സ്മാർട്ട് ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ സാംസങ്ങിൻ്റെ ഗ്യാലക്സി A സീരീസിൻ്റെ ഭാഗമായ ഗ്യാലക്സി A06 ഹാൻഡ്സെറ്റിൻ്റെ ലോഞ്ച് ഇന്ത്യയിൽ ഉടനെയുണ്ടാകാൻ സാധ്യത. സൗത്ത് കൊറിയൻ കമ്പനിയായ സാംസങ്ങിൻ്റെ പുതിയ മോഡൽ ഹാൻഡ്സെറ്റായ സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ നിരവധി പ്രത്യേകതകളും ലോഞ്ചിങ്ങിനു മുന്നോടിയായി ലീക്കായി പുറത്തു വന്നിട്ടുണ്ട്.
ഈ വർഷം സാംസങ്ങ് A സീരീസിൽ ഉൾപ്പെട്ട നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ആ സീരീസിൻ്റെ ഭാഗമായി തന്നെയാണ് എൻട്രി ലെവൽ സ്മാർട്ട് ഫോണായ സാംസങ്ങ് ഗ്യാലക്സി A06 വരുന്നത്. കഴിഞ്ഞ ദിവസം ലീക്ക് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇതു വ്യക്തമാക്കുന്നു. ഇതിനു പുറമെ കമ്പനിയുടെ വെബ്സൈറ്റിൽ ഈ സ്മാർട്ട്ഫോണിനു വേണ്ടി ഒരു സപ്പോർട്ട് പേജും കാണാൻ കഴിയുന്നുണ്ടെന്നത് ഇന്ത്യയിൽ സാംസങ്ങ് ഗ്യാലക്സി A06 ഉടനെ ലോഞ്ച് ചെയ്യപ്പെടുമെന്നതിൻ്റെ സൂചന തന്നെയാണ്.
സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ ഡിസൈൻ വിവരങ്ങൾ:
ഗിസ്നെക്സ്റ്റുമായി ചേർന്നു പ്രവർത്തിക്കുന്ന ടിപ്സ്റ്ററായ സ്റ്റീവ് ഹെമ്മർസ്റ്റോഫറാണ് (@OnLeaks) പുറത്തു വരാനിരിക്കുന്ന സാംസങ്ങ് ഗ്യാലക്സി A06 സ്മാർട്ട്ഫോണിൻ്റെ ഡിസൈൻ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഫ്ലാറ്റായ ഡിസ്പ്ലേയാണു ഫോണിനുണ്ടാവുകയെന്നു ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. മുകളിൽ മധ്യഭാഗത്തായി വാട്ടർഡ്രോപ് ആകൃതിയിൽ കട്ട് ചെയ്തു സെൽഫി ക്യാമറക്കുള്ള ഇടം നൽകിയിരിക്കുന്നു. പരന്ന വശങ്ങൾക്കൊപ്പം സുതാര്യമായ വലിയ കവറിംഗും ഡിസ്പ്ലേക്കു ചുറ്റുമുണ്ടെന്നത് ആകർഷണമാണ്.
തിളക്കമുള്ള, മനോഹരമായ റിയർ പാനലാണ് സാംസങ്ങ് ഗ്യാലക്സി A06 സ്മാർട്ട് ഫോണിനു നൽകിയിരിക്കുന്നത്. മുകളിലും താഴെയുമായി ഡിസൈൻ ചെയ്തിരിക്കുന്ന ഡ്യുവൽ കാമറയുടെ ഇടയിലായി LED ഫ്ലാഷ്ലൈറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ വലതുവശത്തെ എഡ്ജിലാണ് പവർ ബട്ടണും വോള്യം ക്രമീകരിക്കാനുള്ള ബട്ടണും വരുന്നത്. ഇവക്കൊപ്പം ഫിംഗർപ്രിൻ്റ് സ്കാനറും സജ്ജീകരിച്ചിട്ടുണ്ട്. സാംസങ്ങ് ഗ്യാലക്സി A35, ഗ്യാലക്സി A55 എന്നിവയിലെന്നതു പോലെ കീ ഐലൻഡിൻ്റെ മുകളിൽ തന്നെയാണ് ഈ ബട്ടണുകളുള്ളത്.
ലീക്ക് ചെയ്യപ്പെട്ട സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത് റിയർ പാനലിൻ്റെ താഴെയുള്ള സാംസങ്ങിൻ്റെ ലോഗോ അല്ലാതെ മറ്റൊരിടത്തും അവർ ബ്രാൻഡിംഗ് ഉൾപ്പെടുത്തിയിട്ടില്ല എന്നാണ്. മോഡലിൻ്റെ താഴെയുള്ള വശത്ത് 3.5mm ഹെഡ്ഫോൺ ജാക്ക്, ടൈപ്പ് സി യുഎസ്ബി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവയും കാണാൻ കഴിയുന്നുണ്ട്.സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ സവിശേഷതകൾ:
സാംസങ്ങ് ഗ്യാലക്സി A05 ൻ്റെ പിൻഗാമിയായി വരുന്ന സാംസങ്ങ് ഗ്യാലക്സി A06 ന് 6.7 ഇഞ്ച് വലിപ്പമുള്ള LCD സ്ക്രീനാണുള്ളതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മീഡിയാടെക് ഹീലിയോ G85 ചിപ്പ്സെറ്റാണ് ഇതിലുള്ളന്ന് റിപ്പോർട്ടുകൾ പറയുന്നു. 6GB RAM ആണ് ഫോണിലുള്ളത്. ഇൻ ബിൽട്ട് മെമ്മറി അടക്കമുള്ള സ്റ്റോറേജ് സംബന്ധമായ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഡ്യുവൽ ക്യാമറയാണു ഫോണിലുള്ളതെന്നു ചിത്രങ്ങളിൽ നിന്നും മനസിലാക്കാനാകും. എന്നാൽ ക്യാമറ സെൻസർ അടക്കമുള്ള മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആൻഡ്രോയ്ഡ് 14 ൽ പ്രവർത്തിക്കുന്ന സാംസങ്ങ് ഗ്യാലക്സി A06 ൽ 5000 mAh ബാറ്ററിയാണുള്ളത്. 15W സ്മാർട്ട് ചാർജിംഗിനെ ഇതു സപ്പോർട്ട് ചെയ്യുന്നു.
സാംസങ്ങ് ഗ്യാലക്സി A06 ഇന്ത്യയിൽ എന്നാണു ലോഞ്ച് ചെയ്യുകയെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ SM-A065F മോഡൽ നമ്പറിൽ ഈ ഹാൻഡ്സെറ്റിനു വേണ്ടി ഒരു സപ്പോർട്ടിങ്ങ് പേജ് സാംസങ്ങ് വെബ്സൈറ്റിലുണ്ടെന്ന് മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ടു ചെയ്യുന്നു. പ്രസ്തുത പേജിൽ സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ ഡിസൈൻ, സവിശേഷതകൾ എന്നിവയെ സംബന്ധിച്ച് വിവരങ്ങളൊന്നും ഇല്ലെങ്കിലും സ്മാർട്ട്ഫോൺ ഉടനെ ഇന്ത്യയിലെത്തുമെന്ന് അതിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും.