Photo Credit: Xiaomi India
റെഡ്മി നോട്ട് 14 5G സീരീസ് അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. വ്യാഴാഴ്ച കമ്പനിയുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 13 സീരീസിൻ്റെ പിൻഗാമിയായി വരുന്ന ഫോണുകൾ മികച്ച ഫീച്ചറുകൾ ഉറപ്പു നൽകുന്നു. സ്റ്റാൻഡേർഡ് നോട്ട് 14 5G, നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെഡ്മി നോട്ട് 14 സീരീസിൽ ഉണ്ടാവുക. 5G കണക്റ്റിവിറ്റി, മെച്ചപ്പെടുത്തിയ ക്യാമറ സവിശേഷതകൾ, മെച്ചപ്പെട്ട പ്രകടനം തുടങ്ങിയവയുമായി വരുന്ന ഫോണുകൾ സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ചൈനയിൽ അവതരിപ്പിച്ചതിനു സമാനമായ മോഡലുകളാവും ആഗോളവിപണിയിലും എത്തുക. ഇന്ത്യൻ വേരിയൻ്റുകളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ആഴ്ചകളിൽ സവിശേഷതകൾ, വില, ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷവോമി പങ്കിടാൻ സാധ്യതയുണ്ട്.
റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഷവോമി ഇന്ത്യ അടുത്തിടെയാണ് സൂചന നൽകിയത്. ഈ അറിയിപ്പ് ആദ്യം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ (മുമ്പ് ട്വിറ്റർ) വന്നതിനു ശേഷം കമ്പനിയുടെ ഇൻസ്റ്റാഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ സ്മാർട്ട്ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിൽ അവതരിപ്പിക്കും.
വരാനിരിക്കുന്ന സീരീസിലെ ഫോണുകളെ കുറിച്ച് ഷവോമി ഇന്ത്യ പ്രത്യേക വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും(എഐ) നൂതന ക്യാമറ സാങ്കേതികവിദ്യയും അടക്കമുള്ള ഫീച്ചറുകളിലാവും ഈ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അവർ സൂചന നൽകി.
റെഡ്മി നോട്ട് 14 5G സീരീസിൻ്റെ ഇന്ത്യൻ പതിപ്പുകൾക്ക് ചൈനീസ് മോഡലുകൾക്ക് സമാനമായ സവിശേഷതകൾ ഉണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. റെഡ്മി നോട്ട് 14 5G, നോട്ട് 14 പ്രോ 5G, നോട്ട് 14 പ്രോ പ്ലസ് 5G എന്നിങ്ങനെ മൂന്ന് മോഡലുകൾ ലൈനപ്പിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
റെഡ്മി നോട്ട് 14 സീരീസിലെ എല്ലാ മോഡൽ ഫോണുകളും 120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയിൽ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രോ, പ്രോ+ പതിപ്പുകൾക്ക് ശക്തമായ പ്രോസസറുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു, പ്രോ മോഡലിൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റും പ്രോ+ മോഡലിൽ മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റുമാണ് ഉണ്ടാവുക. അതേസമയം, സ്റ്റാൻഡേർഡ് പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രോസസർ ആയിരിക്കും.
ക്യാമറകളുടെ കാര്യം വരുമ്പോൾ, റെഡ്മി 14 പ്രോ, പ്രോ+ മോഡലുകൾക്ക് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് മോഡലുകളിലും 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോ+ മോഡലിൽ 50-മെഗാപിക്സൽ പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറയും പ്രോ മോഡലിൽ 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാകും ഇതു കൂടാതെയുണ്ടാവുക.
ബാറ്ററി ലൈഫിൻ്റെ കാര്യത്തിൽ നോട്ട് 14 പ്രോ+ മോഡലിൽ വലിയ 6,200mAh ബാറ്ററിയുണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗിനെ ഇതു പിന്തുണക്കുകയും ചെയ്യും. മറുവശത്ത്, നോട്ട് 14 പ്രോയ്ക്ക് കുറച്ചു കൂടി കുറഞ്ഞ 5,500mAh ബാറ്ററിയാകും ഉണ്ടാവുക. ഇത് 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതാകും.
പരസ്യം
പരസ്യം