വിവോ X300 പ്രോ ഇന്ത്യൻ വിപണിയിലെത്തി; ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം
Photo Credit: Vivo
200MP ക്യാമറ, Dimensity ചിപ്പ്, 120Hz ഡിസ്പ്ലേ, 100W ചാർജിംഗ്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിവോ X300 പ്രോ ചൊവ്വാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാധാരണ വിവോ X300 മോഡലിനൊപ്പമാണ് ഇതു വിപണിയിൽ എത്തിയിരിക്കുന്നത്. വിവോ X സീരീസിലെ ഫ്ലാഗ്ഷിപ്പ് ഫോണായി സ്ഥാനം പിടിച്ച പ്രോ പതിപ്പ് രണ്ട് നിറങ്ങളിൽ ലഭ്യമാണ്. സുഗമമായ പെർഫോമൻസിനായി 16 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്, 512 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉൾപ്പെടുന്നു. വിശദമായ സൂം ഷോട്ടുകൾക്കായുള്ള, 200 മെഗാപിക്‌സൽ പെരിസ്‌കോപ്പ് സെൻസർ ഹൈലൈറ്റ് ചെയ്‌ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വിവോ X300 പ്രോയിലുള്ളത്. മുൻവശത്ത്, 1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേ ഇതിനുണ്ട്. 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന വലിയ 6,510mAh ബാറ്ററിയാണ് ഫോണിനു കരുത്ത് പകരുന്നത്. നേരത്തെ ഒക്ടോബറിൽ ചൈനയിലും മറ്റ് ചില ആഗോള വിപണികളിലും വിവോ ഈ മോഡൽ പുറത്തിറക്കിയിരുന്നു.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വിവോ X300 പ്രോയുടെ സിംഗിൾ വേരിയൻ്റിന് ഇന്ത്യയിൽ 1,09,999 രൂപയാണ് വില. ഡ്യൂൺ ഗോൾഡ്, എലൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്. വിവോ ഇന്ന് മുതൽ X300 പ്രോയ്ക്കുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കും, ഡിസംബർ 10 മുതൽ ഫോൺ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും.
വിവോ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, രാജ്യത്തുടനീളമുള്ള മറ്റ് പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഇത് വാങ്ങാം. ഫോണിനൊപ്പം, വിവോ അതിന്റെ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും അവതരിപ്പിച്ചിട്ടുണ്ട്, വില 18,999 രൂപയാണ്.
വിവോയുടെ ഒറിജിൻഒഎസ് 6 ഇന്റർഫേസുള്ള ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് വിവോ X300 പ്രോ. 1.5K (1,260×2,800 പിക്‌സൽ) റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. ഈ സ്‌ക്രീൻ 120z വരെ റീഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 94.85% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 452ppi പിക്‌സൽ ഡെൻസിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. HDR 10+ കണ്ടൻ്റിനെ പിന്തുണയ്ക്കുന്ന ഇത് ദീർഘനേരം കാണുന്നതിനു ഡിസ്‌പ്ലേ സുഖകരമാക്കുന്ന എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ്, ടിയുവി റൈൻലാൻഡ് ഫ്ലിക്കർ-ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവയുമായാണ് വരുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്, 16 ജിബി LPDDR5X അൾട്രാ റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. കരുത്തിനായി മധ്യഭാഗത്ത് അലുമിനിയം അലോയ് ഫ്രെയിമും, മുന്നിൽ ഗ്ലാസും പിന്നിൽ ഗ്ലാസ് ഫൈബറും ഉപയോഗിച്ചിരിക്കുന്നു.
ക്യാമറകളെ സംബന്ധിച്ചിടത്തോളം, വിവോ X300 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. CIPA 5.5 റേറ്റിംഗുള്ള 50 മെഗാപിക്സൽ സോണി LYT-828 സെൻസറാണ് മെയിൻ ക്യാമറ. 3.5x ഒപ്റ്റിക്കൽ സൂമും അതേ CIPA 5.5 റേറ്റിംഗും ഉള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. മൂന്നാമത്തെ ക്യാമറ 50 മെഗാപിക്സൽ വൈഡ് ആംഗിൾ JN1 സെൻസറാണ്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറയുമുണ്ട്.
5G, ബ്ലൂടൂത്ത് 6, GPS, A-GPS, NFC, BeiDou, GLONASS, Galileo, QZSS, NavIC, OTG, Wi-Fi, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം