വൺപ്ലസ് 16 ഫോൺ 240Hz ഡൈനാമിക് റിഫ്രഷ് റേറ്റ് സ്ക്രീനുമായി എത്തുമെന്നു റിപ്പോർട്ടുകൾ
Photo Credit: OnePlus
വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്: OnePlus 16 ഫോണിൽ 240 Hz ഡൈനാമിക് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഉപയോഗിക്കാനുള്ള സാധ്യത ఉంది
വൺപ്ലസ് 15 ലോഞ്ച് പൂർത്തിയാകുന്നതിനു മുൻപു തന്നെ, ലൈനപ്പിലെ അടുത്ത മോഡലായ വൺപ്ലസ് 16-നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡിസ്പ്ലേ ടെക്നോളജിയെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടിയാണ് കമ്പനി പദ്ധതിയിടുന്നത്. വരാനിരിക്കുന്ന വൺപ്ലസ് 16 ഫോണിൽ സൂപ്പർ-സ്മൂത്ത് 240Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു, ഇത് വൺപ്ലസ് 15-ലുള്ള 165Hz സ്ക്രീനിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഒരു വലിയ അപ്ഗ്രേഡ് ആയിരിക്കും. ആപ്പുകൾക്കിടയിൽ പരസ്പരം മാറുമ്പോഴും, സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴും, ഗെയിമുകൾ കളിക്കുമ്പോഴുമെല്ലാം ഫോണിന് കൂടുതൽ വേഗതയേറിയതും സ്മൂത്ത് ആയതുമായ അനുഭവം നൽകാൻ ഈ ഡിസ്പ്ലേ സവിശേഷത കൊണ്ടു കഴിയും. ലോഞ്ച് ചെയ്യാനിരിക്കുന്ന വൺപ്ലസ് 15 തന്നെ മികച്ച ദൃശ്യമികവും പെർഫോമൻസും നൽകുമെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്. വൺപ്ലസ് 16-ലേക്ക് എത്തുമ്പോഴേക്കും കമ്പനി കൂടുതൽ വിപുലമായ അപ്‌ഗ്രേഡിനായി തയ്യാറെടുക്കുന്നുവെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.
വൺപ്ലസ് ഡിവൈസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് വിശ്വസനീയമായ സോഴ്സുകളിൽ ഒന്നായ, @OnePlusClub എന്ന പേരിൽ എക്സിലുള്ള ഉപയോക്താവ്, വരാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണിന്റെ സാധ്യമായ ഡിസ്‌പ്ലേ അപ്‌ഗ്രേഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് പറയുന്നതു പ്രകാരം, ഹൈ റെസല്യൂഷനുള്ള സ്‌ക്രീനും 240Hz ഡൈനാമിക് റിഫ്രഷ് റേറ്റും തമ്മിലുള്ള ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
“വരും വർഷങ്ങളിൽ വൺപ്ലസിന്റെ ആത്യന്തികമായ ലക്ഷ്യം ഉയർന്ന റെസല്യൂഷനും 240Hz ഡൈനാമിക് റിഫ്രഷ് റേറ്റും തമ്മിലുള്ള കൃത്യമായ ബാലൻസ് കൈവരിക്കുക എന്നതാണ്” എന്നു പോസ്റ്റിൽ പറയുന്നു.
ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 15-ൻ്റെ റീഫ്രഷ് റേറ്റ് ഇതിനകം തന്നെ 120Hz-ൽ നിന്ന് 165Hz ആയി കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ അപ്‌ഗ്രേഡിൽ വൺപ്ലസ് ഒരു വിട്ടുവീഴ്ച നടത്തിയിട്ടുണ്ട്. ഫോണിൻ്റെ ഡിസ്‌പ്ലേ റെസല്യൂഷൻ 2K-യിൽ നിന്ന് 1.5K ആയി കുറച്ചു. ഭാവിയിലെ മോഡലുകളിൽ ഇത്തരം വിട്ടുവീഴ്ചകൾ ഒഴിവാക്കാൻ കമ്പനി ആഗ്രഹിക്കുന്നു.
240Hz റിഫ്രഷ് റേറ്റ് ഏത് മോഡലിൽ അവതരിപ്പിക്കുമെന്ന് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത വർഷം തന്നെ ഇത് അവതരിപ്പിക്കാൻ കഴിയുമെന്ന് ഫോൺഅരീന അനുമാനിക്കുന്നു. ഒരുപക്ഷേ അതു വൺപ്ലസ് 16-നൊപ്പം ആയിരിക്കാം.
ഉയർന്ന റിഫ്രഷ് റേറ്റ് ഫോണിന്റെ ഉപയോഗം വളരെ സുഗമമാക്കുന്നു. ഇത് സ്ക്രോളിംഗ്, ആപ്പുകൾക്കിടയിൽ സ്വൈപ്പിംഗ്, മൊത്തത്തിലുള്ള ഗെയിമിംഗ് പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തുന്നു, ഫോൺ ഉപയോഗിക്കുന്ന സമയത്ത് എല്ലാം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നതായും പെട്ടെന്നു പ്രതികരിക്കുന്നതായും തോന്നിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് കൂടുതൽ ബാറ്ററി പവർ ഉപയോഗിക്കുന്നു എന്നതൊരു ന്യൂനത തന്നെയാണ്.
എക്സിലെ പോസ്റ്റിൽ കമന്റ് ചെയ്ത മിക്ക ആളുകളും ഒരു സ്മാർട്ട്‌ഫോണിന് 240Hz റിഫ്രഷ് നിരക്ക് ശരിക്കും ആവശ്യമാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. റിഫ്രഷ് റേറ്റ് വർദ്ധിപ്പിക്കുന്നതിനുപകരം ക്യാമറ ക്വാളിറ്റി പോലുള്ള മറ്റ് സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിൽ വൺപ്ലസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് ചില ഉപയോക്താക്കൾ പറയുന്നു.
വൺപ്ലസ് 15-ൽ, കമ്പനി ഡീറ്റയിൽമാക്സ് എഞ്ചിൻ എന്ന പുതിയ സവിശേഷത അവതരിപ്പിക്കുന്നു. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോൺ വരുന്നത്, എന്നാൽ വൺപ്ലസ് 13-ൽ ഉപയോഗിച്ചതിനേക്കാൾ ഇതിൻ്റെ സെൻസറുകൾ ചെറുതായിരിക്കും. അതുകൊണ്ടു തന്നെ, പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിലെ ക്യാമറകൾ അപ്‌ഗ്രേഡിന് പകരം ഡൗൺഗ്രേഡ് ആയിരിക്കുമോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. പുതിയ ഫോണിൻ്റെ ക്യാമറകൾ എങ്ങിനെ ആയിരിക്കും എന്നറിയാൻ വൺപ്ലസ് 15-നെ കുറിച്ചുള്ള Gadgets360-ന്റെ അവലോകനത്തിനായി കാത്തിരിക്കുക.
പരസ്യം
പരസ്യം