Photo Credit: Xiaomi
റെഡ്മി നോട്ട് 14 5G, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നീ ഫോണുകൾ ഉൾപ്പെടുന്ന റെഡ്മി നോട്ട് 14 സീരീസ് ഡിസംബർ 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ സ്മാർട്ട്ഫോണുകൾ സെപ്റ്റംബറിൽ തന്നെ ചൈനയിൽ ആദ്യമായി അവതരിപ്പിച്ചിരുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിങ്ങുമായാണ് ഈ സ്മാർട്ട്ഫോണുകൾ വരുന്നത്. ഇന്ത്യൻ പതിപ്പുകൾക്കും ചൈനീസ് മോഡലുകൾക്ക് സമാനമായ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ലോഞ്ചിന് മുന്നോടിയായി റെഡ്മി നോട്ട് 14 5G ആമസോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിൻ്റെ ചില പ്രധാന സവിശേഷതകളും കളർ ഓപ്ഷനുകളും ഒപ്പം വെളിപ്പെടുത്തിയിരിക്കുന്നു. റെഡ്മി നോട്ട് 14 ലൈനപ്പ് മിതമായ നിരക്കിൽ മെച്ചപ്പെട്ട സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഫോൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മി നോട്ട് 14 5G ഫോണിനു വേണ്ടിയുള്ള ആമസോൺ ഇന്ത്യ പേജിൽ നിന്നും വ്യക്തമാകുന്നത് ഫോൺ ഉടൻ തന്നെ ആമസോണിലൂടെ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ്. ചൈനയിൽ പുറത്തിറക്കിയ പതിപ്പിന് സമാനമായ മോഡൽ തന്നെയാകും ഇന്ത്യയിലും എത്തുകയെന്ന് പേജ് കാണിക്കുന്നു. ഫോൺ കുറഞ്ഞത് രണ്ട് നിറങ്ങളിലെങ്കിലും വരുമെന്നും സ്ഥിരീകരിക്കുന്നുണ്ട്. മാർബിൾ പാറ്റേണിലുള്ള വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ലഭ്യമാവുക. ചൈനയിൽ, ഫോൺ ഇവക്കു പുറമെ നീല നിറത്തിലും ലഭ്യമാണ്.
റെഡ്മി നോട്ട് 14 5G ഫോണിൻ്റെ ആമസോൺ ലിസ്റ്റിംഗും ഷവോമി ഇന്ത്യ മൈക്രോസൈറ്റും വെളിപ്പെടുത്തുന്നത് ഫോണിൻ്റെ ഇന്ത്യൻ പതിപ്പിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 മെഗാപിക്സൽ സോണി LYT-600 പ്രൈമറി റിയർ ക്യാമറ സെൻസർ ഉണ്ടാകുമെന്നാണ്. ചൈനീസ് മോഡലിൽ 2 മെഗാപിക്സൽ സെക്കൻഡറി ഡെപ്ത് സെൻസറും സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരുന്നു. ഇന്ത്യൻ വേരിയൻ്റിലും സമാനമായ ക്യാമറ സവിശേഷതകൾ നൽകാനാണ് സാധ്യത.
ഇന്ത്യയിൽ, റെഡ്മി നോട്ട് 14 5G മികച്ച ഡിസ്പ്ലേയും സ്വകാര്യത സവിശേഷതകളുമായാണ് എത്തുന്നത്. AiMi എന്ന AI അസിസ്റ്റൻ്റും ഇതിലുണ്ടാകും. ചൈനീസ് മോഡലിൽ 6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. അത് 120Hz റീഫ്രഷ് റേറ്റ്, 2,100 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ നൽകുന്നു.
മീഡിയാടെക് ഡൈമൻസിറ്റി 7025 അൾട്രാ ചിപ്പാണ് ഇന്ത്യൻ മോഡലിലും പ്രതീക്ഷിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,110mAh ബാറ്ററിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഫോൺ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ HyperOS 2.0-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റെഡ്മി നോട്ട് 14 5G-യുടെ പ്രാരംഭ വിലയെ കുറിച്ച് നേരത്തെ ലീക്കായ വിവരങ്ങൾ സൂചന നൽകിയിരുന്നു. 6GB റാം + 128GB സ്റ്റോറേജ് മോഡലിന് 21,999 രൂപയും 8GB റാം + 128GB സ്റ്റോറേജ് പതിപ്പിൻ്റെ വില 22,999 രൂപയും 8GB റാം + 256GB സ്റ്റോറേജ് ഓപ്‌ഷന് 24,999 രൂപയും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം