Photo Credit: Vivo
വിവോ എക്സ് ഫോൾഡ് 5 ചൈനയിൽ ഔദ്യോഗികമായി ടീസർ ചെയ്യാൻ തുടങ്ങി
മറ്റു സ്മാർട്ട്ഫോണുകളുടെ അത്രയും മാർക്കറ്റ് ഇല്ലെങ്കിലും ഫോൾഡബിൾ ഫോണുകൾക്കായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. അവരെ ലക്ഷ്യം വെച്ചു തന്നെയാണ് കമ്പനികൾ ഇപ്പോഴും ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നത്. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് വിവോയുടെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വിവോ എക്സ് ഫോൾഡ് 5. ഈ ഫോണിൻ്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്തിടെ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവ് വെയ്‌ബോയിൽ ഇതിൻ്റെ ഒരു ടീസർ പങ്കിടുകയുണ്ടായി. ഇതു ഫോണിന്റെ ഡിസൈനിനെ കുറിച്ചുള്ള സൂചനകളും പ്രധാന സവിശേഷതകളെ സംബന്ധിച്ച വിവരങ്ങളും നൽകുന്നു. വിവോ എക്സ് ഫോൾഡ് 5, പുറത്തെയും, അകത്തെയും ഡിസ്‌പ്ലേകളിൽ LTPO 8T പാനലുകളുമായി വരും. രണ്ട് സ്‌ക്രീനുകളും 4,500nits പീക്ക് ബ്രൈറ്റ്നസ് ലെവൽ നൽകുമെന്നും പ്രതീക്ഷിക്കുന്നു. പൊടിയെ പ്രതിരോധിക്കുന്നതിൽ IP5X റേറ്റിംഗും വെള്ളത്തെ പ്രതിരോധിക്കുന്നതിന് IPX9+ റേറ്റിംഗും ഇതിന് ഉണ്ടെന്ന് അവകാശപ്പെടുന്നു. ഫോണിൻ്റെ ലോഞ്ച് തീയതിയും വിലയും ഉൾപ്പെടെയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോയുടെ പ്രൊഡക്റ്റ് മാനേജറായ ഹാൻ ബോക്‌സിയാവോയാണ് വരാനിരിക്കുന്ന വിവോ എക്സ് ഫോൾഡ് 5-ന്റെ ഇന്നർ സ്‌ക്രീൻ കാണിക്കുന്ന ഒരു ടീസർ വെയ്‌ബോയിൽ പങ്കിട്ടത്. ഫോണിന്റെ അകത്തെയും പുറത്തെയും ഡിസ്‌പ്ലേകളിൽ 8T LTPO പാനലുകളാണ് ഉണ്ടാവുക. അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, അൾട്രാ-ഹൈ റെസല്യൂഷൻ, ഉയർന്ന പിക്‌സൽ ഡെൻസിറ്റി എന്നിവയെ പിന്തുണയ്‌ക്കുന്ന സ്ക്രീനുകളാണിവ. രണ്ട് ഡിസ്‌പ്ലേകളും 4,500nits വരെ പീക്ക് ബ്രൈറ്റ്‌നസ് നൽകുമെന്നും ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗിനെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ക്രീനുകൾ TUV റൈൻലാൻഡ് ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 3.0, സീസ് മാസ്റ്റർ കളർ എന്നിവ സർട്ടിഫൈ ചെയ്തതാണ്.
തണുപ്പിനെ പ്രതിരോധിക്കാനുള്ള ഇതിൻ്റെ കഴിവ് പ്രധാന സവിശേഷതയാണ്. വിവോ എക്സ് ഫോൾഡ് 5-ന് ദീർഘനേരം -20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചതിനുശേഷവും സാധാരണ പോലെ പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പൊടി, വെള്ളം എന്നിവക്കെതിരെ ശക്തമായ പ്രതിരോധം ഉറപ്പു നൽകുന്ന ഈ ഫോണിന് ഇക്കാര്യത്തിൽ IP5XI, PX9+ എന്നിങ്ങനെയാണ് റേറ്റിങ്ങ് ലഭിച്ചിരിക്കുന്നത്. കമ്പനി പറയുന്നതു പ്രകാരം വെള്ളത്തിൽ, 1 മീറ്റർ ആഴത്തിൽ 1,000 തവണ മടക്കുകയും തുറക്കുകയും ചെയ്താലും ഈ ഫോൺ പ്രവർത്തിക്കും.
കഴിഞ്ഞ ആഴ്ച തന്നെ ചൈനയിൽ വിവോ എക്സ് ഫോൾഡ് 5-ന്റെ ടീസർ കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. ഫോൺ മെലിഞ്ഞു ഭാരം കുറഞ്ഞതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പുറത്തിറങ്ങിയ, 219 ഗ്രാം ഭാരമുള്ള വിവോ എക്സ് ഫോൾഡ് 3-യേക്കാൾ ഇതിനു ഭാരം കുറവായിരിക്കും.
വരാനിരിക്കുന്ന വിവോ എക്സ് ഫോൾഡ് 5-ൻ്റെ സവിശേഷതകൾ സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഫോണിന് ഏകദേശം 209 ഗ്രാം ഭാരമാണുണ്ടാവുക. 8.03 ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന ഇന്നർ സ്‌ക്രീനും ഫോൺ മടക്കുമ്പോൾ ഉപയോഗിക്കുന്നതിനായി 6.53 ഇഞ്ച് വലിപ്പമുള്ള ഔട്ടർ കവർ ഡിസ്‌പ്ലേയും ഇതിലുണ്ടാകും.
വിവോ എക്സ് ഫോൾഡ് 5-ൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാനാണ് സാധ്യത. ഈ മൂന്ന് ക്യാമറകൾക്കും 50 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു, ഇത് മികച്ച നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും നൽകും.
നിലവിൽ ലഭ്യമായ ഏറ്റവും ശക്തമായ മൊബൈൽ പ്രോസസ്സറുകളിൽ ഒന്നായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഫോണിന് കരുത്ത് പകരും. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഫോണിൻ്റെ മറ്റൊരു പ്രത്യേകത അതിന്റെ ബാറ്ററിയാണ്. വിവോ എക്സ് ഫോൾഡ് 5-ൽ 6,000mAh ബാറ്ററി ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ ഫോൺ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 30W വയർലെസ് ചാർജിംഗിനെയും പിന്തുണച്ചേക്കാം.
മൊത്തത്തിൽ, ഡിസൈൻ, പ്രകടനം, ക്യാമറ എന്നിവയിൽ മികച്ചു നിൽക്കുന്ന ഒരു പ്രീമിയം ഫോൾഡബിൾ ഫോണായിരിക്കും വിവോ എക്സ് ഫോൾഡ് എന്നാണു ഈ വിവരങ്ങളിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്നത്.
പരസ്യം
പരസ്യം