Photo Credit: Samsung
സാംസങ് ഗാലക്‌സി എസ്25 എഡ്ജിന് 5.8 എംഎം കനം ഉണ്ട്.
സാംസങ് ഗാലക്‌സി S25 എഡ്ജ് ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയതിനു പിന്നാലെ ഇന്ത്യയിൽ ഈ ഫോണിൻ്റെ വില സംബന്ധിച്ച വിശദാംശങ്ങളും കമ്പനി പ്രഖ്യാപിച്ചു. സാംസങ് ഗാലക്സി ഫോണുകൾക്കായുള്ള സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ് ആണ് ഇതിന് കരുത്ത് പകരുന്നത്. നിലവാരമുള്ള ഫോട്ടോകൾക്കായി ഈ ഫോണിൽ 200 മെഗാപിക്‌സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഫോണിന്റെ ഒരു പ്രധാന ആകർഷണം കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉപയോഗിച്ചുള്ള ഡിസ്പ്ലേ സംരക്ഷണമാണ്. ഇത് സ്‌ക്രീൻ കൂടുതൽ ഈടുനിൽക്കാനും പോറലുകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ സവിശേഷത അതിന്റെ ഡിസൈനാണ്. വെറും 5.8 മില്ലിമീറ്റർ കനമുള്ള ഈ ഹാൻഡ്സെറ്റ് ഗാലക്‌സി എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ്. 12 ജിബി റാമിനെ പിന്തുണയ്ക്കുന്ന ഈ ഫോൺ 256 ജിബി, 512 ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ, ഗാലക്‌സി S25 എഡ്ജ് ഇപ്പോൾ പ്രീ-ഓർഡറിന് ലഭ്യമാണ്.
സാംസങ് തങ്ങളുടെ പുതിയ ഗാലക്‌സി S25 എഡ്ജ് സ്മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,21,999 രൂപയുമാണ് വില.
സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി ഉപഭോക്താക്കൾക്ക് ഗാലക്‌സി S25 എഡ്ജ് മുൻകൂട്ടി ഓർഡർ ചെയ്യാം. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് എന്നീ രണ്ട് എലഗന്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.
സ്പെഷ്യൽ പ്രീ-ഓർഡർ ഓഫറിന്റെ ഭാഗമായി, 256 ജിബി മോഡലിന്റെ അതേ വിലയ്ക്ക് 512 ജിബി വേരിയന്റ് വാങ്ങാനുള്ള അവസരം സാംസങ് ഉപഭോക്താക്കൾക്ക് നൽകുന്നു. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഇത് വളരെ മികച്ച ഓപ്ഷനാണ്.
6.7 ഇഞ്ച് ക്വാഡ് HD+ AMOLED ഡിസ്‌പ്ലേയുള്ള ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്ജ്. സ്‌ക്രീൻ 1,440 x 3,120 പിക്‌സൽ റെസല്യൂഷനെയും 120Hz റിഫ്രഷ് റേറ്റിനെയും സപ്പോർട്ട് ചെയ്യുന്നു. ഡിസ്‌പ്ലേയെ സ്‌ക്രാച്ചുകളിൽ നിന്നും കേടുപാടുകളിൽ നിന്നും കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 സംരക്ഷിക്കുന്നു.
അകത്ത്, ഗാലക്‌സിയ്‌ക്കായുള്ള ഒരു പ്രത്യേക സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. സാംസങ്ങിനായി പ്രത്യേകം നിർമ്മിച്ച ശക്തമായ ചിപ്പാണിത്. ഇത് 12 ജിബി റാമിൽ പ്രവർത്തിക്കുന്നു. കൂടാതെ 512 ജിബി വരെ ബിൽറ്റ്-ഇൻ സ്‌പെയ്‌സുള്ള വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകൾക്കിടയിൽ നിന്നും നിങ്ങൾക്ക് വേണ്ടതു തിരഞ്ഞെടുക്കാം. പുതിയ സവിശേഷതകളും മികച്ച യൂസർ ഇന്റർഫേസും വാഗ്ദാനം ചെയ്യുന്ന ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ സാംസങ്ങിന്റെ വൺ Ul 7-ൽ ഫോൺ പ്രവർത്തിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഗാലക്‌സി S25 എഡ്ജിന് പിന്നിൽ 200 മെഗാപിക്സൽ പ്രധാന ക്യാമറയുണ്ട്. ഈ ക്യാമറ 2x ഒപ്റ്റിക്കൽ ഇൻ-സെൻസർ സൂമിനെ പിന്തുണയ്ക്കുന്നു. കൂടാതെ ഫോട്ടോകളിലും വീഡിയോകളിലും മങ്ങൽ കുറയ്ക്കുന്നതിനുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇതിൽ ഉൾപ്പെടുന്നു. വിശാലമായ ദൃശ്യങ്ങൾ പകർത്താൻ 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്. മുൻവശത്ത്, സ്‌ക്രീനിന്റെ മുകൾ ഭാഗത്തുള്ള ഒരു ചെറിയ പഞ്ച് ഹോൾ കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്ന 12 മെഗാപിക്സൽ ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിലുള്ളത്.
ഫോണിൽ 3,900mAh ബാറ്ററി ഉൾപ്പെടുന്നു, ഇത് 25W വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റിക്കായി, 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, GPS എന്നിവയെ സാംസങ്ങ് ഗാലക്സി S25 പിന്തുണയ്ക്കുന്നു, കൂടാതെ ഒരു USB ടൈപ്പ്-C പോർട്ടും ഉണ്ട്.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫോൺ IP68 സർട്ടിഫൈഡ് ആണ്. ഇതിന്റെ വലിപ്പം 158.2 x 75.6 x 5.8 മില്ലിമീറ്റർ ആണ്. ഭാരം 163 ഗ്രാം മാത്രമായതിനാൽ വാങ്ങുന്നവർക്ക് ഇതു കൊണ്ടു നടക്കാൻ വളരെ എളുപ്പമാണ്.
പരസ്യം
പരസ്യം