Photo Credit: Vivo
Vivo T3x 5G-യുടെ പിൻഗാമിയായി Vivo T4x 5G പ്രതീക്ഷിക്കുന്നു (ചിത്രം)
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ വിവോയുടെ പുതിയ ഫോണുകൾ ഇറങ്ങുമ്പോൾ പ്രതീക്ഷകളും വലുതാണ്. വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ T4x 5G ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ, അതിൻ്റെ വില, സവിശേഷതകൾ, സാധ്യമായ ലോഞ്ച് തീയതി എന്നിവ നേരത്തെ തന്നെ ഓൺലൈനിൽ വന്നു കഴിഞ്ഞിരുന്നു. മാർച്ചോടെ ഇത് ഇന്ത്യയിൽ ലഭ്യമായേക്കുമെന്നാണ് ലീക്കുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഒരു ഒഫീഷ്യൽ ടീസർ സ്ഥിരീകരിക്കുന്നു. ടീസർ ഫോണിൻ്റെ പ്രൈസ് റേഞ്ചിനെ കുറിച്ച് സൂചനകൾ നൽകുകയും ഫോൺ എപ്പോൾ ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. വിവോ T4x ഒരു വലിയ ബാറ്ററി ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 6500mAh ബാറ്ററിയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്.
വിവോ T4x 5G ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വിവോ സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) സ്ഥിരീകരിച്ചു. ഈ ഫോണിന് അതിൻ്റെ പ്രൈസ് റേഞ്ചിലുള്ള ഫോണുകളെ അപേക്ഷിച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കുമെന്ന് കമ്പനി പറയുന്നു. ടീസറിലെ ഒരു ചെറിയ നോട്ട് സൂചിപ്പിക്കുന്നത് ഫോൺ 6,500mAh ബാറ്ററിയുമായി വരുമെന്നാണ്. 15,000 രൂപയിൽ താഴെയായിരിക്കും ഈ ഫോണിനു വില. ഫെബ്രുവരി 20-ന് വിവോ T4x 5G ഇന്ത്യയിൽ അവതരിപ്പിക്കും.
ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ വിവോ T4x 5G വാങ്ങാൻ ലഭ്യമാകുമെന്ന് പ്രൊമോഷണൽ പോസ്റ്റർ വ്യക്തമാക്കുന്നു. ഫോണിനായുള്ള ഫ്ലിപ്പ്കാർട്ട് പേജും ലൈവ് ആയിട്ടുണ്ട്. എന്നാൽ ഇത് ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.
വിവോ T4x 5G രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പ്രോൻ്റോ പർപ്പിൾ, മറൈൻ ബ്ലൂ എന്നീ നിറങ്ങളിലാകും ഫോൺ വരുന്നത്. വ്യത്യസ്തമായ നിറങ്ങളിൽ നോട്ടിഫിക്കേഷനുകൾ കാണിക്കാൻ ഫോണിന് ഡൈനാമിക് ലൈറ്റ് ഫീച്ചറും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവോ T3x 5G ഫോണിന് 6,000mAh ബാറ്ററിയുണ്ട്, കൂടാതെ ഇതു 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസറിലാണ് വിവോ T3x 5G പ്രവർത്തിക്കുന്നത്. ക്രിംസൺ ബ്ലിസ്, സെലസ്റ്റിയൽ ഗ്രീൻ, സഫയർ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വരുന്നു.
ഇന്ത്യയിൽ, ഈ ഫോണിൻ്റെ വില ആരംഭിക്കുന്നത് 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,499 രൂപയിലാണ്. 6 ജിബി റാം മോഡലിന് 13,999 രൂപയാണ് വില. അതേസമയം 8 ജിബി റാം മോഡലിനു 15,499 രൂപ വിലയുണ്ട്.
പരസ്യം
പരസ്യം