വിവോ X300 സീരീസ് ഫോണുകളുടെ ലോഞ്ചിങ്ങ് തീയ്യതി വിവരങ്ങൾ ലീക്കായി
Photo Credit: Vivo
വിവോ എക്സ് 300 സീരീസിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കാം, വിവോ എക്സ് 200 സീരീസിന് സമാനമായി (ചിത്രം)
ആപ്പിൾ കഴിഞ്ഞ ദിവസം ഐഫോൺ 17 സീരീസ് അവതരിപ്പിച്ചതിനു പിന്നാലെ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ മികച്ച ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിൻ്റെ ഭാഗമായുള്ള വിവോയുടെ പുതിയ എൻട്രിയായ വിവോ X300 സീരീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. കമ്പനിയുടെ പ്രൊഡക്റ്റ് മാനേജറായ ഹാൻ ബോക്‌സിയാവോയുടെ അഭിപ്രായത്തിൽ, ഈ സീരീസിലെ ഏറ്റവുമുയർന്ന മോഡലായ വിവോ X300 പ്രോയിൽ, മികച്ച ഹാപ്റ്റിക് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌ത പുതിയൊരു പ്രൊപ്രൈറ്ററി വൈബ്രേഷൻ മോട്ടോർ ഉണ്ടാകും. ഇതിനു പുറമെ മികച്ച പെർഫോമൻസ് നൽകുമെന്നു പ്രതീക്ഷിക്കുന്ന വിവോയുടെ സ്വന്തം യൂണിവേഴ്‌സൽ സിഗ്നൽ ആംപ്ലിഫയർ ചിപ്‌സെറ്റും ഇതിലുണ്ടാകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ വിവോ X200 സീരീസിൻ്റെ പിൻഗാമിയായാണ് വിവോ X300 സീരീസ് വരുന്നത്. വിവോ X300 സീരീസും സമാനമായ ലോഞ്ച് ഷെഡ്യൂൾ തന്നെയാകും പിന്തുടരുകയെന്നും അതിനാൽ ഒക്ടോബറിൽ തന്നെ ലോഞ്ചിങ്ങ് പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ച് തീയ്യതി അടുക്കുമ്പോൾ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.
ഒക്ടോബർ 13-ന് ചൈനയിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ ഉപകരണമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) വെയ്‌ബോയിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പോസ്റ്റിൽ, സ്റ്റാൻഡേർഡ് വിവോ X300 മോഡൽ 50 മെഗാപിക്സൽ സോണി LYT602 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി വരുമെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു.
വിവോ X300 സീരീസ് ഫോണുകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വരുന്നത് ഇതാദ്യമായല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ കമ്പനിയുടെ എക്സിക്യൂട്ടീവ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു. മുൻഗാമിയെ അപേക്ഷിച്ച് നിരവധി അപ്ഗ്രേഡുകൾ വിവോ X300 സീരീസിൽ പ്രതീക്ഷിക്കാം.
വിവോ X200 പ്രോ മിനിക്ക് പകരമായി എത്തുന്ന സ്റ്റാൻഡേർഡ് വിവോ X300 ഫോണിൽ മിനിമം 1 നിറ്റ്സ് ബ്രൈറ്റ്നസ് നൽകാൻ കഴിയുന്ന 6.31 ഇഞ്ച് 8T LTPO BOE ഡിസ്‌പ്ലേയാണുള്ളത്. ഫോണിൻ്റെ റിയർ ക്യാമറ മൊഡ്യൂളിൽ ഒരു APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഒരു ടെലിഫോട്ടോ മാക്രോ ലെൻസും ഉണ്ടാകും.
അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും "ഹൈ-സ്‌പെക്ക്" യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ഫോണിൽ ഉണ്ടാകും. അതേസമയം, വിവോ X300 പ്രോയിൽ വളരെ മെലിഞ്ഞ, യൂണിഫോം ബെസലുകളുള്ള 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. X300, X300 പ്രോ എന്നിവയ്ക്ക് 7മില്ലിമീറ്റർ കനമാകും ഉണ്ടാവുക.
കമ്പനിയുടെ പ്രൊഡക്റ്റ് മാനേജർ പറയുന്നതനുസരിച്ച്, വിവോ X300 പ്രോയിൽ 751440 എന്ന മോഡൽ നമ്പറുള്ള പുതിയ "സൂപ്പർ സെൻസ്" വൈബ്രേഷൻ മോട്ടോറും ഉൾപ്പെടും. നൂതനമായ ഡിസൈനിൽ, മെച്ചപ്പെട്ട ഇലക്ട്രോമാഗ്നറ്റിക് സൊല്യൂഷനുകളുള്ള ഒരു കസ്റ്റം-ബിൽറ്റ് മോട്ടോറാണിത്. വിവോയുടെ ആദ്യമായി സ്വയം വികസിപ്പിച്ചെടുത്ത യൂണിവേഴ്സൽ സിഗ്നൽ ആംപ്ലിഫയർ ചിപ്‌സെറ്റും ഈ ഫോണിൽ ഉണ്ടായിരിക്കും.
വിവോ X300 പ്രോയുടെ മറ്റൊരു പ്രധാന സവിശേഷത അതിന്റെ എക്സ്ക്ലൂസീവ് ഡ്യുവൽ-ചാനൽ UFS 4.1 ഫോർ-ലെയ്ൻ ഓൺബോർഡ് സ്റ്റോറേജാണ്. ഇത് 8.6Gbps വരെ റീഡ് ആൻഡ് റൈറ്റ് സ്പീഡ് കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
AnTuTu ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ 40,11,932 പോയിന്റുകൾ പെർഫോമൻസിൻ്റെ കാര്യത്തിൽ വിവോ X300 പ്രോ നേടിയിരുന്നു. മൊത്തത്തിൽ ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ഹാൻഡ്‌സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
പരസ്യം
പരസ്യം