ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്താൽ അതുടനെ വാങ്ങുന്നവരും കുറച്ചു സമയം കഴിഞ്ഞു വാങ്ങുന്നവരുമുണ്ട്. പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള, വാങ്ങിയവരുടെ അഭിപ്രായവും വിലയിരുത്തലും അറിയുന്നതിനു വേണ്ടിയാണ് പലരും കാത്തിരിക്കുന്നത്. മറ്റു ചിലർ കാത്തിരിക്കുന്നത് ഹാൻഡ്സെറ്റിൻ്റെ വില കുറയുന്നതിനു വേണ്ടിയാണ്. ലോഞ്ചിംഗ് സമയത്തെ വിലയായിരിക്കില്ല ഏതാനും മാസങ്ങൾ കഴിഞ്ഞാലുണ്ടാവുക. വിപണിയിൽ മത്സരം മുറുകുന്ന ഇക്കാലത്ത് വില കുറച്ചു നൽകാൻ നിർമാതാക്കൾ നിർബന്ധിതരാകുമെന്നതിനാൽ അതിനു വേണ്ടി കാത്തിരിക്കുന്നവർ നിരവധിയാണ്.
എന്തായാലും പുതിയ സ്മാർട്ട്ഫോണുകൾക്കു വില കുറയാൻ വേണ്ടി കാത്തിരിക്കുന്നവർക്കു വേണ്ടി വിവോയുടെ പുതിയ മോഡലായ വിവോ Y58 5G സ്മാർട്ട്ഫോണിൻ്റെ വിശേഷങ്ങൾ പങ്കു വെക്കാം. ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് റേറ്റിൽ ലഭ്യമാണ്. 6000mAh ബാറ്ററിയും ഒരൊറ്റ തരം RAM ഉം സ്റ്റോറേജ് കോൺഫിഗറേഷനുമായി ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമായിരുന്ന ഹാൻഡ്സെറ്റ് പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോൾ തന്നെ കമ്പനി വില കുറച്ചിരിക്കുകയാണ്. വിവോ Y58 5G യുടെ വില കുറഞ്ഞ വിവരം കമ്പനി തന്നെയാണു പ്രഖ്യാപിച്ചത്.
വിവോ Y58 5G യുടെ ഇന്ത്യയിലെ പുതിയ വില, ലഭ്യത മുതലായ വിവരങ്ങൾ:
8GB RAM + 128 GB സ്റ്റോറേജ് എന്ന ഒരൊറ്റ ഓപ്ഷനുള്ള മോഡൽ മാത്രമാണ് വിവോ Y58 5G സ്മാർട്ട്ഫോണിൻ്റേതായി ലഭ്യമാകുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഇതിൻ്റെ വില 18499 രൂപയാണെന്ന് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ സ്റ്റോർ എന്നിവയിലൂടെ ഓൺലൈനായും കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന റീട്ടെയിൽ സ്റ്റോറുകളിലൂടെ ഓഫ്‌ലൈനായും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.
ലോഞ്ചിംഗ് സമയത്ത് വിവോ Y58 5G യുടെ 8GB + 128GB സ്റ്റോറേജുള്ള ഒരേയൊരു മോഡലിന് 19499 രൂപയായിരുന്നു വില. ഹിമാലയൻ ബ്ലൂ, സുന്ദർബൻ ഗ്രീൻ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.വിവോ Y58 5G സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:
ഡിസ്പ്ലേ വിശേഷങ്ങളിലേക്കു കടക്കുകയാണെങ്കിൽ 120Hz റീഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾ HD+ (1080x2408 pixels) 2.5D LCD ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ഈ ഡിസ്പ്ലേക്ക് TUV റീൻലാൻഡ് ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സ്നാപ്ഡ്രാഗൺ 4 ജെൻ 2 SoC കരുത്തു നൽകുന്ന ഈ ഹാൻഡ്സെറ്റിൽ 8GB LPDDR4X RAM ഉം 128GB UFS 2.2 ഓൺ ബോർഡ് സ്റ്റോറേജുമാണുള്ളത്. മൈക്രോ SD കാർഡ് ഉപയോഗിച്ച് ഓൺബോർഡ് സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാൻ കഴിയും. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14 ആണ് ഈ സ്മാർട്ട്ഫോണിലുള്ളത്.
ക്യാമറ യൂണിറ്റിൻ്റെ പ്രത്യേകതകൾ എടുക്കുകയാണെങ്കിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോൺ വിപണിയിൽ എത്തിയിട്ടുള്ളത്. ഇതിൽ 50 മെഗാപിക്സലിൻ്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിൻ്റെ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. റിയർ ക്യാമറക്കൊപ്പം തന്നെയാണ് LED ഫ്ലാഷ്ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളിനുമായുള്ള ഫ്രൻ്റ് കാമറ 8 മെഗാപിക്സലാണ്.
44W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 6000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ബാറ്ററിയുടെ ആരോഗ്യം നാലു വർഷം വരെയുണ്ടാകുമെന്ന് കമ്പനി ഉറപ്പു നൽകുന്നുണ്ട്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗുള്ള ഹാൻഡ്സെറ്റിൻ്റെ വലിപ്പം 1657x76x7.99 മില്ലിമീറ്ററും ഭാരം 199 ഗ്രാമുമാണ്.