Photo Credit: Samsung
സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ന് 4.1 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് കവർ ഡിസ്‌പ്ലേയുണ്ട്
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ് ബുധനാഴ്ച ന്യൂയോർക്കിൽ വെച്ചു നടന്ന സാംസങ്ങ് അൺപാക്ക്ഡ് 2025 ഇവൻ്റിൽ വെച്ച് ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ ഗാലക്‌സി Z ഫ്ലിപ്പ് 7 എന്ന സ്‌മാർട്ട്ഫോൺ പുറത്തിറക്കി. ഗാലക്‌സി Z ഫോൾഡ് 7, ഗാലക്‌സി Z ഫ്ലിപ്പ് 7 FE എന്നീ രണ്ട് ഫോൾഡബിൾ ഫോണുകളുടെയും മറ്റ് പ്രൊഡക്റ്റുകളുടെയും കൂടെയാണ് ഇത് അവതരിപ്പിച്ചത്. ഗാലക്‌സി Z ഫ്ലിപ്പ് 7 ക്ലാംഷെൽ ശൈലിയിലുള്ള മടക്കാവുന്ന ഫോണാണ്. സാംസങ്ങിന്റെ പുതിയ എക്‌സിനോസ് 2500 പ്രോസസറുമായാണ് ഈ ഫോൺ വരുന്നത്. ഈ മോഡലിലെ പ്രധാന മാറ്റങ്ങളിലൊന്ന് അതിന്റെ കവർ ഡിസ്‌പ്ലേയാണ്. ഫോൾഡർ ആകൃതിയിലുള്ള ഔട്ടർ സ്‌ക്രീൻ ഉണ്ടായിരുന്ന ഗാലക്‌സി Z ഫ്ലിപ്പ് 6-ൽ നിന്ന് വ്യത്യസ്തമായി, ഫ്ലിപ്പ് 7 പുതിയ 4.1 ഇഞ്ച് എഡ്ജ്-ടു-എഡ്ജ് കവർ ഡിസ്‌പ്ലേയുമായാണ് വരുന്നത്. മുൻഗാമിയേക്കാൾ മെലിഞ്ഞ ഫോണായ സാംസങ്ങ് ഫ്ലിപ്പ് 7 പൂർണ്ണമായും തുറക്കുമ്പോൾ 6.5 മില്ലിമീറ്റർ കനം മാത്രമേയുള്ളൂ.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 7 മോഡലിന് ഇന്ത്യയിൽ 1,09,999 രൂപയിലാണ് വില ആരംഭിക്കുന്നത്. 12 ജിബി + 512 ജിബി പതിപ്പിന് 1,21,999 രൂപ വിലയുണ്ട്. ഇത് ബ്ലൂ ഷാഡോ, കോറൽ റെഡ്, ജെറ്റ്ബ്ലാക്ക്, മിന്റ് എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്. മിന്റ് കളർ വേരിയൻ്റ് സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റിൽ മാത്രമേ ലഭ്യമാകൂ.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും, ജൂലൈ 25 മുതലാണ് വിൽപ്പന ആരംഭിക്കുക. സ്പെഷ്യൽ ഓഫർ എന്ന നിലയിൽ, ജൂലൈ 12-നകം പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 256 ജിബിയുടെ വിലയ്ക്ക് ഈ ഫോണിൻ്റെ 512 ജിബി മോഡൽ ലഭിക്കും.
ഫോൾഡബിൾ ഫോണായ സാംസങ്ങ് ഗാലക്‌സി Z ഫ്ലിപ്പ് 7-ന് 6.9 ഇഞ്ച് ഫുൾ എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X മെയിൻ സ്‌ക്രീനും 4.1 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്‌പ്ലേയുമുണ്ട്. ഔട്ടർ ഡിസ്പ്ലേ സ്‌ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഗാലക്‌സി Z ഫ്ലിപ്പ് 7-ന് കരുത്ത് പകരുന്നത് സാംസങ്ങിന്റെ 3nm എക്‌സിനോസ് 2500 ചിപ്‌സെറ്റാണ്. ഇത് 12GB റാമുമായി വരുന്നു, കൂടാതെ 512GB വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ 2x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂമുള്ള 50-മെഗാപിക്സൽ വൈഡ്-ആംഗിൾ മെയിൻ സെൻസറും 12-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കായി, പ്രധാന സ്‌ക്രീനിന്റെ മുകളിൽ 10-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.
AI അടിസ്ഥാനമാക്കിയുള്ള സവിശേഷതകളിലും ഗാലക്സി Z ഫ്ലിപ് 7 ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രോവിഷ്വൽ എഞ്ചിൻ, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, കോൾ അസിസ്റ്റ്, ലൈവ് ട്രാൻസ്ലേഷൻ എന്നിങ്ങനെയുള്ള AI ടൂൾസ് ഇതിലുണ്ട്. ഇത് ബിൽറ്റ്-ഇൻ ഗൂഗിൾ ജെമിനി സപ്പോർട്ടുമായാണു വരുന്നത്, ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ഫീച്ചറും ഇതിലുണ്ട്.
സാംസങ് നൗ ബാർ, നൗ ബ്രീഫ് പോലുള്ള പുതിയ പ്രൊഡക്റ്റിവിറ്റി ടൂളുകളും ഇതിൽ ചേർത്തിട്ടുണ്ട്. മ്യൂസിക്ക് നിയന്ത്രിക്കുന്നതിനും നോട്ടിഫിക്കേഷൻസ് പരിശോധിക്കുന്നതിനും മറ്റുമുള്ള ഫ്ലോട്ടിംഗ് ഷോർട്ട്കട്ട് ബാറാണ് നൗ ബാർ. നൗ ബ്രീഫ് ഫീച്ചർ ഉപയോക്താക്കൾക്ക് അവരുടെ ദൈനംദിന ഷെഡ്യൂളിന്റെ സമ്മറി നൽകും, കവർ സ്ക്രീനിൽ ഇതു നേരിട്ട് കാണാം.
4,300mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഗാലക്സി Z ഫ്ലിപ് 6-നെ അപേക്ഷിച്ച് ഇത് ഒരു ആർമർ അലുമിനിയം ഫ്രെയിമും ആർമർ ഫ്ലെക്സ് ഹിഞ്ചും ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP48 റേറ്റിങ്ങുള്ള ഈ ഫോൺ തുറക്കുമ്പോൾ 6.5 മില്ലിമീറ്ററും മടക്കുമ്പോൾ 13.7 മില്ലിമീറ്ററുമാണ് കനമുള്ളത്, ഇതിൻ്റെ ഭാരം 188 ഗ്രാമാണ്.
പരസ്യം
പരസ്യം