Photo Credit: Samsung
ഗൂഗിൾ പ്ലേ കൺസോളിൽ സാംസങ് ഗാലക്‌സി എഫ്36 5ജി, ഗാലക്‌സി എം36 5ജിക്കൊപ്പം കണ്ടെത്തി (ചിത്രം)
തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണെന്ന് സാംസങ്ങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനു മുൻപു പുറത്തിറങ്ങിയ സാംസങ്ങ് F സീരീസ് ഫോണുകളെ പോലെ ഇതു ഫ്ലിപ്കാർട്ടിൽ മാത്രമാണു ലഭ്യമാവുകയെന്നും സൗത്ത് കൊറിയൻ ടെക് കമ്പനി അറിയിച്ചു. സാംസങ്ങ് ഗാലക്സി F36 5G-യെ ഫ്ലക്സ് ഹൈ-എഫ്എഐ സ്മാർട്ട്ഫോൺ എന്നാണ് ഇതുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ ടീസറിൽ വിശേഷിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകളോടെ ഈ ഫോൺ എത്താൻ സാധ്യതയുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. സാംസങ്ങ് ഷെയർ ചെയ്ത ടീസർ ചിത്രത്തിൽ നിന്നും ഫോണിന് മെലിഞ്ഞതും മിനുസമാർന്നതുമായ ഡിസൈൻ ഉണ്ടെന്നു കാണാൻ കഴിയും. സിം കാർഡ് ട്രേ ഫോണിൻ്റെ ഇടതുവശത്തു സ്ഥാപിച്ചിരിക്കുന്നതും ടീസറിൽ വ്യക്തമാണ്. ഫോണിൻ്റെ സവിശേഷതകർ, ലോഞ്ച് തീയ്യതി എന്നിവയെക്കുറിച്ച് ഒരു വിവരവും സാംസങ്ങ് പങ്കുവെച്ചിട്ടില്ലെങ്കിലും ഉടനെ തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം.
ഫ്ലിപ്കാർട്ടിലെ ഒരു ബാനർ പരസ്യത്തിലൂടെ സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക് ഉടനെത്തുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സാംസങ്ങിന്റെ വരാനിരിക്കുന്ന എഫ്-സീരീസ് സ്മാർട്ട്‌ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാൻ കഴിയും എന്നു കൂടിയാണ് ഇതിനർത്ഥം. ഫ്ലിപ്കാർട്ടിൽ മാത്രമായി വിറ്റിരുന്ന മുൻ എഫ്-സീരീസ് ഫോണുകളുടെ അതേ രീതിയാകും ഗാലക്‌സി F36 5G-യും പിന്തുടരുക.
എന്നാൽ, ഫോണിന്റെ വിലയെക്കുറിച്ചോ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ചോ സാംസങ്ങ് ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. അതിനാൽ, ആ വിശദാംശങ്ങൾ അറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. എന്നാൽ 20,000 രൂപക്കുള്ളിൽ ആയിരിക്കും ഇതിനു വില വരികയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഫ്ലിപ്കാർട്ടിലൂടെ പുറത്തു വന്ന ടീസറിൽ, ഫോണിന്റെ പിന്നിൽ ഒരു ഓവൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ കാണിക്കുന്നുണ്ട്. ഈ മൊഡ്യൂളിൽ മൂന്ന് ക്യാമറ സെൻസറുകൾ ഉള്ളതായാണ് തോന്നുന്നത്. ക്യാമറ പെർഫോമൻസോ, മൊത്തത്തിലുള്ള സിസ്റ്റം എക്സ്പീരിയൻസോ മെച്ചപ്പെടുത്താൻ കഴിയുന്ന AI അടിസ്ഥാനമാക്കിയുള്ള (കൃത്രിമ ബുദ്ധി) ഫീച്ചറുകളെ സൂചിപ്പിക്കുന്ന "Hi-FAI" എന്ന പദവും സാംസങ്ങ് ടീസറിൽ ഉപയോഗിച്ചിട്ടുണ്ട്.
ഗാലക്‌സി F36 5G-യുടെ ഡിസൈൻ മിനുസമാർന്നതും വൃത്താകൃതിയിലുള്ളതുമായ കോണുകളുള്ള ഒരു ബോക്‌സി ഫ്രെയിം രൂപത്തിലാണ്, ഇത് ഫോണിന് സ്റ്റൈലിഷായ ഒരു രൂപം നൽകുന്നു.
സാംസങ്ങ് ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്മാർട്ട്‌ഫോൺ ഇൻഡസ്ട്രിയിലെ വിദഗ്ധർ വിശ്വസിക്കുന്നത് ഫോൺ ഈ മാസം തന്നെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. കൂടുതൽ വിശദാംശങ്ങളുമായി ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്രൊഡക്റ്റ് ലിസ്റ്റിംഗ് ഉടൻ അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൂഗിൾ പ്ലേ കൺസോളിലും ഗാലക്‌സി F36 പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ലിസ്റ്റിംഗിൽ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയുണ്ടായി. അതനുസരിച്ച്, ഫോണിന് ഫുൾ HD+ ഡിസ്‌പ്ലേ ഉണ്ടായിരിക്കും, കൂടാതെ എക്‌സിനോസ് 1380 ചിപ്‌സെറ്റ് ഇതിനു കരുത്തു നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന എക്‌സിനോസ് 1280-നെ അപേക്ഷിച്ച് ഇത് ഒരു അപ്‌ഗ്രേഡാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പായ വൺ യുഐ 7-നുമായി ഗാലക്‌സി F36 വരാൻ സാധ്യതയുണ്ട്. 6GB റാം മുതലുള്ള ഓപ്ഷനുകളിൽ ഇതു ലഭ്യമാകും എന്നു പ്രതീക്ഷിക്കുന്നു.
ഗാലക്‌സി F36 അടുത്തിടെ പുറത്തിറങ്ങിയ ഗാലക്‌സി M36-നോട് വളരെ സാമ്യമുള്ളതായിരിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അത് ശരിയാണെങ്കിൽ, ഫുൾ HD+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് സമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ്+ നൽകുന്ന സംരക്ഷണം എന്നിവ F36-ൽ ഉണ്ടായിരിക്കാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, വൈഡ് സീനുകൾ പകർത്താൻ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഫോണിൽ ഉൾപ്പെട്ടേക്കാം. ഇതിന് 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഗാലക്‌സി F36-ന് 5,000mAh ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നതാകും.
പരസ്യം
പരസ്യം