Photo Credit: xiaomi
റെഡ്മി ടർബോ 4 സ്മാർട്ട്ഫോൺ 2025-ൻ്റെ തുടക്കത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിയിരിക്കും ഇതെന്ന പ്രത്യേകതയുണ്ട്. ഉയർന്ന പെർഫോമൻസും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 8400 പ്രോസസർ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിനൊപ്പം വരാനിരിക്കുന്ന ഡിവൈസുകളിലൊന്നിൽ ഡൈമെൻസിറ്റി 8400 പ്രോസസർ ഉപയോഗിക്കുമെന്ന് മറ്റൊരു പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയും സ്ഥിരീകരിച്ചു. ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഈ ഫോൺ റിയൽമി നിയോ 7 എസ്ഇ ആയിരിക്കാം. ഈ മാസത്തിൻ്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത റിയൽമി നിയോ 7 സീരീസിൻ്റെ ഭാഗമായിരിക്കാം ഈ ഫോൺ. റെഡ്മി ടർബോ 4, റിയൽമി നിയോ 7 എസ്ഇ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ പുറത്തുവരാൻ സാധ്യതയുണ്ട്.
റെഡ്മി അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ റെഡ്മി ടർബോ 4, 2025-ൻ്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സാമൂഹ്യമാധ്യമമായ വീബോയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണായിരിക്കും ഇത്.
2025 ജനുവരിയോടെ റെഡ്മി ടർബോ 4 ചൈനയിൽ പുറത്തിറങ്ങുമെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌മാർട്ട്‌ഫോണിന് പിന്നിൽ രണ്ട് ക്യാമറകളും വളരെ മെലിഞ്ഞ, തുല്യ വലുപ്പത്തിലുള്ള ബെസലുകളുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്ന് ലീക്കായ ഡിസൈൻ ചിത്രങ്ങൾ കാണിക്കുന്നു.
അടുത്തിടെ പ്രഖ്യാപിച്ച മീഡിയാടെക് ഡൈമൻസിറ്റി 8400 പ്രോസസറുമായി വരുന്ന ഒരു പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് റിയൽമിയും സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഫോണിൻ്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള ടിപ്സ്റ്റർ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ഈ ഡിവൈസ് റിയൽമി നിയോ 7 എസ്ഇ ആയിരിക്കാൻ സാധ്യതയുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 8400 ചിപ്പ്സെറ്റ് ഡൈമൻസിറ്റി 8300 ചിപ്പിനേക്കാൾ ശക്തമാണ്. എട്ട് Arm Cortex-A725 കോറുകൾ ഇതിൽ ഉൾപ്പെടുന്നു, അതിലൊരു പ്രൈമറി കോർ 4.32GHz ആണ്. ചിപ്പ് Arm Mali-G720 GPU-മായി ജോടിയാക്കുകയും UFS 4.0 സ്റ്റോറേജിനൊപ്പം LPDDR5x റാമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിൽ മീഡിയടെക് എൻപിയു 880 ഉൾപ്പെടുന്നുണ്ട്. ഇത് Al കണ്ടൻ്റ് സൃഷ്ടിക്കുന്നത് പോലെയുള്ള എഐയുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യാൻ പ്രോസസറിനെ സഹായിക്കുന്നു.
ഈ പുതിയ മീഡിയടെക് പ്രൊസസർ മീഡിയടെക് ഇമാജിക് 1080 ഐഎസ്പിയുമായി വരുന്നു, ഇത് ലൈറ്റ് ക്യാപ്‌ചർ മെച്ചപ്പെടുത്തുകയും മികച്ച ഫോട്ടോകൾ ലഭിക്കാൻ വേഗത്തിൽ ഫോക്കസ് ചെയ്യുകയും ചെയ്യുന്നു. ഈ ചിപ്പ് ഉപയോഗിക്കുന്ന ഫോണുകൾക്ക് 320 മെഗാപിക്സൽ വരെ റെസല്യൂഷനുള്ള ക്യാമറകളെ പിന്തുണയ്ക്കാൻ കഴിയും. കൂടാതെ, WQHD റെസല്യൂഷനോടു കൂടിയ ഡിസ്പ്ലേകളെയും 144Hz വരെ റീഫ്രഷ് റേറ്റിനെയും ഇതു പിന്തുണക്കുന്നു.
പരസ്യം
പരസ്യം