Photo Credit: Samsung
സ്മാർട്ട്ഫോൺ വിപണിയിലെ അതികായന്മാരിൽ ഒരാളായ സാംസങ്ങ് പുതിയൊരു മോഡൽ കൂടി വിപണിയിലിറക്കി. സാംസങ്ങ് ഗാലക്സി ക്വാണ്ടം 5 എന്ന പേരിലാണ് പുതിയ സ്മാർട്ട്ഫോൺ സാംസങ്ങ് ലോഞ്ച് ചെയ്തിരിക്കുന്നത്. സാംസങ്ങിൻ്റെ തന്നെ ഗാലക്സി A55 എന്ന മോഡലിൻ്റെ കുറച്ചു കൂടി മെച്ചപ്പെട്ട രൂപമായ സാംസങ്ങ് ഗാലക്സി ക്വാണ്ടം 5 ഫോണിൽ നിരവധി Al ഫീച്ചറുകൾ, ക്വാണ്ടം ക്രിപ്റ്റോഗ്രാഫി സെക്യൂരിറ്റി എന്നിവയെല്ലാമുണ്ട്. മെറ്റൽ ഫ്ലാറ്റ് ഫ്രയിമിൽ പുറത്തിറങ്ങുന്ന സാംസങ്ങ് ഗാലക്സി ക്വാണ്ടം 5 നിലവിൽ മൂന്നു നിറങ്ങളിലാണു ലഭ്യമാവുക. സൗത്ത് കൊറിയൻ ടെലികോം കാരിയറായ എസ്കെ ടെലികോമുമായി സഹകരിച്ച് സാംസങ്ങ് പുറത്തിറക്കിയ ഈ സ്മാർട്ട്ഫോണിൽ മെച്ചപ്പെട്ട സുരക്ഷക്കു വേണ്ടി ക്വാണ്ടം റാൻഡം നമ്പർ ജനറേറ്റർ (QRNG) ചിപ്പും അടങ്ങിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്.
സൗത്ത് കൊറിയൻ വിപണിയിലാണ് സാംസങ്ങ് ഗാലക്സി ക്വാണ്ടം 5 ലഭ്യമായിട്ടുള്ളത്. അവിടെ 618200 KRW (38700 ഇന്ത്യൻ രൂപയോളം) ആണ് ഇതിനു വിലയിട്ടിരിക്കുന്നത്. ഓസം ഐസ്ബ്ലൂ, ഓസം നേവി, ഓസം ലൈലാക് എന്നീ നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റ് ലഭ്യമാവുക.
ഡ്യുവൽ സിം ഉപയോഗിക്കാൻ കഴിയുന്ന സാംസങ്ങ് ഗാലക്സി ക്വാണ്ടം 5 ആൻഡ്രോയ്ഡ് 14 ലാണു പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റുള്ള 6.6 ഇഞ്ചിൻ്റെ ഫുൾ HD+ (1080 x 2340 pixels) സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. മെറ്റൽ ഫ്ലാറ്റ് ഫ്രെയിമിൽ വരുന്ന ഈ ഫോണിനു ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസിൻ്റെ സുരക്ഷിതത്വവുമുണ്ട്.
സാംസങ്ങ് ഗാലക്സി A55 ലെന്നതു പോലെത്തന്നെ 2.75GHz ക്ലോക്ക് സ്പീഡുള്ള ഒക്റ്റ കോർ ചിപ്പ്സെറ്റാണ് ഇതിലും നൽകിയിരിക്കുന്നത്. എക്സിനോസ് 1480 SoC ആയിരിക്കുമതെന്നു പ്രതീക്ഷിക്കുന്നു. 8GB RAM + 128GB ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന ഈ ഫോണിൻ്റെ സ്റ്റോറേജ് 1TB വരെ ഉയർത്താൻ കഴിയും. എസ്കെ ടെലികോം, ഐഡി ക്വാണ്ടികോ എന്നിവരുമായുള്ള സഹകരണത്തിലൂടെ പുറത്തു വരുന്നതിനാൽ സൗത്ത് കൊറിയൻ മാർക്കറ്റിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫോണാണിതെന്നു കരുതാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ അടങ്ങുന്നതാണു ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ട് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണുള്ളത്.
ബ്ലൂടൂത്ത് 5.3, GPS, 3.5mm ഹെഡ്ഫോൺ ജാക്ക്, USB ടൈപ്പ് സി പോർട്ട് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ആക്സലറോമീറ്റർ, ലൈറ്റ് സെൻസർ, ഗൈറോ സെൻസർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ അടങ്ങിയിരിക്കുന്നു. സാംസങ്ങ് നോക്സ് വോൾട്ട് സെക്യൂരിറ്റി ഫീച്ചറുള്ള ഈ സ്മാർട്ട്ഫോണിന് lP67 റേറ്റിംഗാണുള്ളത്.
സാംസങ്ങ് ഗാലക്സി ക്വാണ്ടം 5ൽ 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയാണു നൽകിയിരിക്കുന്നത്. ഒരൊറ്റ ചാർജിംഗിൽ 24 മണിക്കൂർ വീഡിയോ പ്ലേബാക്ക് ടൈം ബാറ്ററി നൽകുമെന്നാണ് അവകാശപ്പെടുന്നത്.
പരസ്യം
പരസ്യം