വിവോ X300, ടെലികൺവേർട്ടർ കിറ്റ് എന്നിവക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില അറിയാം
Photo Credit: Vivo
விவோ X300 ப்ரோவுடன் வரும் டெலிகன்வெர்ட்டர் கிட்டின் விலை ரூ. 20,999 ஆக இருக்கலாம்.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവോ X300 സീരീസ് ഡിസംബർ 2-ന് രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. വിവോ X300, വിവോ X300 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിൽ വരുന്നത്. ഇവയുടെ റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, സാധാരണ X300 മോഡലിന്റെ ഇന്ത്യയിലെ വിലവിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു പുതിയ ലീക്ക് പുറത്തു വന്നിട്ടുണ്ട്. ലീക്ക് സൂചിപ്പിക്കുന്ന വിവരങ്ങൾ പ്രകാരം, ഇന്ത്യയിൽ പുതുതായി പുറത്തിറക്കിയ വൺപ്ലസ് 15-മായി ഫോൺ നേരിട്ട് മത്സരിച്ചേക്കാം. മികച്ച സൂം പെർഫോമൻസ് നൽകുന്ന, വിവോ X300 പ്രോയ്ക്കായി പ്രത്യേകം വാങ്ങാവുന്ന ടെലികൺവെർട്ടർ കിറ്റിന്റെ ഇന്ത്യയിലെ വിലയും ടിപ്സ്റ്റർ പരാമർശിച്ചിട്ടുണ്ട്. ഒക്ടോബർ 13-ന് ചൈനയിലാണ് വിവോ X300 ലൈനപ്പ് ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം അതേ മാസത്തിൽ തന്നെ കമ്പനി ആഗോള തലത്തിലും ഫോൺ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ ലോഞ്ച് അടുത്തു വരുന്നതനുസരിച്ച് ഈ ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ, അടിസ്ഥാന വിവോ X300 മോഡലിന്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ച് ടിപ്‌സ്റ്ററായ സഞ്ജു ചൗധരി (@saaaanjjjuuu) സൂചന നൽകിയിട്ടുണ്ട്. 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ X300-ന്റെ ബോക്സ് വില (പരമാവധി റീട്ടെയിൽ വില) 89,999 രൂപയായിരിക്കും. എന്നാൽ സ്റ്റോറുകളിലെ യഥാർത്ഥ വിൽപ്പന വില ഈ MRP-യേക്കാൾ കുറവായിരിക്കാമെന്നും അദ്ദേഹം പരാമർശിച്ചു.
വിവോ X300-ന്റെ 12GB RAM + 256GB സ്റ്റോറേജ് പതിപ്പിന് ഇന്ത്യയിൽ 74,999 രൂപ വിലയുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 16GB RAM + 512GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 80,999 രൂപയാകും. ലീക്കായ ഈ വിലകൾ സൂചിപ്പിക്കുന്നത് മറ്റ് ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി നേരിട്ട് മത്സരിക്കുന്നതിനായി വിവോ X300 സീരീസിനെ പ്രീമിയം സെഗ്‌മെന്റിൽ ഉൾപ്പെടുത്തിയേക്കാം എന്നാണ്.
ഫോണിന്റെ വിലയ്ക്ക് പുറമേ, X300 സീരീസിനായുള്ള ടെലികൺവെർട്ടർ കിറ്റിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും ടിപ്സ്റ്റർ വെളിപ്പെടുത്തി, ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് എന്നും ഇത് അറിയപ്പെടുന്നു. ഈ ആക്സസറിയുടെ വില 20,999 രൂപയാകും. ഇമേജ് ക്ലാരിറ്റി നഷ്ടപ്പെടാതെ ഒപ്റ്റിക്കൽ സൂമിങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സീസ് 2.35x ടെലികൺവെർട്ടർ ലെൻസുകൾ ഈ കിറ്റിൽ ഉൾപ്പെടുന്നു.
ടെലികൺവെർട്ടർ കിറ്റിൽ NFC പിന്തുണയും ഉണ്ട്, ഇതിലൂടെ സ്മാർട്ട്‌ഫോണിന് ഘടിപ്പിച്ചിരിക്കുന്ന ലെൻസ് ഏതാണെന്ന് തൽക്ഷണം തിരിച്ചറിയാൻ കഴിയും. കണക്റ്റു ചെയ്‌തു കഴിഞ്ഞാൽ, ഫോണിന് ക്യാമറ ആപ്പിനുള്ളിലെ ഒരു ഡെഡിക്കേറ്റഡ് ടെലികൺവെർട്ടർ മോഡിലേക്ക് ഓട്ടോമാറ്റിക്കായി മാറാൻ കഴിയും. ഉപയോക്താക്കൾക്ക് മികച്ച ഡീറ്റയിലുകളോടെ സൂം-ഇൻ ഷോട്ടുകൾ പകർത്താൻ ഇത് സഹായിക്കും.
എക്സിലെ മറ്റൊരു പോസ്റ്റിൽ, ടിപ്‌സ്റ്ററായ സഞ്ജു ചൗധരി, വിവോ X300 ഇന്ത്യൻ വിപണിക്കു മാത്രമായി ഒരു പ്രത്യേക നിറത്തിൽ എത്തുമെന്ന അഭ്യൂഹം പങ്കുവെച്ചു. റെഡ് കളർ ഓപ്ഷനിൽ ഫോൺ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ അദ്ദേഹം ഈ നിറം യഥാർത്ഥത്തിൽ എങ്ങനെയായിരിക്കുമെന്ന ഒരു വിവരണവും നൽകിയിട്ടില്ല. വിവോ X300-ന്റെ ആഗോള പതിപ്പ് മിസ്റ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുറത്തിറങ്ങിയത്. അതേസമയം, വിവോ X300 പ്രോയാണെങ്കിൽ ഡ്യൂൺ ബ്രൗൺ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലും പുറത്തിറങ്ങി.
വിവോ X300 സീരീസിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 3nm മീഡിയാടെക് ഡൈമൻസിറ്റി 9500 ചിപ്‌സെറ്റ് രണ്ട് ഫോണുകളും ഉപയോഗിക്കും. ക്യാമറ ക്വാളിറ്റി, ഇമേജ് പ്രോസസ്സിംഗ്, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന VS1 പ്രോ ഇമേജിംഗ് ചിപ്പും V3+ ഇമേജിംഗ് ചിപ്പും ഈ പ്രോസസ്സറിനെ പിന്തുണയ്ക്കും. രണ്ട് മോഡലുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 സോഫ്റ്റ്‌വെയറുമായാണ് വരുന്നത്.
പരസ്യം
പരസ്യം