ലോഞ്ചിങ്ങിനൊരുങ്ങി റിയൽമി GT 8, റിയൽമി GT 8 പ്രോ ഫോണുകൾ; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമി GT 8, GT 8 പ്രോ ഒക്ടോബർ 21ന് ലോഞ്ച് ചെയ്യും
ക്യാമറ സവിശേഷതകളുടെ കാര്യത്തിൽ വമ്പന്മാരെ വെല്ലുവിളിക്കാനുറപ്പിച്ച് റിയൽമി GT 8 സീരീസ് ഉടനെ ചൈനയിൽ ലോഞ്ച് ചെയ്യും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കമ്പനി ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചത്. ഈ സീരീസിൽ റിയൽമി GT 8, റിയൽമി GT 8 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. രണ്ട് ഫോണുകളും മാറ്റി വെക്കാൻ കഴിയുന്ന റിയർ ക്യാമറ മൊഡ്യൂളുകളുമായാണു വരുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് തങ്ങളുടെ പുതിയ ഫോണുകളിലെ ക്യാമറകൾ സജ്ജീകരിക്കാൻ റിക്കോ കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിവരം റിയൽമി വെളിപ്പെടുത്തിയിരുന്നു. ഫോട്ടോ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് പേരുകേട്ടതാണ് റിക്കോ ജിആർ ഇമേജിംഗ് ടെക്നോളജി. റിയൽമി GT 8 സീരീസ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ റിയൽമി ഫോണുകളായിരിക്കും. ഫോണിൻ്റെ ക്യാമറ സവിശേഷതകളുടെ വിവരങ്ങളും കമ്പനി പങ്കു വെച്ചിട്ടുണ്ട്. ‘സ്ട്രീറ്റ് ഫോട്ടോഗ്രഫി ഹീറോ' എന്നറിയപ്പെടുന്ന റിക്കോ ജിആർ ഇമേജിങ്ങ് ടെക്നോളജിയുമായി റിയൽമി ഫോണുകൾ എത്തുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് സ്മാർട്ട്ഫോൺ പ്രേമികൾ നോക്കിക്കാണുന്നത്.
പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ റിയൽമി GT 8 പ്രോ, റിയൽമി GT 8 എന്നിവ ഒക്ടോബർ 21-ന് പുറത്തിറക്കുമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ റിയൽമി സാമൂഹ്യമാധ്യമമായ വെയ്‌ബോയിലൂടെ പ്രഖ്യാപിച്ചു. റിക്കോ ഇമേജിംഗുമായി ദീർഘകാലത്തേക്കു പങ്കാളിത്തം ആരംഭിച്ച കാര്യം വെളിപ്പെടുത്തിയതിന് ശേഷമാണ് ഈ പ്രഖ്യാപനം. റിക്കോ ഇമേജിംഗുമായുള്ള സഹകരണത്തിലൂടെ റിയൽമി സ്മാർട്ട്‌ഫോണുകളിൽ ക്യാമറ പെർഫോമൻസ് മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ ഫോണുകളുടെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റിയൽമി GT 8 പ്രോയ്ക്ക് അതിന്റെ മുൻഗാമിയുടേതിന് സമാനമായ വിലയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി GT 7 പ്രോയുടെ 12GB റാം + 256GB സ്റ്റോറേജ് മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ 59,999 രൂപയായിരുന്നു വില. 8GB റാം + 256GB സ്റ്റോറേജുള്ള റിയൽമി GT 7-ന് 39,999 രൂപയും ആയിരുന്നു.
വരാനിരിക്കുന്ന റിയൽമി GT 8 പ്രോയിൽ 28mm, 40mm ഫോക്കൽ ലെങ്ത് ഉള്ള ക്യാമറ സെൻസറുകൾ ഉണ്ടായിരിക്കും. ഫോട്ടോകൾ എടുക്കുമ്പോൾ യൂസർ ഇൻ്റർഫേസിലെ തടസങ്ങൾ ഒഴിവാക്കി ക്ലീൻ സ്ക്രീൻ നൽകുന്ന ഒരു ഇമ്മേഴ്‌സീവ് ഫ്രെയിമിംഗ് മോഡും ഇതിൽ ഉൾപ്പെടും.
ജിടി 8 പ്രോയിലെ ക്വിക്ക് ഫോക്കസ് മോഡ് ഉപയോഗിച്ച് മുൻകൂട്ടി ഫോക്കസ് ഡിസ്റ്റൻസ് സജ്ജമാക്കി, കയ്യിൻ്റെയോ മറ്റോ ആംഗ്യങ്ങൾ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാനും കഴിയും. കൂടുതൽ ഫ്രെയിമിംഗ് ഓപ്ഷൻ നൽകി, 28mm മുതൽ 35mm വരെയുള്ള ഫോക്കൽ ലെങ്ങ്ത്ത് 40mm മുതൽ 50mm വരെയാക്കാൻ അനുവദിക്കുന്ന ഹിഡൻ ഫോക്കൽ ലെങ്ത് ഫീച്ചറും ഇതിലുണ്ടാകും.
ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കായുള്ള സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 2K 10-ബിറ്റ് LTPO BOE ഫ്ലാറ്റ് OLED ഡിസ്പ്ലേയുമായി എത്തുന്ന ഫോണിൽ 200 മെഗാപിക്സൽ 1/1.56-ഇഞ്ച് സാംസങ് HP5 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കും. പരസ്പരം മാറ്റാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത ക്യാമറ മൊഡ്യൂളുകളും ഈ ഫോണിലുണ്ട്.
ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, റിയൽമി GT 8 പ്രോയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ 1/1.4 ഇഞ്ച് സോണി എൽവൈടി-808 മെയിൻ ക്യാമറയാണുണ്ടാവുക. ഇതിനൊപ്പം 50 മെഗാപിക്സൽ സാംസങ് JN5 അൾട്രാവൈഡ് ലെൻസുമുണ്ടാകും. 120W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയും ഫോണിലുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം