വിൻ്റേജ്, ഒബ്സൊലെറ്റ് ലിസ്റ്റിൽ പുതിയ പ്രൊഡക്റ്റുകൾ കൂട്ടിച്ചേർത്ത് ആപ്പിൾ; വിശദമായി അറിയാം
Photo Credit: Apple
ഐഫോൺ SE, ഐപാഡ് പ്രോ ആപ്പിളിന്റെ വിൻറേജ്-ഒബ്സൊളറ്റ് ലിസ്റ്റിൽ ചേർന്നു
ആപ്പിൾ തങ്ങളുടെ വിന്റേജ്, ഒബ്സൊലെറ്റ് (കാലഹരണപ്പെട്ട) ഡിവൈസുകളുടെ ഒഫീഷ്യൽ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള അവരുടെ നിരവധി പഴയ പ്രൊഡക്റ്റുകൾ ഇപ്പോൾ ഈ ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഒന്ന് 2016-ൽ പുറത്തിറങ്ങിയ ഫസ്റ്റ് ജനറേഷൻ ഐഫോൺ എസ്ഇ ആണ്. ഈ മോഡൽ കാലഹരണപ്പെട്ടതായി ആപ്പിൾ കണക്കാക്കുന്നു. അതായത് ഉപയോക്താക്കൾക്ക് ആപ്പിളിന്റെ സർവീസ് സെൻ്ററുകൾ വഴി ഈ ഡിവൈസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനോ, ഏതെങ്കിലും ഭാഗങ്ങൾ മാറ്റി വെക്കുന്നതിനോ വളരെ പരിമിതമായ ആക്സസ് മാത്രമേ ഉണ്ടാകൂ. കമ്പനി മറ്റ് ചില ഉപകരണങ്ങളും ഈ ലിസ്റ്റിലേക്കു മാറ്റിയിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലും ഇതിൽ ഉൾപ്പെടുന്നു. ഹെർമിസ്, നൈക്ക് വേർഷനുകൾ പോലുള്ള ആപ്പിൾ വാച്ച് സീരീസ് 4 സ്പെഷ്യൽ എഡിഷനുകളും അപ്ഡേറ്റ് ചെയ്ത ലിസ്റ്റിൻ്റെ ഭാഗമാണ്. കോംപാക്റ്റ് ഡിസൈനിന് പേരുകേട്ട പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറായ ബീറ്റ്സ് പിൽ 2.0-യും ലിസ്റ്റിൽ ചേർത്തിട്ടുണ്ട്.
ആപ്പിളിന്റെ വിന്റേജ്, ഒബ്സൊലെറ്റ് ലിസ്റ്റിൽ ഇപ്പോൾ ഐഫോൺ എസ്ഇ (ഫസ്റ്റ് ജനറേഷൻ) ഉൾപ്പെടുത്തിയിട്ടുണ്ട്. 16 ജിബി സ്റ്റോറേജുള്ള അടിസ്ഥാന പതിപ്പിന് 39,000 രൂപയെന്ന പ്രാരംഭ വിലയ്ക്ക് 2016-ലാണ് ഈ മോഡൽ പുറത്തിറക്കിയത്. ഇതിൻ്റെ 64 ജിബി മോഡലിന് 49,000 രൂപയായിരുന്നു വില. 2018-ൽ ആപ്പിൾ ഫസ്റ്റ് ജനറേഷൻ ഐഫോൺ എസ്ഇ നിർമ്മിക്കുന്നത് നിർത്തുകയും രണ്ട് വർഷത്തിന് ശേഷം, ഐഫോൺ എസ്ഇ (രണ്ടാം തലമുറ) എത്തുകയും ചെയ്തു.
2017-ൽ ലോഞ്ച് ചെയ്ത 12.9 ഇഞ്ച് ഐപാഡ് പ്രോ 2018-ൽ കമ്പനി നിർത്തലാക്കി. അതേസമയം ചെറിയ 10.5 ഇഞ്ച് ഐപാഡ് പ്രോ 2019 വരെ വിൽപ്പന തുടർന്നു. 2018-ലാണ് ആപ്പിൾ പ്രത്യേക ഹെർമിസ്, നൈക്ക് എഡിഷനുകളിൽ ആപ്പിൾ വാച്ച് സീരീസ് 4 പുറത്തിറക്കിയത്. എന്നാൽ ആപ്പിൾ വാച്ച് സീരീസ് 5 പുറത്തിറങ്ങിയതിനു ശേഷം 2019-ൽ രണ്ട് പതിപ്പുകളും നിർത്തലാക്കി.
ആപ്പിളിന്റെ വിന്റേജ്, ഒബ്സോലെറ്റ് പട്ടികയിൽ കൂട്ടിച്ചേർത്ത മറ്റൊരു പ്രൊഡക്റ്റ് 2013-ൽ പുറത്തിറങ്ങിയ പോർട്ടബിൾ സ്പീക്കറായ ബീറ്റ്സ് പിൽ 2.0 ആണ്.
ആപ്പിൾ പറയുന്നതനുസരിച്ച്, അഞ്ച് വർഷത്തിൽ കൂടുതലും ഏഴു വർഷത്തിൽ താഴെയും ഒരു പ്രൊഡക്റ്റ് വിൽക്കാതിരുന്നാലാണ് അതിനെ "വിന്റേജ്" എന്ന് വിളിക്കുന്നത്. ആവശ്യമായ ഭാഗങ്ങൾ ലഭ്യമാണെങ്കിൽ മാത്രമേ ഇവയ്ക്ക് സേവനവും അറ്റകുറ്റപ്പണികളും ലഭിക്കൂ.
ആപ്പിൾ ഒരു പ്രൊഡക്റ്റ് വിൽക്കുന്നത് ഏഴ് വർഷത്തിലേറെയായി നിർത്തുമ്പോൾ അത് ‘ഒബ്സൊലെറ്റ്' കാറ്റഗറിയിലേക്കു പോകും. ഒരു പ്രൊഡക്റ്റ് ഈ ഘട്ടത്തിലെത്തിയാൽ, ആപ്പിൾ ഓതറൈസ്ഡ് സർവീസ് പ്രൊവൈഡേഴ്സ് (AASP) ഹാർഡ്‌വെയർ റിപ്പയർ നൽകുന്നത് പൂർണ്ണമായും നിർത്തും. പഴയ ഭാഗങ്ങൾ കിട്ടാനും അറ്റകുറ്റപ്പണികൾ നടത്താനും ബുദ്ധിമുട്ടായതിനാൽ ആപ്പിളിൽ നിന്ന് റിപ്ലേസ്മെൻ്റ് പാർട്ട്സ് അഭ്യർത്ഥിക്കാനോ ഓർഡർ ചെയ്യാനോ കഴിയില്ല.
ആപ്പിളിന്റെ അഭിപ്രായത്തിൽ, പഴയ ഭാഗങ്ങൾ കണ്ടെത്തുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും കാലക്രമേണ ബുദ്ധിമുട്ടായിത്തീരും. എന്നാൽ, ഹാർഡ്‌വെയർ സേവനം ലഭ്യമല്ലെങ്കിൽ പോലും, ഇവയിൽ ചിലതിന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടർന്നും ലഭിച്ചേക്കാം.
മാക് ലാപ്‌ടോപ്പുകൾക്ക് ഇക്കാര്യത്തിൽ ആപ്പിൾ ഒരു പ്രത്യേക ഒഴികഴിവു നൽകുന്നുണ്ട്. മോഡൽ അവസാനമായി വിറ്റ തീയതി മുതൽ 10 വർഷം വരെ അവയുടെ ബാറ്ററികൾ നന്നാക്കാൻ കഴിയും, എന്നാൽ ആവശ്യമായ ഭാഗങ്ങൾ ഇപ്പോഴും സ്റ്റോക്കിലുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
പരസ്യം
പരസ്യം