Photo Credit: Redmi
വിപണിയിൽ വരാനിരിക്കുന്ന റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി A4 5G 2024 ഒക്ടോബർ 16 നു നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ (IMC) സമയത്താണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ ബഡ്ജറ്റ് സ്മാർട്ട്‌ഫോണാണിത്. ഫോണിൻ്റെ ഡിസൈനിനെയും ചിപ്‌സെറ്റിനെയും കുറിച്ചുള്ള ചില വിവരങ്ങൾ ലോഞ്ചിങ്ങ് സമയത്തു തന്നെ കമ്പനി പങ്കുവെച്ചെങ്കിലും മറ്റ് പല വിശദാംശങ്ങളും അവർ നൽകിയിരുന്നില്ല. എന്നിരുന്നാലും, ഫോണിൻ്റെ വില ഇന്ത്യയിൽ 10000 രൂപയിൽ താഴെയായിരിക്കുമെന്ന് അവർ സൂചിപ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട് ഈ ഫോണിൻ്റെ വിലയെക്കുറിച്ച് സൂചന നൽകുകയും അതിൻ്റെ പ്രധാന സവിശേഷതകളെ വെളിപ്പെടുത്തുകയും ചെയ്യുന്നതാണ്. സ്നാപ്ഡ്രാഗൺ പ്രോസസറുമായി വരുന്ന ഈ ഫോൺ മിതമായ നിരക്കിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൻ്റെ സവിശേഷതകളെയും വിലയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തിയേക്കും.
സ്മാർട്ട്പ്രിക്സ് പുറത്തു വിടുന്ന റിപ്പോർട്ട് അനുസരിച്ച്, റെഡ്മി A4 5G സ്മാർട്ട്ഫോണിനു പ്രതീക്ഷിക്കുന്ന വില 8499 രൂപയാണ്. 4GB RAM + 128GB ഓൺ ബോർഡ് സ്റ്റോറേജുള്ള വേരിയൻ്റിനാണ് ഈ വില. ഈ വിലയിൽ ബാങ്ക് ഓഫറുകളും ലോഞ്ച് ഡിസ്കൗണ്ടുകളും മറ്റ് ഡീലുകളും ഉൾപ്പെടുന്നുണ്ട്. അതിനർത്ഥം യഥാർത്ഥത്തിൽ ലിസ്റ്റ് ചെയ്യാൻ പോകുന്ന വില ഇതിനേക്കാൾ അൽപ്പം കൂടുതലായിരിക്കും എന്നാണ്. ഐഎംസി പരിപാടിയിൽ ഫോൺ അവതരിപ്പിക്കുന്ന സമയത്ത് ഇതിനു 10000 രൂപയിൽ കുറവായിരിക്കും വിലയെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.
4nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ശക്തമായ സ്നാപ്ഡ്രാഗൺ 4s Gen 2 പ്രോസസറുമായാണ് റെഡ്മി 4A 5G സ്മാർട്ട്ഫോൺ വിപണിയിലേക്കു വരുന്നത്. 90Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ IPS LCD സ്‌ക്രീൻ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് റെഡ്മി 4A യിൽ പ്രതീക്ഷിക്കുന്നത്.
ക്യാമറകളുടെ കാര്യം പരിശോധിച്ചാൽ, റെഡ്മി A4 5G ഫോണിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ പുതിയ Hyper OS 1.0 സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുക. സുരക്ഷയ്ക്കായി, ഫോണിൻ്റെ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ടായേക്കാം. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
താരതമ്യം ചെയ്യുകയാണെങ്കിൽ, ഇതിൻ്റെ മുൻഗാമിയായ റെഡ്മി A3 4G ഫോണിൻ്റെ 3GB RAM + 64GB ഇൻ്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ ഇന്ത്യയിൽ ലഭ്യമായിരുന്നത് 7299 രൂപക്കാണ്. മീഡിയടെക് ഹീലിയോ G36 പ്രൊസസർ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി, 90Hz റീഫ്രഷ് റേറ്റുള്ള 6.71 ഇഞ്ച് HD+ സ്‌ക്രീൻ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. റെഡ്മി A3 4G സ്മാർട്ട്ഫോണിൽ 8 മെഗാപിക്സലിൻ്റെ റിയർ ക്യാമറയും 5 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുമാണുള്ളത്.
പരസ്യം
പരസ്യം