Photo Credit: Vivo
വിവോ Y300 GT കറുപ്പ്, ഷാംപെയ്ൻ ഗോൾഡ് നിറങ്ങളിൽ ലഭ്യമാകുമെന്ന് സൂചന
2024 സെപ്റ്റംബറിലാണ് ചൈനയിൽ വിവോ Y300 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. അതേ വർഷം ഡിസംബറിൽ Y300 പ്രോയും ലോഞ്ച് ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിവോ Y300 പ്രോ+, വിവോ Y300t എന്നീ രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ചുകൊണ്ട് കമ്പനി ഈ സീരീസ് കൂടുതൽ വിപുലീകരിച്ചിരുന്നു. ഈ കൂട്ടിച്ചേർക്കലുകൾ Y300 സീരീസ് ഫോണുകളിൽ കൂടുതൽ വ്യത്യസ്തതകൾ കൊണ്ടുവരാൻ സഹായിച്ചു, ഫീച്ചറുകളിലും വിലയിലും ഉപയോക്താക്കൾക്ക് വ്യത്യസ്ത ഓപ്ഷനുകൾ ലഭിച്ചു. ഇപ്പോൾ, സീരീസിലെ അടുത്ത മോഡലായ വിവോ Y300 GT-യുടെ ലോഞ്ച് തീയതി വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോഞ്ച് പ്രഖ്യാപനത്തോടൊപ്പം, ഫോണിന്റെ രൂപകൽപ്പനയും അതിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. രസകരമെന്നു പറയട്ടെ, വിവോയുടെ പ്രോ പതിപ്പിനൊപ്പം അടുത്തിടെ പുറത്തിറക്കിയ ഐക്യൂ Z10 ടർബോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാം വിവോ Y300 GT എന്നാണു സൂചനകൾ. ഇത് ശരിയാണെങ്കിൽ, ഐക്യൂ Z10 ടർബോയ്ക്ക് സമാനമായ ഹാർഡ്‌വെയറും സവിശേഷതകളും തന്നെയാകും Y300 GT-യിലും ഉണ്ടാവുക.
മെയ് 9, പ്രാദേശിക സമയം രാവിലെ 10:00 മണിക്ക് (ഇന്ത്യൻ സമയം രാവിലെ 7:30) ചൈനയിൽ വിവോ Y300 GT പുറത്തിറങ്ങുമെന്ന് കമ്പനി ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു. വിവോ ഈ ഫോണിനെ “ഡ്യുറബിൾ ഓഡിയോ-വിഷ്വൽ ട്രിയോ" ആയാണു പ്രമോട്ട് ചെയ്യുന്നത്. ഇത് സൗണ്ട്, ഡിസ്‌പ്ലേ, ഡ്യുറബിലിറ്റി എന്നിവയിൽ ശക്തമായ പെർഫോമൻസ് പ്രതീക്ഷിക്കാമെന്ന സൂചന നൽകുന്നു.
കമ്പനി പങ്കുവെച്ച പ്രമോഷണൽ ചിത്രത്തിൽ, വിവോ Y300 GT രണ്ട് നിറങ്ങളിൽ കാണാൻ കഴിയും. ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് എന്നിവയാണ് ഈ നിറങ്ങൾ. ഈ ആഴ്ച ആദ്യം ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z10 ടർബോ സീരീസ് സ്മാർട്ട്‌ഫോണുകളുടെ ഡിസൈനുമായി വിവോ Y300 GT ഫോണിനു വളരെയധികം രൂപസാദൃശ്യമുണ്ട്.
ഫോണിന്റെ റിയർ പാനലിനു മുകളിലായി ഇടത് മൂലയിൽ ഒരു "സ്ക്വിർക്കിൾ" (ചതുരം + വൃത്തം) ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്. ഈ മൊഡ്യൂളിൽ രണ്ട് ക്യാമറ സെൻസറുകളും റിംഗ് ആകൃതിയിലുള്ള ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. ഫോണിന്റെ വലതുവശത്ത്, നിങ്ങൾക്ക് പവർ ബട്ടണും വോളിയം റോക്കറും കാണാം, ഇത് പല സ്മാർട്ട്‌ഫോണുകളിലും സാധാരണയായി കണ്ടുവരുന്ന ബട്ടൺ പ്ലെയ്‌സ്‌മെന്റാണ്.
TMall പ്രൊഡക്റ്റ് പേജിലെ ഒരു ടീസർ ഇമേജിൽ, വിവോ Y300 GT ഫോണിൽ വളരെ സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ, അൽപ്പം കട്ടിയുള്ള അടിഭാഗം (ചിൻ), മുൻ ക്യാമറയ്ക്കായി മുകളിൽ ഒരു സെൻട്രലൈസ്ഡ് ഹോൾ-പഞ്ച് കട്ടൗട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് കാണിക്കുന്നു.
ലിസ്റ്റിംഗ് അനുസരിച്ച്, വിവോ Y300 GT ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 8400 ചിപ്‌സെറ്റ് ഉണ്ടായിരിക്കും. 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 7,620mAh ബാറ്ററി ഈ ഫോണിൻ്റെ ഒരു പ്രധാനപ്പെട്ട സവിശേഷത ആയിരിക്കും.
ഈ സവിശേഷതകൾ എടുത്തു നോക്കുമ്പോൾ, ഐക്യൂ Z10 ടർബോ ബേയ്സ് മോഡലിനോട് വളരെ സാമ്യമുള്ള ഫോണാണു വിവോ Y300 GT എന്നു തോന്നുന്നുണ്ട്. അത് കൃത്യമാണെങ്കിൽ, വിവോ Y200 GT-യുടെ പിൻഗാമിയാകാൻ സാധ്യതയുള്ള പുതിയ ഫോണിൽ 50 മെഗാപിക്സൽ സോണി LYT-600 മെയിൻ റിയർ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെട്ടേക്കാം.
144Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.78 ഇഞ്ച് AMOLED സ്‌ക്രീനും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുന്ന SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷനുകളും ഡിസ്‌പ്ലേയിൽ ഉണ്ടാകുമെന്നാണ് സൂചനകൾ.
പരസ്യം
പരസ്യം