Photo Credit: Vivo
വിവോ വൈ400 പ്രോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ലഭിക്കും
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ Y സീരീസിലെ ഒരു മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വിവോയുടെ Y400 ലൈനപ്പിൻ്റെ ഭാഗമായുള്ള വിവോ Y400 പ്രോ 5G എന്ന ഫോണാണ് ലോഞ്ചിങ്ങിനു തയ്യാറെടുക്കുന്നത്. ഈ മാസം തന്നെ പുറത്തു വരാനിരിക്കുന്ന ഫോണിൻ്റെ ലോഞ്ച് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനൊപ്പം ടീസറും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഈയൊരു സെഗ്മൻ്റിൽ 3D കർവ്ഡ് ഡിസ്പ്ലേയുമായി വരുന്ന ഏറ്റവും കനം കുറഞ്ഞ ഫോണാണ് വിവോ Y400 പ്രോ 5G. 7.4 മില്ലിമീറ്റർ മാത്രമേ ഈ ഫോണിനു കനമുണ്ടാകൂ എന്നാണു പ്രതീക്ഷിക്കുന്നത്. നിരവധി Al സവിശേഷതകളുമായി എത്തുന്ന ഈ ഫോണിൻ്റെ കൃത്യമായ വിലയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ആൻഡ്രോയ്ഡ് 15-ൽ പ്രവർത്തിക്കുന്ന ഈ ഫോൺ വിവോ Y400 ലൈനപ്പിലുള്ള മറ്റു ഫോണുകൾക്കൊപ്പം തന്നെയാകും ലോഞ്ച് ചെയ്യുക. മുൻഗാമിയായ വിവോ Y300 ലൈനപ്പിൻ്റെ ഭാഗമായി വിവോ Y300 5G, Y300 ലൈറ്റ് 5G എന്നീ രണ്ടു ഫോണുകളായിരുന്നു ഇന്ത്യയിലെത്തിയത്.
ഇന്ത്യയിൽ വിവോ Y400 പ്രോ 5G ജൂൺ 20-നു പുറത്തിറങ്ങുമെന്ന് കമ്പനി പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഈ സെഗ്മെൻ്റിലെ ഏറ്റവും മെലിഞ്ഞ ഫോണായിരിക്കുമിതെന്നും 3D കർവ്ഡ്'ഡിസ്‌പ്ലേയാകും ഇതിനുണ്ടാവുകയെന്നും വിവോ പറഞ്ഞു. ഫോണിൻ്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 25,000 രൂപയാണു പ്രതീക്ഷിക്കുന്നത്.
പ്രോ പതിപ്പിനൊപ്പം വിവോ Y400 സീരീസിലെ മറ്റ് മോഡലുകളും പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. വിവോ Y400 സീരീസിന്റെ ലോഞ്ചിനെക്കുറിച്ച് കമ്പനി പങ്കിട്ട പ്രൊമോഷണൽ പോസ്റ്റർ ഇതെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു.
പോസ്റ്ററിൽ കാണിച്ചിരിക്കുന്ന ഡിസൈനിൽ നിന്നും, വിവോ Y400 5G ഫോണിന് ലംബവും ചെറുതായി ഉയർന്നു നിൽക്കുന്നതുമായ ഗുളിക ആകൃതിയിലുള്ള ഒരു റിയർ ക്യാമറ മൊഡ്യൂൾ ഉണ്ടെന്ന് മനസിലാക്കാം. ഈ ക്യാമറ ഐലൻഡിൽ, സ്ക്വിർക്കിൾ (വൃത്തവും ചതുരവും ചോർന്ന) ആകൃതിയിലുള്ള കട്ടൗട്ടുകളിൽ രണ്ട് ക്യാമറ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇതിലൊന്ന് മറ്റൊന്നിനേക്കാൾ വലുതാണ്. സ്ക്വിർക്കിൾ ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും അതിനടുത്തായുണ്ട്. ക്യാമറ ഐലൻഡിന് സിൽവർ ഫിനിഷിങ്ങാണു നൽകിയിരിക്കുന്നത്, അതേസമയം ഫോണിന്റെ പിൻഭാഗത്ത് വെളുത്ത മാർബിൾ ഡിസൈനാണു കാണുന്നത്.
അടുത്തിടെ പുറത്തുവന്ന ലീക്കുകളിൽ വിവോ Y400 പ്രോ 5G സ്ലിം ഡിസൈനിലാകുമെന്നും വെറും 7.4 മില്ലിമീറ്റർ കനമേ ഉണ്ടാകൂ എന്നും വെളിപ്പെടുത്തുന്നു. കർവ്ഡ് 3D എഡ്ജുകളോടു കൂടിയ 6.77 ഇഞ്ച് ഫുൾ HD+ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ വരുന്നത്. 120Hz റിഫ്രഷ് റേറ്റും 4,500nits പീക്ക് ബ്രൈറ്റ്‌നസും ഇത് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.
ഫോണിന്റെ പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാകാൻ സാധ്യതയുണ്ട്. 50 മെഗാപിക്സൽ സോണി IMX882 പ്രധാന സെൻസറും ഡെപ്ത് സെൻസിംഗിനോ മാക്രോ ഷോട്ടുകൾക്കോ വേണ്ടിയുള്ള 2 മെഗാപിക്സൽ ലെൻസ് സെക്കൻഡറി സെൻസറും ആയിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ 32 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.
മികച്ച പെർഫോമൻസ് നൽകുന്ന മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഈ ഫോണിനു കരുത്ത് പകരുന്നത്. 8GB റാം + 128GB സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഫോൺ ലഭ്യമാകും. 5,500mAh ബാറ്ററിയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.
ആൻഡ്രോയ്സ് 15 അടിസ്ഥാനമാക്കിയ വിവോയുടെ കസ്റ്റം ഫൺടച്ച് ഒഎസ് 15-ലാണ് വിവോ Y400 പ്രോ 5G പ്രവർത്തിക്കാൻ സാധ്യത. സംഭാഷണം ടെക്സ്റ്റാക്കി മാറ്റുന്നതിനുള്ള AI ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, എളുപ്പത്തിൽ ഷെയറിങ്ങിനായുള്ള AI സൂപ്പർലിങ്ക്, AI നോട്ട് അസിസ്റ്റ്, ഓൺ-സ്ക്രീൻ ഉള്ളടക്കം വിവർത്തനം ചെയ്യുന്നതിനുള്ള AI സ്ക്രീൻ ട്രാൻസ്ലേഷൻ, ഗൂഗിളിൻ്റെ സർക്കിൾ ടു സെർച്ച് തുടങ്ങിയ നിരവധി AI സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയേക്കാം.
കൂടുതൽ സുരക്ഷയ്ക്കായി, ഫോണിൽ ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗോൾഡ്, നെബുല പർപ്പിൾ, വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമായേക്കും.
പരസ്യം
പരസ്യം