റിയൽമി P4 സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം
Photo Credit: Realme
റിയൽമി പി4 സീരീസിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്
ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമായ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി നിരവധി ആരാധകരെ സൃഷ്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണു റിയൽമി. ഇപ്പോൾ ഇന്ത്യയിൽ പുതിയ രണ്ടു ഫോണുകൾ പുറത്തിറക്കാൻ റിയൽമി ഒരുങ്ങുകയാണ്. റിയൽമി P4 സീരീസിന്റെ ഭാഗമായ ഈ ഫോണുകളുടെ ലോഞ്ചിങ്ങ് തീയ്യതി അടുത്തിരിക്കെ ഇവയുടെ ചില സവിശേഷതകൾ ഫ്ലിപ്കാർട്ടിലൂടെ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഫോണിൻ്റെ ഹാർഡ്‌വെയർ സംബന്ധിച്ച വിവരങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു. റിയൽമി P4 സീരീസ് അടുത്തയാഴ്ചയാണ് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിങ്ങിനു ശേഷം, ഫോണുകൾ ഫ്ലിപ്കാർട്ടിലും റിയൽമിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലും വാങ്ങാൻ ലഭ്യമാകും. ഇത്തവണ തങ്ങൾ P4 സീരീസിന്റെ "അൾട്രാ" വേരിയൻ്റ് പുറത്തിറക്കില്ലെന്ന് ഒരു മുതിർന്ന റിയൽമി എക്സിക്യൂട്ടീവ് സൂചന നൽകിയിരുന്നു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പ്രൊഡക്റ്റുകളുടെ ലൈനപ്പ് ലളിതമാക്കാനും പുറത്തിറക്കുന്ന ഫോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള റിയൽമിയുടെ പദ്ധതിയുടെ ഭാഗമാണിത്. P3 സീരിസിൻ്റെ പിൻഗാമിയായി പുറത്തു വരുന്ന P4 സീരീസ് മികച്ച സ്മാർട്ട്ഫോണുകൾ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആശങ്കകളില്ലാതെ സ്വന്തമാക്കാൻ കഴിയുന്നതായിരിക്കും.
ചൊവ്വാഴ്ചയാണ് റിയൽമി തങ്ങളുടെ വരാനിരിക്കുന്ന റിയൽമി P4 സീരീസ് സ്മാർട്ട്‌ഫോണുകളെ സംബന്ധിച്ച ചില പ്രധാന വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റിയൽമി P4 5G, റിയൽമി P4 പ്രോ 5G എന്നീ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.
സാധാരണ റിയൽമി P4 5G ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G പ്രോസസർ ആയിരിക്കും കരുത്തു നൽകുക. ഡിസ്‌പ്ലേ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു സ്പെഷ്യൽ പിക്‌സൽവർക്ക് ചിപ്പും ഇതിലുണ്ടാകും. ഫുൾ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് ഹൈപ്പർഗ്ലോ അമോലെഡ് സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സ്ക്രീൻ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡിസ്‌പ്ലേ 3,840Hz PWM ഡിമ്മിംഗിനെ പിന്തുണയ്ക്കും. ഹാർഡ്‌വെയർ ലെവൽ ബ്ലൂ ലൈറ്റ് റിഡക്ഷൻ, ഫ്ലിക്കർ റിഡക്ഷൻ എന്നിവയും ഈ ഫോണിനുണ്ടാകും.
7,000mAh ടൈറ്റൻ ബാറ്ററിയുള്ള റിയൽമി P4 5G ഫോൺ 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതാണ്. റിയൽമിയുടെ അഭിപ്രായത്തിൽ, ഇതിന് 11 മണിക്കൂർ വരെ തുടർച്ചയായ BGMI ഗെയിംപ്ലേ നൽകാൻ കഴിയും. വെറും 25 മിനിറ്റിനുള്ളിൽ ബാറ്ററി ഏകദേശം 50% ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. റിവേഴ്‌സ് ചാർജിംഗ്, AI സ്മാർട്ട് ചാർജിംഗ്, ബൈപാസ് ചാർജിംഗ് എന്നിവയാണ് മറ്റ് ചാർജിംഗ് ഫീച്ചറുകൾ. താപനില നിയന്ത്രണത്തിലാക്കാൻ, ഈ ഫോണിൽ 7,000 ചതുരശ്ര മില്ലീമീറ്റർ എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റവും ഉണ്ടായിരിക്കും.
സ്പെഷ്യൽ ഹൈപ്പർവിഷൻ AI ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് റിയൽമി P4 പ്രോ 5G-യിൽ പ്രവർത്തിക്കുന്നത്. വലിയ ബാറ്ററിയാണെങ്കിലും സ്ലിം ഡിസൈനിലുള്ള ഈ ഫോണിന് 7.68mm മാത്രമാകും കനം. സ്റ്റാൻഡേർഡ് മോഡലിനെപ്പോലെ, 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയാണ് ഇതിനും. ഇതും ഏകദേശം 25 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യും. ഇത് 10W റിവേഴ്‌സ് ചാർജിംഗിനെയും പിന്തുണയ്ക്കും. 90FPS-ൽ എട്ട് മണിക്കൂറിലധികം BGMI ഗെയിംപ്ലേ ഈ ഫോണിന് നൽകാൻ കഴിയുമെന്ന് റിയൽമി പറയുന്നു. സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ കൂളിംഗ് സിസ്റ്റവും ഇതിലുണ്ടാകും.
144Hz റിഫ്രഷ് റേറ്റുള്ള ഹൈപ്പ്ഗ്ലോ അമോലെഡ് 4D കർവ്+ ഡിസ്‌പ്ലേയാകും പ്രോ മോഡലിന് ഉണ്ടാവുക. 6,500 നിറ്റ്‌സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും HDR10+ സർട്ടിഫിക്കേഷനും പുറമെ ഡിസ്‌പ്ലേ 4,320Hz ഹൈ-ഫ്രീക്വൻസി ഡിമ്മിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും. കണ്ണുകളുടെ ആയാസം കുറയ്ക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ ഫോണിന്റെ നേത്ര സംരക്ഷണ സവിശേഷതകൾ TÜV റൈൻലാൻഡ് സർട്ടിഫൈ ചെയ്തിട്ടുണ്ട്.
റിയൽമിയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് ചീഫായ ഫ്രാൻസിസ് വോങ് അടുത്തിടെ പറഞ്ഞത് പുതിയ റിയൽമി P4 5G, P4 പ്രോ 5G എന്നിവയുടെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്നാണ്. കമ്പനി തങ്ങളുടെ പ്രൊഡക്റ്റ് ലൈനപ്പ് ലളിതമായി നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ ഇത്തവണ P4 അൾട്രാ മോഡൽ പുറത്തിറക്കിയേക്കില്ലെന്നും അദ്ദേഹം പരാമർശിച്ചു.
പരസ്യം
പരസ്യം