Photo Credit: Vivo
Vivo V50 ഒരു 7.39mm നേർത്ത പ്രൊഫൈൽ അവതരിപ്പിക്കുന്നു
വിവോയുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ V50 തിങ്കളാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറുമായാണ് ഈ ഫോൺ വരുന്നത്. 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഇതിനുള്ളത്. വിവോ V50 ഫോണിന് മൂന്ന് ക്യാമറകളുണ്ട്. പിന്നിൽ രണ്ട് 50 മെഗാപിക്സൽ ക്യാമറകളും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുൾപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകളാണ് ഈ ഫോണിനുള്ളത്. മെലിഞ്ഞ ഡിസൈനാണ് ഈ ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത. 7.39 മില്ലിമീറ്റർ കനം മാത്രമുള്ള വിവോ V50 തങ്ങളുടെ വിഭാഗത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണെന്ന് വിവോ അവകാശപ്പെടുന്നു. Al പവേർഡായ നിരവധി ഫീച്ചറുകളും വിവോ V50 ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ സർക്കിൾ ടു സെർച്ച്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്‌ലേഷൻ എന്നിവ ഉൾപ്പെടുന്നു.
8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള വിവോ V50 ഫോണിൻ്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത് 34,999 രൂപ മുതലാണ്. 8GB + 256GB പതിപ്പിന് 36,999 രൂപയും 12GB + 512GB വേരിയൻ്റിന് 40,999 രൂപയുമാണ് വില. ഫെബ്രുവരി 25 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകൾ എന്നിവയിൽ ഫോൺ വാങ്ങാൻ ലഭ്യമാകും. പ്രീ-ബുക്കിംഗ് ഇപ്പോൾ തുറന്നിരിക്കുന്നു.
വിവോ V50 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,899 രൂപ വിലയുള്ള വിവോ TWS 3e ഇയർബഡുകൾ ഡിസ്കൗണ്ടിൽ 1,499 രൂപക്കു ലഭിക്കും. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്.
ഫുൾ HD+ റെസല്യൂഷനുള്ള (1,080 x 2,392 പിക്സലുകൾ) 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വിവോ V50 വരുന്നത്. സ്‌ക്രീൻ ക്വാഡ്-കർവ്ഡ് ആണ്, 120Hz റീഫ്രഷ് റേറ്റും കൂടാതെ 4,500 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ട്. ഫോണിന് 387ppi പിക്സൽ ഡെൻസിറ്റിയുമുണ്ട്.
ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജും നൽകുന്നു. ഈ ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായി ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ഉപയോഗിക്കുന്നു.
6,000mAh ബാറ്ററിയുമായി വരുന്ന ഈ ഫോൺ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി ഫോണിന് ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് ഡ്യുവൽ 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, OTG, യുഎസ്ബി 3.2 ടൈപ്പ്-സി പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫോൺ IP68, IP69 എന്നിങ്ങനെ റേറ്റു ചെയ്തിരിക്കുന്നു.
വിവോ V50 ഫോണിൻ്റെ ടൈറ്റാനിയം ഗ്രേ പതിപ്പിന് 163.29 x 76.72 x 7.39 മില്ലിമീറ്റർ വലിപ്പവും 189 ഗ്രാം ഭാരവുമുണ്ട്. റോസ് റെഡ്, സ്റ്റാറി നൈറ്റ് പതിപ്പുകൾ അൽപ്പം കനം കൂടിയതാണ് യഥാക്രമം 7.57 മില്ലീമീറ്ററും 7.67 മില്ലീമീറ്ററും കനമുള്ള ഇവയുടെ ഭാരം 199 ഗ്രാമാണ്.
പരസ്യം
പരസ്യം