ലാവ അഗ്നി 4-ന് ഹോം ഡെമോ ക്യാമ്പയിൽ ഉണ്ടായിരിക്കും; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Lava
ലാവ അഗ്നി 4 ഹോം ഡെമോ ക്യാമ്പെയ്ൻ വഴി വീട്ടിൽ നേരിട്ട് ഫോണനുഭവം ലഭിക്കും
താങ്ങാനാവുന്ന വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ നൽകുന്നതിലൂടെ സാധാരണക്കാർക്കിടയിൽ ശ്രദ്ധേയമായ ജനപ്രിയ ഇന്ത്യൻ ബ്രാൻഡായ ലാവ മൊബൈൽസിൻ്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ അഗ്നി 4 ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ലോഞ്ചിങ്ങിനൊപ്പം ഉപയോക്താക്കൾക്കായി വമ്പൻ ഓഫറാണ് ലാവ പ്രഖ്യാപിച്ചിരിക്കുന്നത്. ലാവ അഗ്നി 4 വാങ്ങുന്നതിനു മുൻപു തന്നെ അത് പരിശോധിക്കാനും ഉപയോഗിച്ചു നോക്കാനും അവസരം നൽകുന്ന ഡെമോ@ഹോം എന്ന പേരിലുള്ള കാമ്പെയിൻ കമ്പനി നടത്തും. ലാവയുടെ ഒരു എഞ്ചിനീയർ നേരിട്ട് ഉപഭോക്താവിന്റെ വീട് സന്ദർശിച്ച് ഫോണിന്റെ പൂർണ്ണമായ ഡെമോ നൽകുക എന്നതാണ് ഈ സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. വാങ്ങാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് ഫോൺ എന്തൊക്കെ വാഗ്ദാനം ചെയ്യുന്നമെന്ന് ആളുകൾക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഫോണിൻ്റെ ഡിസൈൻ, സവിശേഷതകൾ, പെർഫോമൻസ് എന്നിവയെല്ലാം അവർ കാണിച്ചു തരും. ഓൺലൈൻ റിവ്യൂകളെ ആശ്രയിക്കുന്നതിനു പകരം ഫോണിൻ്റെ എക്സ്പീരിയൻസ് നോക്കി വാങ്ങാൻ ആഗ്രഹമുള്ള ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. നവംബർ 20-നാണ് ഇന്ത്യയിൽ ലാവ അഗ്നി 4 പുറത്തിറങ്ങുന്നത്.
ലാവ അഗ്നി 4-ൻ്റെ ഹോം ഡെമോ കാമ്പെയ്‌ൻ നവംബർ 20 മുതൽ നവംബർ 24 വരെ ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നടക്കും. ഇവിടെ താമസിക്കുന്ന ആളുകൾക്ക് ഒരു ഫോം പൂരിപ്പിച്ചു നൽകി ഇൻവൈറ്റ്-ഓൺലി എക്സ്പീരിയൻസിനു വേണ്ടി സൈൻ അപ്പ് ചെയ്യാവുന്നതാണ്. തുടർന്ന് ലാവ ഇതിലെ ഏതാനും ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് അവരുടെ വീടുകളിൽ അഗ്നി 4-ന്റെ പ്രത്യേക പ്രാക്റ്റിക്കൽ ഡെമോ നടത്തുന്നതിനു വേണ്ടി ബന്ധപ്പെടും.
ഈ ഓഫർ ലാവ അഗ്നി 4 എലൈറ്റ് പാസ് പ്രോഗ്രാമിന്റെ ഭാഗമാണ്. ഉപഭോക്താക്കൾ ഹോം ഡെമോ എക്സ്പീരിയൻസ് അനുഭവിച്ചതു കൊണ്ട് അവർ ഫോൺ വാങ്ങണമെന്നു നിർബന്ധമില്ല. പ്രൊഡക്റ്റ് എക്സ്പീരിയൻസ് നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലാവ ലക്ഷ്യമിടുന്നത്.
ലാവ അഗ്നി 4-ന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വില വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിഡ്-റേഞ്ച് സെഗ്‌മെന്റിൽ ഒരു ശക്തമായ ഓപ്ഷനായി ഈ ഫോൺ മാറുമെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 1.5K റെസല്യൂഷനും സുഗമമായ സ്‌ക്രോളിംഗിനും ഗെയിമിംഗിനുമായി 120Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ഈ ഫോണിനു കരുത്ത് പകരും. LPDDR5X റാമും UFS 4.0 സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലാവ അഗ്നി 4-ൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടാവുക. ഷേക്കുകൾ കുറയ്ക്കുന്നതിനും ഫോട്ടോ ക്ലാരിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെട്ടേക്കാം. മുൻവശത്ത്, ഫോണിന് 50 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ലാവ അഗ്നി 4 യുഎസ്ബി 3.2, ഇൻഫ്രാറെഡ് (IR) പിന്തുണ, വൈ-ഫൈ 6E എന്നിവ വാഗ്ദാനം ചെയ്തേക്കാം. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. താങ്ങാനാവുന്ന വിലയിൽ വരുന്ന ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ നിരവധി പേർ ആകാംക്ഷയോടെ ലാവ അഗ്നി 4 ലോഞ്ചിങ്ങ് കാത്തിരിക്കുന്നുണ്ട്.
പരസ്യം
പരസ്യം