സാംസങ്ങ് ഗാലക്സി S26 സീരീസിൻ്റെ ക്യാമറ സവിശേഷതകൾ വീണ്ടും പുറത്ത്
Photo Credit: Samsung
2026 ജനുവരിയില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള സാംസങ് ഗാലക്‌സി S26-സീരീസിന്റെ ക്യാമറ ഫീച്ചറുകള്‍ പുറത്ത്
അടുത്ത വർഷം ആദ്യത്തോടെ സാംസങ്ങ് തങ്ങളുടെ ഉയർന്ന നിലവാരമുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ലൈനപ്പായ ഗാലക്സി എസ് സീരീസിലെ പുതിയ ഫോണുകൾ പുറത്തിറക്കാൻ പോവുകയാണ്. സാംസങ്ങ് ഗാലക്സി S26 എന്ന പേരിലുള്ള ഈ സീരീസിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി S26 അൾട്രാ, ഗാലക്‌സി S26+, ഗാലക്‌സി S26 എന്നിവയാണ് ഈ മോഡലുകൾ. സാംസങ്ങ് ഈ ഫോണുകളുടെ ഔദ്യോഗികമായ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫോണുകളെ കുറിച്ചുള്ള ചില വിശദാംശങ്ങൾ ലീക്കായി പുറത്തു വരുന്നുണ്ട്. ഈ സീരീസിലെ ഏറ്റവും ഉയർന്ന മോഡലായ ഗാലക്‌സി S26 അൾട്രായിൽ 200 മെഗാപിക്സൽ മെയിൻ സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സിസ്റ്റം ഉണ്ടാകുമെന്നു റിപ്പോർട്ടുകളുണ്ട്. മറ്റ് രണ്ട് മോഡലുകളായ ഗാലക്‌സി S26+, ഗാലക്‌സി S26 എന്നിവ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് അടുക്കുന്നതിന് അനുസരിച്ച്, ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ കൂടുതൽ സവിശേഷതകൾ പുറത്തു വരുന്നത് ആരാധകരുടെ ആകാംക്ഷയും വർദ്ധിപ്പിക്കുന്നു.
വരാനിരിക്കുന്ന സാംസങ്ങ് ഗാലക്‌സി S26 സീരീസിന്റെ ക്യാമറ സംബന്ധിച്ച വിശദാംശങ്ങൾ പുതിയ ലീക്കുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ എക്‌സിലാണ് (മുമ്പ് ട്വിറ്റർ) ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തത്. ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന മൂന്ന് മോഡലുകൾ എന്തൊക്കെ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മുൻനിര മോഡലായ സാംസങ് ഗാലക്‌സി S26 അൾട്രാ ശക്തമായ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വന്നേക്കാം. പ്രധാന ക്യാമറ 200 മെഗാപിക്സൽ സെൻസർ ആയിരിക്കുമെന്നു പറയപ്പെടുന്നു. ഇതോടൊപ്പം, ഫോണിൽ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെട്ടേക്കാം.
അതേസമയം, സാധാരണ ഗാലക്‌സി S26, ഗാലക്‌സി S26+ എന്നിവയിൽ ഒരേ ക്യാമറ സിസ്റ്റം ആയിരിക്കുമെന്നാണു റിപ്പോർട്ടുകൾ. രണ്ട് ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വന്നേക്കാം. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങ് S26, S26+ എന്നിവയുടെ ക്യാമറ സവിശേഷതകൾ വെളിപ്പെടുത്തിയ മുൻ റിപ്പോർട്ടുകളുമായി ഇപ്പോൾ ലീക്കായ വിവരങ്ങൾ പൊരുത്തപ്പെടുന്നുണ്ട്. രണ്ട് ഫോണുകളിലും പുതിയ സാംസങ്ങ് ISOCELL S5KGNG മെയിൻ സെൻസർ ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന സോണി IMX564 അൾട്രാവൈഡ് ക്യാമറ ഇവ നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഫോണുകൾക്ക് സാംസങ്ങ് ISOCELL S5K3LD ടെലിഫോട്ടോ സെൻസറും ലഭിച്ചേക്കാം. ഇത് ഗാലക്സി S25, ഗാലക്സി S25+ എന്നിവയിലുള്ള 10 മെഗാപിക്സൽ ISOCELL S5K3K1 ടെലിഫോട്ടോ ക്യാമറയെ അപേക്ഷിച്ച് അപ്ഗ്രേഡ് ആയിരിക്കും.
നേരത്തെ സൂചിപ്പിച്ചതുപോലെ, അടുത്ത വർഷം ജനുവരി അവസാനത്തോടെ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് തങ്ങളുടെ ഗാലക്‌സി S26 സീരീസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 2026 ഫെബ്രുവരി ആദ്യത്തോടെ ഫോണുകൾ വിൽപ്പനയ്‌ക്കും എത്തിയേക്കാം. 2026 ഫെബ്രുവരി 25-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവൻ്റിൽ ചില ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് മറ്റ് ചില റിപ്പോർട്ടുകളും അവകാശപ്പെടുന്നുണ്ട്. ഈ തീയതികളൊന്നും സാംസങ്ങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ, ഇതിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പരസ്യം
പരസ്യം