സാംസങ്ങ് ഗാലക്സി M17 5G ഇന്ത്യയിലേക്ക്; ലോഞ്ചിങ്ങ് തീയ്യതിയും സവിശേഷതകളുമറിയാം
Photo Credit: Samsung
സാംസങ് ഗാലക്‌സി എം17 5ജിക്ക് 7.5 എംഎം നേർത്ത പ്രൊഫൈൽ ഉണ്ടെന്ന് പറയപ്പെടുന്നു
എല്ലാ വിഭാഗങ്ങളിൽ പെട്ട ആളുകൾക്കുമായി മികച്ച ഫോണുകൾ നിർമിക്കുന്ന ബ്രാൻഡായ സാംസങ്ങിൻ്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ സാംസങ്ങ് ഗാലക്സി M17 5G ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. ഫോണിന്റെ ഡിസൈനും കളറും വിശദമാക്കുന്ന ടീസർ തിങ്കളാഴ്ച ഔദ്യോഗികമായി കമ്പനി പുറത്തിറക്കി. ഗാലക്‌സി എം-സീരീസിലെ ഏറ്റവും പുതിയ മോഡലായ ഈ ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം ആമസോൺ വഴി വിൽക്കും. ടീസർ പ്രകാരം, സാംസങ്ങ് ഗാലക്സി M17 5G-യിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഫോട്ടോകൾക്കായി 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഇതിലുണ്ടായിരിക്കും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP54 റേറ്റിങ്ങുള്ള ഈ ഫോൺ ഗാലക്‌സി M16 5G-യുടെ പിൻഗാമിയായാണ് പുറത്തു വരുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ഡിസൈനിലും പ്രകടനത്തിലും മെച്ചപ്പെടുത്തലുകൾ ഈ ഫോണിലുണ്ടാകും. സാംസങ്ങ് ഗാലക്സി M17 5G-യുടെ വിലയെയും ലഭ്യതയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
സാംസങ്ങ് ഗാലക്‌സി M17 5G ഒക്ടോബർ 11-ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ടീസറിലൂടെ പ്രഖ്യാപിച്ചു. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ആമസോണിൽ ലഭ്യമാകും. ലോഞ്ച് തീയതി സ്ഥിരീകരിച്ചും ഗാലക്‌സി M17 5G-യുടെ സവിശേഷതകൾ പട്ടികപ്പെടുത്തിയും പ്രത്യേക വെബ്‌പേജുകൾ ആമസോണും സാംസങ്ങും പങ്കിടുകയും ചെയ്തിട്ടുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസിൻ്റെ സംരക്ഷണമുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് സാംസങ്ങ് ഗാലക്‌സി M17 5G വരുന്നത്. പൊടി, വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP54 റേറ്റിംഗും ഇതിനുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാകും ഈ ഫോണിലുണ്ടാവുക. OIS ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഇതിലുൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. AI അടിസ്ഥാനമാക്കിയുള്ള ഫോട്ടോ ഫീച്ചറുകളെയും ഫോൺ പിന്തുണയ്ക്കും.
സ്ലിം ഡിസൈനിലുള്ള ഗാലക്‌സി M17 5G-ക്ക് 7.5mm കനം മാത്രമാണുണ്ടാവുക. സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിൾ, ജെമിനി ലൈവ് പോലുള്ള AI ടൂളുകളും ഇതിൽ ഉൾപ്പെടും.
വരാനിരിക്കുന്ന ഗാലക്‌സി M17 5G, ഗാലക്‌സി M16 5G-യെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ സവിശേഷതകളുമായി വരുമെന്നു പ്രതീക്ഷിക്കുന്നു. ഈ വർഷം മാർച്ചിലാണ് ഗാലക്‌സി M16 5G പുറത്തിറങ്ങിയത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 11,499 രൂപയാണു വില.
ഗാലക്‌സി M16 5G 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന് പിന്നിലും മൂന്ന് ക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഇതിലുൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്.
പരസ്യം
പരസ്യം