പ്രോസസർ, പിന്നിലും മുന്നിലും 50 മെഗാപിക്സൽ ക്യാമറകൾ, കൂടാതെ 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനു പിന്തുണ എന്നിവയെല്ലാം പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം