Photo Credit: Samsung
സാംസങ്ങിൻ്റെ പ്രധാനപ്പെട്ട സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നായ ഗാലക്‌സി S25 സീരീസ് ജനുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ മൂന്ന് മോഡലുകളാണ് സീരീസിൽ ഉണ്ടാവാറുള്ളതെങ്കിൽ ഇത്തവണ നാല് മോഡലുകളാണ് സാംസങ്ങ് അവതരിപ്പിക്കാൻ പോകുന്നത്. ഗാലക്‌സി S25 സാധാരണ മോഡൽ, ഗാലക്‌സി S25+, ഗാലക്‌സി S25 അൾട്രാ എന്നിവക്കൊപ്പം ഗാലക്‌സി S25 സ്ലിം എന്ന പുതിയ വേരിയൻ്റും ഈ ലൈനപ്പിൽ ഉൾപ്പെടും. ലോഞ്ചിൽ ആദ്യത്തെ മൂന്നു മോഡലുകളാണ് ഉണ്ടാവുകയെന്നും ഗാലക്‌സി S25 സ്ലിം അതിനു ശേഷമാവും അവതരിപ്പിക്കുകയെന്നുമാണ് സൂചനകൾ. ഇവയിൽ, ഗാലക്‌സി S25 അൾട്രാ സീരീസിലെ മികച്ച മോഡലായി വേറിട്ടുനിൽക്കുമെന്നുറപ്പാണ്. ഇതു വരെയുള്ള ബോക്‌സി ഡിസൈനിൽ നിന്നും ചില ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് ഇത് വരുന്നത്. അടുത്തിടെ ലീക്കായ ഫോണിൻ്റെ ഡമ്മി യൂണിറ്റുകൾ ഈ മാറ്റങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ലീക്കായ വിവരങ്ങൾ പ്രകാരം, ഗാലക്‌സി S25 അൾട്രാ കൂടുതൽ റൗണ്ട് ഷേപ്പിലായിരിക്കും.
@Jukanlosreve എന്ന പേരിൽ എക്സിലുള്ള ടിപ്സ്റ്ററാണ് സാംസങ്ങ് ഗാലക്സി S25 അൾട്രായുടെ ഡമ്മി യൂണിറ്റുകളുടെ ചില ചിത്രങ്ങൾ പങ്കിട്ടത്. ലീക്കുകൾ അനുസരിച്ച്, സാംസങ്ങിൻ്റെ നോൺ-ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ പുതിയൊരു ഡിസൈനിലാകും എത്തുന്നുണ്ടാവുക. നേരത്തെ പുറത്തു വന്ന ഫോണുകളിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് എഡ്ജുകൾക്കു പകരം പുതിയ മോഡലിൽ കുറച്ചു റൗണ്ട് ഷേപ്പിലുള്ള എഡ്ജുകൾ ആയിരിക്കും. ബ്ലാക്ക് ഷേഡ് ഉൾപ്പെടെ നാലു നിറങ്ങളിൽ പ്രതീക്ഷിക്കുന്ന ഫോണിൻ്റെ രണ്ടു നിറങ്ങളും ലീക്കിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഗാലക്‌സി S25 അൾട്രായുടെ ഡമ്മി യൂണിറ്റുകൾ ലീക്കാവുന്നത്. ഇതു ഫോണിൻ്റെ ഡിസൈനിലെ മാറ്റങ്ങൾ എടുത്തുകാണിക്കുന്നു. സമീപ വർഷങ്ങളിൽ സാംസങ് അതിൻ്റെ അൾട്രാ മോഡലുകളുടെ സിഗ്നേച്ചർ ശൈലിയായ ബോക്‌സി ഡിസൈനിൽ നിന്ന് മാറ്റം വരുത്തുന്നതായി ഇതു വ്യക്തമാക്കുന്നു.
ഡിസൈൻ മാറ്റങ്ങൾ ഉണ്ടെങ്കിലും, ചില ഘടകങ്ങൾ അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലതുവശത്തുള്ള പവർ, വോളിയം ബട്ടണുകളുടെ പ്ലേസ്‌മെൻ്റ്, നിലവിലെ മോഡലുകൾക്ക് സമാനമായ റിയർ ക്യാമറ ലേഔട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുൻ മോഡലിനെ അപേക്ഷിച്ച് സാംസങ് ഗാലക്‌സി S25 അൾട്രാ കനം കുറഞ്ഞ ബെസലുകളോടു കൂടിയ 6.86 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും കൂടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 200 മെഗാപിക്സൽ പ്രധാന ക്യാമറ, 10 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ 5x ടെലിഫോട്ടോ ക്യാമറ, അപ്ഗ്രേഡ് ചെയ്ത 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയുൾപ്പെടെ ശക്തമായ ക്യാമറ സെറ്റപ്പാണ് ഇതിലുണ്ടാവുക.
ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഇതിലുണ്ടാവുക. കൂടാതെ 16GB വരെ റാം ഈ ഫോൺ വാഗ്ദാനം ചെയ്യും. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി ഇതിൽ ‘ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ നിർമ്മാണച്ചെലവ് (ബിൽ ഓഫ് മെറ്റീരിയലുകൾ അല്ലെങ്കിൽ BoM) മുൻ മോഡലിനേക്കാൾ കുറഞ്ഞത് 110 ഡോളർ (ഏകദേശം 9,300 രൂപ) കൂടുതലാണെന്ന് അടുത്തിടെയുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ചില വിപണികളിൽ വില വർദ്ധനവുണ്ടാകുമെന്ന് വ്യക്തമാക്കുന്നു.
പരസ്യം
പരസ്യം