Photo Credit: Tecno
ടെക്നോ പോവ 6 നിയോ 4G (ചിത്രം) 2024 ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തില്ല
സാധാരണക്കാർക്കായി, കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണുകൾ അവതരിപ്പിച്ചു ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡായ ടെക്നോയുടെ പുതിയ ഫോണായ ടെക്നോ പോവ 7 നിയോ 4G തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഉടൻ ലോഞ്ച് ചെയ്‌തേക്കാം. അടുത്തിടെ ചോർന്ന ചില ചിത്രങ്ങൾ ഈ സ്മാർട്ട്‌ഫോണിന്റെ ഡിസൈനിനെ കുറിച്ചു വ്യക്തമാക്കുന്നു. ഇതിനു പുറമെ, അതിന്റെ റീട്ടെയിൽ ബോക്‌സും ചില പ്രധാന സവിശേഷതകളും ഓൺലൈനിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ 4G മോഡൽ ടെക്നോ പോവ 7 സീരീസിൻ്റെ ഭാഗമാകും. ടെക്നോ പോവ 7 5G, ടെക്നോ പോവ 7 അൾട്രാ 5G മോഡലുകൾ ഈ സീരീസിൻ്റെ ഭാഗമാണ്. ടെക്നോ പോവ 6 നിയോ 4G-യുടെ പിൻഗാമി കൂടിയായിരിക്കും പോവ 7 നിയോ 4G. പോവ 6 നിയോ 4G മീഡിയടെക് ഹീലിയോ G99 അൾട്ടിമേറ്റ് പ്രോസസർ ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നില്ല. പോവ 7 നിയോ 4G ഇന്ത്യയിൽ ലഭ്യമാകുമോ ഇല്ലയോ എന്നു വ്യക്തമല്ല.
പാഷനേറ്റ്ഗീക്‌സിന്റെ ഒരു റിപ്പോർട്ടാണ് വരാനിരിക്കുന്ന ടെക്‌നോ പോവ 7 നിയോ 4G ഫോണിൻ്റെ ലീക്കായ ചിത്രങ്ങൾ പുറത്തു വിട്ടത്. ഇത് ഫോണിന്റെ ഡിസൈനിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകുന്നു. റിയർ പാനലിന്റെ മുകളിൽ ഇടത് മൂലയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ത്രികോണാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമായി ഫോൺ പുറത്തു വരുമെന്ന് ചിത്രങ്ങൾ കാണിക്കുന്നു. ക്യാമറ ഐലൻഡിൽ രണ്ട് ക്യാമറകളും ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നതായാണ് കരുതുന്നത്. ഫോൺ ബ്ലാക്ക് കളർ വേരിയന്റിലാണു കാണിച്ചിരിക്കുന്നത്. ഈ ഫോണിന്റെ റീട്ടെയിൽ പാക്കേജിംഗിന്റെ ഫോട്ടോകളും ഈ റിപ്പോർട്ട് പങ്കിടുന്നുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ടെക്‌നോ പോവ 7 നിയോ 4G-യിൽ 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇതു സുഗമമായ സ്ക്രോളിംഗിനും ആനിമേഷനുകൾക്കുമായി 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. മീഡിയടെക് ഹീലിയോ G100 ചിപ്‌സെറ്റ് ആകും ഇതിലുണ്ടാവുക എന്നാണു കരുതുന്നത്. വെർച്വൽ റാം സപ്പോർട്ട് ഉൾപ്പെടെ 16GB വരെ റാമുമായി വരുമെന്നു പ്രതീക്ഷിക്കുന്ന ഫോൺ 256GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം.
സോഫ്റ്റ്‌വെയറിന്റെ കാര്യമെടുത്താൽ ഈ സ്മാർട്ട്‌ഫോൺ ടെക്‌നോയുടെ AI സവിശേഷതകളെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. ഇത് പെർഫോമൻസും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ സഹായിക്കും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിങ്ങാണ് ഇതിനു പ്രതീക്ഷിക്കുന്നത്.
ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ 7,000mAh ബാറ്ററിയാണ്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും. റിപ്പോർട്ട് കൃത്യമായ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടെക്നോ പോവ 7നിയോ 4G ഈ മാസം അവസാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അതിൽ പരാമർശിക്കുന്നുണ്ട്.
ടെക്നോ പോവ 6 നിയോ 4G ചില ശ്രദ്ധേയമായ സവിശേഷതകളോടെയാണ് എത്തിയത്. മീഡിയടെക് ഹീലിയോ G99 അൾട്ടിമേറ്റ് പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയും ഇതിനുണ്ട്. 7,000mAh ബാറ്ററി ഇതിൻ്റെയും പ്രധാന സവിശേഷതകളിൽ ഒന്നായിരുന്നു.
അതേസമയം, ടെക്നോ പോവ 7 നിയോ 4G ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. മോഡൽ നമ്പർ LJ6 എന്നതിലാണ് ഇത് കണ്ടെത്തിയത്. ലിസ്റ്റിംഗ് അനുസരിച്ച്, വരാനിരിക്കുന്ന ഫോൺ 8GB റാമുമായി വരുമെന്നും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം