Photo Credit: Vivo
വിവോ എക്സ് ഫോൾഡ് 5 ഉം വിവോ എക്സ്200 എഫ്ഇയും ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമാകും
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണു വിവോ. നിരവധി പ്രൈസ് റേഞ്ചുകളിലുള്ള ഫോണുകളും മികച്ച സർവീസും വാഗ്ദാനം ചെയ്യുന്നതിനാൽ വിവോയുടെ പുതിയ ഫോണുകൾക്കായി കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട്. അതിനിടയിൽ, ജൂലൈ 14ന് രണ്ടു പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ വിവോ ഒരുങ്ങുകയാണ്. വിവോ X ഫോൾഡ് 5, വിവോ X200 FE എന്നീ ഫോണുകളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ചൈനയിലും തായ്‌വാനിലും ജൂണിൽ ലോഞ്ച് ചെയ്ത ഫോണുകളാണ് ഒരു മാസത്തിനു ശേഷം ഇന്ത്യയിലേക്ക് എത്തുന്നത്. ഈ ഫോണുകൾ ഇന്ത്യയിലേക്കു വരുമ്പോൾ അവയിലുള്ള ചില പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫോണുകളെ സംബന്ധിച്ച് ഒരു ഏകദേശ ചിത്രം ലഭിക്കാൻ ഇതു സഹായിക്കുന്നു. സീസ്-ട്യൂൺ ചെയ്ത റിയർ ക്യാമറകളുമായാണ് ഈ രണ്ടു ഫോണുകളും എത്തുന്നത്. വിവോ X ഫോൾഡ് 5-ന് 6,000mAh ബാറ്ററിയും വിവോ X200 FE-ക്ക് 6,500mAh ബാറ്ററിയുമാണ് ഉണ്ടാവുക.
ടിപ്സ്റ്ററായ അഭിഷേക് യാദവാണ് (@yabhishekhd) ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന വിവോ ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. 12GB റാമും 256GB സ്റ്റോറേജുമുള്ള വിവോ X200 FE-യുടെ വില 54,999 രൂപയായിരിക്കുമെന്നും ഇതിൻ്റെ തന്നെ 16GB റാമും 512GB സ്റ്റോറേജുമുള്ള മോഡലിന് 59,999 രൂപയാകുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ഒരു വേരിയൻ്റിൽ മാത്രമേ പുറത്തിറങ്ങൂ. 16GB റാമും 512GB സ്റ്റോറേജുമുള്ള ഈ വേരിയൻ്റിന് 1,49,999 രൂപയായിരിക്കും വില.
ജൂലൈ 14-ന് ഉച്ചയ്ക്ക് 12 മണിക്ക് വിവോ X ഫോൾഡ് 5, വിവോ X200 FE എന്നീ രണ്ടു ഫോണുകളും ഇന്ത്യയിൽ പുറത്തിറങ്ങും. ലോഞ്ചിങ്ങിനു ശേഷം ഫ്ലിപ്കാർട്ടിലൂടെയും വിവോ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും ഈ ഫോണുകൾ വാങ്ങാം.
വിവോ X ഫോൾഡ് 5 ടൈറ്റാനിയം ഗ്രേ നിറത്തിലാണ് ഉണ്ടാവുക. ചിലപ്പോൾ വെള്ള നിറത്തിലും ഫോൺ ലഭ്യമായേക്കാം. അതേസമയം ആംബർ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്സ് ഗ്രേ എന്നീ വ്യത്യസ്തമായ മൂന്നു നിറങ്ങളിൽ വിവോ X200 FE ഇന്ത്യയിൽ ലഭ്യമാകും.
ജൂലൈ 14-ന് വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാകും ഈ ഫോൺ വരുന്നത്. മികച്ച ഫോട്ടോകൾ പകർത്തുന്നതിനായി 50 മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസർ, സൂമിങ്ങ് ഷോട്ടുകൾക്കായി 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ ലെൻസ്, വിശാലമായ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുന്ന 50 മെഗാപിക്സൽ സാംസങ് JN1 അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിൻ്റെ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ഇതിനൊപ്പം തന്നെ, വിവോ X200 എഫ്ഇയും ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് ആണ് ഈ ഫോണിനു കരുത്തു നൽകുന്നത്. മികച്ച നിലവാരമുള്ള ദൃശ്യങ്ങൾ നൽകുന്നതിനായി 6.31 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ഇതിന് ഉണ്ടായിരിക്കും. 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഈ ഫോണിനുള്ളതെന്ന് പറയപ്പെടുന്നു. 7.99mm കനവും ഏകദേശം 186 ഗ്രാം ഭാരവുമുള്ളതായിരിക്കും ഈ ഫോൺ. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP68+IP69 റേറ്റിങ്ങുകൾ ഈ ഫോണിനു ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ഇതിനു കഴിയുമെന്നതിൽ സംശയമില്ല.
സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ X200 FE വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ലാണ് ഈ ഫോൺ പ്രവർത്തിക്കുക.
പരസ്യം
പരസ്യം